മുംബൈയുടെ ഉറക്കം കെടുത്തിയ ഇരുമ്പ് ദണ്ഡും ചോര മണക്കുന്ന ഇടനാഴികളും; ‘രമൺ രാഘവ് 2.0’ എന്ന ഡാർക്ക് സിനിമാനുഭവം!
text_fieldsമുംബൈ നഗരത്തിന്റെ ഇരുണ്ട ഇടവഴികളിൽ ഇരുമ്പ് ദണ്ഡുമായി മരണത്തിന്റെ ദൂതനെപ്പോലെ ഒരാൾ നടക്കുന്നുണ്ട്. അയാൾക്ക് കൊല്ലാൻ കാരണങ്ങളില്ല, ഇരകളോട് ദയയില്ല. എന്നാൽ അയാളേക്കാൾ ഭീകരനായ മറ്റൊരാൾ നമുക്കിടയിലുണ്ടെന്ന തിരിച്ചറിവ് നമ്മെ ശ്വാസംമുട്ടിക്കും. 1960കളിൽ മുംബൈ നഗരത്തിന്റെ ഉറക്കം കെടുത്തിയ രമൺ രാഘവ്.
നഗരത്തെ വിറപ്പിച്ച കൊലപാതക പരമ്പരകളിലൂടെയാണ് ഇയാൾ കുപ്രസിദ്ധനാകുന്നത്. ചേരികളിലും നടപ്പാതകളിലും ഉറങ്ങിക്കിടന്നിരുന്ന പാവപ്പെട്ട മനുഷ്യരെ ഒരു കാരണവുമില്ലാതെ ഇയാൾ കൊന്നൊടുക്കി. മുംബൈ മുഴുവനും ഭീതിയിലാഴ്ത്തിയ രമൺ രാഘവിന്‍റെ ചോരക്കറ പുരണ്ട ചരിത്രത്തിന്‍റെ ഒരേട് 2016ൽ അനുരാഗ് കശ്യപ് സിനിമയാക്കിയപ്പോൾ അത് മനസിന്‍റെ ആഴങ്ങളിലേക്ക് കുത്തിക്കയറുന്ന ഒന്നായിരുന്നു.
ബോളിവുഡിലെ ശൈലീമാറ്റത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന 'രമൺ രാഘവ് 2.0' കേവലമൊരു ക്രൈം ത്രില്ലറല്ല മറിച്ച് ഭ്രാന്തമായ മനസ്സിന്റെ സഞ്ചാരമാണ്. എന്നാൽ ഈ സിനിമ ഒരാളുടെ മാത്രം കഥയല്ല. രമൺ (നവാസുദ്ദീൻ സിദ്ദിഖി) എന്ന സീരിയൽ കൊലയാളിയും, രാഘവൻ (വിക്കി കൗശൽ) എന്ന പൊലീസ് ഉദ്യോഗസ്ഥനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഒരാൾ നിയമത്തിന് പുറത്താണെങ്കിൽ മറ്റെയാൾ നിയമത്തിന്റെ തണലിലാണെന്ന് മാത്രം. തീർത്തും ഇരുണ്ട അന്തരീക്ഷത്തിൽ ആദ്യ കൊലപാതകം നടക്കുന്നു. അതുമുതൽ പിന്നീട് നടക്കുന്ന കൊലപാതകങ്ങൾക്കൊന്നും കാരണമില്ല. വെറുതെ അങ്ങോട്ട് കൊല്ലുകയാണെന്ന് പോലും തോന്നിപ്പോകും. എട്ട് അധ്യായങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രത്തിൽ രാഘവന്റെ ഉള്ളിലെ ക്രിമിനലിനെ രമൺ തിരിച്ചറിയുന്ന നിമിഷങ്ങളാണ് ഏറ്റവും ആകാംക്ഷാഭരിതം.
രമണിന് ഓരോ കൊലപാതകങ്ങളും ദൈവിക ദൗത്യമാണ്. സാധാരണ കുറ്റവാളികളെപ്പോലെ വ്യക്തിവൈരാഗ്യമോ പണമോ ഒന്നുമല്ല അയാളെ നയിക്കുന്നത്. ഇരുമ്പ് ദണ്ഡ് വായുവിലുയരുമ്പോൾ അവിടെ നിൽക്കുന്നത് നിസ്സഹായനായ വയോധികനാണോ അതോ ഒരു പിഞ്ചുകുഞ്ഞാണോ എന്നത് അയാളെ അസ്വസ്ഥനാക്കുന്നില്ല. ഭയപ്പെടുത്തുന്ന ഈ നിസ്സംഗതയാണ് സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകനെ ശ്വാസം മുട്ടിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ രമൺ രാഘവ് 41ഓളം കൊലപാതകങ്ങൾ നടത്തിയതായാണ് ചരിത്രം പറയുന്നത്. സിനിമയിലേക്ക് വരുമ്പോൾ എത്ര കൊലപാതകങ്ങൾ നടന്നെന്ന് കൃത്യമായി എണ്ണി തിട്ടപ്പെടുത്തുക പ്രയാസമാണ്. പ്രേക്ഷകർ പോലും ഒരു കൺഫ്യൂഷൻ മൂഡിലായിരിക്കും.
നവാസുദ്ദീൻ സിദ്ദിഖിയുടെ അസാധ്യമായ പ്രകടനം രമണിനെ വെറുമൊരു കൊലയാളി എന്നതിലുപരി ഒരു മനഃശാസ്ത്രപരമായ സമസ്യയാക്കി മാറ്റുന്നു. താൻ ചെയ്യുന്ന ക്രൂരതകൾക്ക് അയാൾക്ക് അയാളുടേതായ ന്യായീകരണങ്ങളുണ്ട്. തന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായാണ് അയാൾ രാഘവനെ കാണുന്നത്. വിക്കി കൗശൽ അവതരിപ്പിച്ച രാഘവൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ നായകനല്ല, മറിച്ച് മറ്റൊരു തരത്തിലുള്ള വില്ലനാണ്. ലഹരിക്കടിമപ്പെട്ട, അനിയന്ത്രിയമായ ദേഷ്യമുള്ള, നിയമത്തെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരാളാണ് രാഘവൻ. സിനിമ പുരോഗമിക്കുമ്പോൾ ആരാണ് വേട്ടക്കാരൻ, ആരാണ് ഇര എന്നതിൽ വ്യക്തത ഇല്ലാതാകും.
സാധാരണ സിനിമകളിൽ ഒരു കൊലയാളി ഉണ്ടെങ്കിൽ അവനെ തടയാൻ ഒരു 'നല്ലവൻ' ഉണ്ടാകും. എന്നാൽ ഇവിടെ രമൺ ഒരു സൈക്കോപാത്ത് ആണെങ്കിൽ, രാഘവൻ ഒരു ഫങ്ഷണൽ സൈക്കോപാത്ത് ആണ്. രമൺ നിയമത്തിനും സമൂഹത്തിനും പുറത്താണ്. അയാൾക്ക് ഒരു വീടോ, ജോലിയോ, കൃത്യമായ സാമൂഹിക ബന്ധങ്ങളോ ഇല്ല. എന്നാൽ രാഘവൻ സമൂഹത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. അയാൾക്ക് പദവിയുണ്ട്, അധികാരമുണ്ട്. ഇവിടെ നന്മക്ക് സ്ഥാനമില്ല, പകരം വില്ലനും അതിലും വലിയ വില്ലനും തമ്മിലുള്ള ആത്മബന്ധം മാത്രമാണുള്ളത്.
രമൺ തുടക്കത്തിൽ തന്നെ താനൊരു കൊലപാതകി ആണെന്ന ലേബലിൽ എത്തുന്നുണ്ട്. എന്നാൽ രാഘവൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പടിപടിയായി ഒരു കൊലയാളിയായി മാറുന്ന ഡാർക്ക് ട്രാൻസ്ഫോർമേഷൻ അതിശയിപ്പിക്കുന്നതാണ്. ചുവപ്പ്, നീല, പച്ച എന്നീ നിയോൺ നിറങ്ങളുടെ അതിപ്രസരം സിനിമയിലുടനീളമുണ്ട്. ഇത് കഥാപാത്രങ്ങളുടെ അസ്ഥിരമായ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു.
നമ്മൾ സിനിമകളിൽ കാണുന്ന ഗ്ലാമറസ് മുംബൈയല്ല ഇവിടെയുള്ളത്. അഴുക്കുചാലുകൾ നിറഞ്ഞ ചേരികൾ, ഇടുങ്ങിയ വഴികൾ, വെളിച്ചം കടക്കാത്ത മുറികൾ... അനുരാഗ് കശ്യപ് മുംബൈയെ ഒരു ശ്വാസം മുട്ടിക്കുന്ന നഗരമായി മാറ്റിയിരിക്കുന്നു. കോടിക്കണക്കിന് ആളുകൾക്കിടയിൽ ഒരാൾ കൊല്ലപ്പെട്ടാൽ ആരും ശ്രദ്ധിക്കില്ല എന്ന ഭീകരമായ സത്യം ഈ പശ്ചാത്തലത്തിലൂടെ സിനിമ വരച്ചുകാട്ടുന്നു. രാം സമ്പത്തിന്റെ പശ്ചാത്തല സംഗീതം സിനിമയിലുടനീളം ഒരുതരം പിരിമുറുക്കം നിലനിർത്തുന്നുണ്ട്. ഓരോ കൊലപാതക സീനിലും ആ സംഗീതം പ്രേക്ഷകന്റെ ഉള്ളിൽ ഭയം നിറക്കും.
രാത്രികാലങ്ങളിലെ മുംബൈയെ വളരെ അപകടം പിടിച്ച ഒരിടമായാണ് സിനിമയിൽ കാണിക്കുന്നത്. ക്ലബ്ബുകൾ, മയക്കുമരുന്ന് മാഫിയ, തെരുവിലെ അക്രമങ്ങൾ എന്നിവയിലൂടെ നഗരം ഒരു കുറ്റവാളിയെപ്പോലെ തന്നെ ക്രൂരമായി പെരുമാറുന്നു. ആളുകൾക്കിടയിൽ ജീവിക്കുമ്പോഴും രമണും രാഘവനും അനുഭവിക്കുന്ന കടുത്ത ഏകാന്തതയും മാനസിക വൈകല്യങ്ങളും നഗരത്തിന്റെ തിരക്കിനിടയിൽ മറഞ്ഞുപോകുന്നു.
മനുഷ്യൻ പടുത്തുയർത്തിയ നിയമവ്യവസ്ഥകൾക്കും സദാചാരബോധത്തിനും അപ്പുറം, നമ്മുടെ ഉള്ളിൽ ഒരു മൃഗമുണ്ടെന്നും, അതിനെ കെട്ടഴിച്ച് വിടാൻ ഒരു ചെറിയ പ്രേരണ മാത്രം മതിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു വെക്കുന്നു. രമണിനെ നാം ഭയക്കുന്നത് അയാൾ ഒരു കൊലയാളി ആയതുകൊണ്ടല്ല, മറിച്ച് നമുക്കിടയിൽ മാന്യനായി ജീവിക്കുന്ന രാഘവൻമാരുടെ ഉള്ളിൽ ഒരു രമൺ ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവ് നമ്മെ വേട്ടയാടുന്നത് കൊണ്ടാണ്. തുടക്കം മുതൽ ഒടുക്കം വരെ ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കും എന്ന് ഉറപ്പാണ്. ചിത്രം സി5ൽ കാണാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

