ത്രില്ലർ സ്വഭാവം നിലനിർത്തിയുള്ള ആക്ഷേപഹാസ്യം -‘പുരുഷ പ്രേതം’ റിവ്യൂ
text_fields‘ആവാസവ്യൂഹം’ എന്ന ഒറ്റ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കൃഷാന്ത് ആർ.കെ. പതിവ് കഥപറച്ചിൽ രീതികളിൽനിന്നു വ്യത്യസ്തമായി രാഷ്ട്രീയവും ഫാന്റസിയും ചേർത്തിണക്കി തയാറാക്കിയ ഈ ചിത്രത്തിന് സംസ്ഥാന പുരസ്‌കാരമുൾപ്പടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഥപറച്ചിലിന്റെ അതേ പുതുമ നിലനിർത്തിയാണ് കൃഷാന്ത് ആർ.കെ ഇപ്പോൾ തന്റെ മൂന്നാമത്തെ സിനിമ ‘പുരുഷ പ്രേതം’ പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നതും.
ക്രൈം കോമഡി ചിത്രമെന്ന ഴോണറിൽ പെടുത്താവുന്ന ചിത്രത്തിൽ അലക്സാണ്ടർ പ്രശാന്താണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, കാണാതെപോയ ശവശരീരത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ പറയുകയാണ് ചിത്രം. എന്നാൽ കഥ പറച്ചിലിന്‍റെ ആഖ്യാനരീതിക്ക് സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. സൂപ്പര്‍ സെബാസ്റ്റ്യന്‍ എന്നറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. എല്ലാ ബലഹീനതകളുമുള്ള സാധാരണക്കാരനായ മനുഷ്യൻ തന്നെയാണ് അയാളും. എന്നാൽ ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകർക്കിടയിൽ പൊള്ളയായ കഥകൾ നിറച്ച് താനൊരു സാഹസിക പൊലീസുകാരനാണെന്ന തെറ്റിദ്ധാരണ വളർത്തിയെടുക്കാൻ അയാൾക്ക് മികവുണ്ട്. അതിനെ പിന്തുണച്ച് അയാൾക്കൊപ്പം കൂട്ടുനിൽക്കുന്നത് വിശ്വസ്തനായ സഹപ്രവർത്തകൻ ദിലീപ് (ജഗദീഷ്) എന്ന പൊലീസുകാരനാണ്.
സ്റ്റേഷനതിർത്തിയിൽ അനാഥശവം കണ്ടെടുക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സെബാസ്റ്റ്യൻ പൊലീസും ദിലീപും തൊഴിലിലെ ഉഴപ്പിനെ തുടർന്ന് നിയമക്കുരുക്കുകളിൽ പെട്ടുപോകുമ്പോൾ, നിയമക്കുരുക്കുകൾ കൊണ്ടവരെ വെള്ളംകുടിപ്പിക്കുകയാണ് അജ്ഞാതപ്രേതത്തെ അന്വേഷിച്ച് സ്റ്റേഷനിലെത്തുന്ന പ്രവാസിയായ സൂസൻ എന്ന സ്ത്രീ. അതോടെ സിനിമ കൂടുതൽ എൻഗേജ്ഡാകുന്നു. ഒരു മൃതശരീരം കിട്ടിക്കഴിഞ്ഞാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ നിയമവശങ്ങൾ കൂടി കൃത്യമായി പ്രേക്ഷകർക്ക് മുൻപിൽ പറഞ്ഞുവെക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിയമങ്ങൾ വ്യക്തമായി പാലിച്ചില്ലെങ്കിൽ അത് മനുഷ്യരുടെ ജീവിതത്തെ എത്രമാത്രം മോശമായി ബാധിക്കും എന്നും സിനിമ കാണിക്കുന്നുണ്ട്.
സിനിമയിൽ പറയുന്ന കാര്യങ്ങൾ വളരെ ഗൗരവമുള്ളതായിരിക്കുമ്പോൾ തന്നെ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമം വിജയിച്ചിരിക്കുന്നു. ആക്ഷേപ ഹാസ്യത്തിലൂടെ തന്നെ സിനിമ മുൻപോട്ടു പോകുമ്പോഴും ത്രില്ലർ സ്വഭാവം നിലനിർത്താനും സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.
ലീനിയർ രീതിയിലാണ് ‘പുരുഷ പ്രേതം’ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആഖ്യാനത്തിൽ കൊണ്ടുവന്ന ചില സമീപനങ്ങൾ ചിത്രത്തിന് നവ ഭാവുകത്വം സമ്മാനിക്കുന്നു. അലക്സാണ്ടർ പ്രശാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സെബാസ്റ്റ്യൻ എന്നത് നിസംശയം പറയാനാകും. അതോടൊപ്പം മലയാളത്തിൽ വ്യത്യസ്ത കഥാപാത്രങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ജഗദീഷിന്റെ ഇതുവരെ കാണാത്ത മറ്റൊരു അവതരണം കൂടിയാണ് ദിലീപ് എന്ന പൊലീസ് കഥാപാത്രം.
സംവിധായകൻ കൃഷാന്ദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മൽ ഹുസ്‌ബുല്ല. മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം പ്രശാന്ത് അലക്സാണ്ടറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ദർശന രാജേന്ദ്രൻ ചെയ്ത സൂസൻ, ദേവകി രാജേന്ദ്രൻ ചെയ്ത സുജാത എന്നിവരുടെ പ്രകടനങ്ങളും മികച്ചുനിൽക്കുന്നു. ജെയിംസ് ഏലിയ, ജിയോ ബേബി, ഷിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ശ്രീജിത്ത് ബാബു, സഞ്ജു ശിവറാം, മാലാ പാർവതി, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. സൂപ്പർ സെബാസ്റ്റ്യന്റെ പ്രകടനംകൊണ്ട് വരുംദിവസങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാകും ‘പുരുഷ പ്രേതം’ എന്നതിൽ തർക്കമില്ല.