Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഭൂതകാലത്തിലേക്കും...

ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കുമുള്ള യാത്ര; ഒരു ഫാന്റസി കഥ മാത്രമല്ല 'മഹാവീര്യർ'; റിവ്യൂ

text_fields
bookmark_border
Nivin Pauly And Asif  Ali  New Movie Mahaveeryar  Review
cancel

സിഫ് അലി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. തികച്ചും വ്യത്യസ്തമായ രീതിയിൽ നർമ്മവും ഫാന്റസിയും ഒത്തുചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകർ മുൻപേ തന്നെ ഏറ്റെടുത്തിരുന്നു. ഒരു കോർട്ട് റൂം-ഫാന്റസി ചിത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയതാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്.

ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കുമുള്ള സമയ യാത്രയാണ് സിനിമയുടെ പ്രമേയം. എന്നാൽ അതിന് ഒരു ബ്ലാക്ക് ഹ്യൂമർ പശ്ചാത്തലവുമുണ്ട്.

ഒരിക്കൽ ഒരു രാജ്യത്തെ രാജാവ് ഒരു വലിയ പ്രശ്നം നേരിട്ടു. ആ പ്രശ്നം രാജാവിനെ വലിയ തോതിൽ ബാധിച്ചു. രാജാവിന് സ്വസ്ഥമായി ജീവിക്കുവാനോ, രാജ്യകാര്യങ്ങളിൽ ഇടപെടുവാനോ എന്തിനേറെ ഒരു നിമിഷം പോലും സന്തോഷമായി ഇരിക്കുവാനോ പോലും സാധിച്ചില്ല. ആ പ്രശ്നത്തിനുള്ള പ്രതിവിധിയെന്നോണം രാജാവ് തന്റെ വിശ്വസ്തനായ മന്ത്രിയെ തന്റെ ആജ്ഞ അറിയിക്കുന്നു. അങ്ങനെ ആ രാജാവിന്റെ ഉത്തരവ് പാലിക്കുവാനായി മന്ത്രി യാത്ര തിരിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനായാണ് അപൂർണാനന്ദൻ എന്ന മുനിവര്യൻ എത്തുന്നത്. എന്നാൽ അത്തരം ഒരു വിഷയത്തിലേക്ക് എത്തുവാനായി മുനിവര്യന് കയറേണ്ടി വരുന്നത് ഒരു കോടതിയിലാണ്. ആ കയറുന്ന കോടതിയാവട്ടെ ഈ കാലഘട്ടത്തിന്റേതും. കോടതി കയറുവാനുണ്ടായ സാഹചര്യം ഒരു വിഗ്രഹമോഷണത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.


മുനിവര്യന്റെ സാന്നിധ്യത്തിൽ അയാളിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിലെ വിഗ്രഹം കളവു പോകുകയും ആ നാട്ടുകാർ തങ്ങൾക്ക് പരിചയമില്ലാത്ത പുതിയതായി എത്തിയ മുനിവര്യന് മുകളിൽ ആ കുറ്റം ചാർത്തുകയും ചെയ്യുന്നു. പൊലീസെത്തി 'അപൂർണ്ണാനന്ദ മുനി'യെയും സാക്ഷികളായ നാട്ടുകാരെയും കൂട്ടി കോടതിയിലെത്തുന്നു. കോടതി രംഗങ്ങളും സാക്ഷി വിസ്താരങ്ങളുമായി കേസ് രസം പിടിച്ചു വരുമ്പോഴാണ് കഥ 'വർഷം' പുറകിലേക്ക് പോകുന്നത്. കൃത്യമായി പറഞ്ഞാൽ രാജാവും രാജാവിന്റെ ഉത്തരവ് പാലിക്കാൻ ഇറങ്ങിത്തിരിച്ച മന്ത്രിയും ശകവർഷം 1783യിലെ രാജഭരണകാലത്തിൽ നിന്ന് നേരെയങ് 2022ലെ കോടതി മുറിയിലേക്ക് എത്തുന്നു. തുടർന്ന് നടക്കുന്ന പൊളിറ്റിക്കൽ സറ്റയര്‍ തന്നെയാണ് സിനിമ.


രാജഭരണം അവസാനിച്ചിട്ടും പലപ്പോഴും അധികാരവർഗ്ഗത്തിന്റെ പ്രീതിപ്പെടുത്താൻ രാജഭക്തി കാണിക്കുന്ന നിയമ വ്യവസ്ഥയെ പരോക്ഷമായി വിമർശിക്കുന്നുണ്ട് ചിത്രം. അതായത് ഭരിക്കുന്ന ഇഷ്ടത്തിന് ആയിരിക്കും കോടതി പോലും വില നൽകുക എന്നു സാരം.രാജ്യഭരണ കാലഘട്ടത്തില്‍ ലംഘിക്കപ്പെടുന്ന പ്രജകളുടെ അവകാശങ്ങളെയും സ്ത്രീ സുരക്ഷയും ചര്‍ച്ചചെയ്യുന്നതിനൊപ്പം പുതിയ നിയമവ്യവസ്ഥയെ കുറിച്ചും സിനിമയില്‍ പ്രതിപാദിക്കുന്നു. എന്നാൽ പറയാൻ ഉദ്ദേശിച്ച എല്ലാ വിഷയങ്ങളും വേണ്ടത്ര ഉള്ളടക്കത്തോടെ പറയാൻ സാധിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ് . എങ്കിലും രണ്ടു കാലഘട്ടങ്ങളിലെ മനുഷ്യരുടെ സഞ്ചാരങ്ങൾ ഒരു കോടതി മുറിയിൽ കൂട്ടിമുട്ടുമ്പോൾ ഉണ്ടായേക്കാവുന്ന ഫാന്റസി തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. എന്നാൽ ആ ഫാന്റസിക്കും സമകാലിക രാഷ്ട്രീയത്തെ ആഴത്തിൽ ചോദ്യം ചെയ്യുവാനുള്ള കെൽപ്പമുണ്ട്.

അപൂർണാനന്ദനായി നിവിൻ പോളിയും മന്ത്രിയായ വീരഭദ്രനായി ആസിഫ് അലിയും ഉഗ്രസേന മഹാരാജാവായി ലാലും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. എന്നാൽ സിനിമയുടെ ആദ്യപകുതി രണ്ടാം പകുതിയുമായി ചേർന്നുനിൽക്കുന്നില്ല അല്ലെങ്കിൽ സിനിമയുടെ രണ്ടാം പകുതി ആവശ്യമായ പൂർണത നൽകുന്നില്ല എന്നത് വലിയ ഒരു പരിമിതിയായി കണക്കാക്കേണ്ടിയിരിക്കുന്നു. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു വേഷപകർച്ചയിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തിയത് എന്നത് പ്രേക്ഷകർക്ക് കൗതുകം ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായി സിദ്ദിഖും പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്‌സും വര്‍ത്തമാനകാലത്തിലെ കഥാപാത്രങ്ങളായി മികച്ച പ്രകടനം കാഴ്ചവച്ചു.


അധികാരമുണ്ടെങ്കിൽ എന്തുമാകാമെന്ന ചിന്തയുള്ള ഭരണകൂടത്തിന്റെ ധാർഷ്‌ട്യം രണ്ടുകാലഘട്ടത്തെയും സംയോജിപ്പിച്ചുകൊണ്ട് സംവിധായകൻ പറയാൻ ശ്രമിക്കുമ്പോഴും തിരക്കഥയിലെ അപൂർണ്ണത കൊണ്ട് അത് പ്രേക്ഷകരിലേക്ക് എത്തുന്നതിൽ എത്രമാത്രം വിജയിച്ചു എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.


മല്ലിക സുകുമാരൻ, മേജർ രവി, സുധീർ കരമന തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ വന്നെത്തിയ ചിത്രം നർമ്മം കൊണ്ടും ശ്രദ്ധേയമാണ്. സാങ്കേതികതികവിലും അവതരണ മികവിലും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന മഹാവീര്യർ ചന്ദ്രു സെൽവരാജിന്റെ ചായഗ്രഹണത്തിലൂടെ രണ്ടു കാലഘട്ടങ്ങളിലെ അന്തരീക്ഷം അതിമനോഹരമായി പ്രേക്ഷകരുടെ മനസ്സിലെത്തിചിരിക്കുന്നു. അതുപോലെ ചിത്രത്തിന്റെ വി എഫ് എക്സ്, സൗണ്ട് ഡിസൈൻ, സൗണ്ട് മിക്സിങ് എന്നിവയും മികച്ചു നിന്നു. ചുരുക്കിപ്പറഞ്ഞാൽ മേക്കിംഗ് ശൈലിയും മുഷിപ്പില്ലാത്ത പ്രകടനങ്ങളും കൊണ്ട് മാന്യമായ ഒരു സിനിമയായി ഇതിനെ കണക്കാക്കാം.

Show Full Article
TAGS:nivin pauly Asif Ali Mahaveeryar 
News Summary - Nivin Pauly And Asif Ali New Movie Mahaveeryar Review
Next Story