ഉന്മാദം: യാഥാർഥ്യത്തിനും ഭ്രമത്തിനുമിടയിലെ ദുരൂഹ യാത്ര
text_fieldsഉന്മാദം ട്രെയിലറിലെ രംഗം
പൊലീസ് കഥകളും ഷാഹി കബീറും ഒരുമിക്കുമ്പോൾ മലയാള സിനിമാപ്രേക്ഷകർക്ക് ഒരു പ്രത്യേക പ്രതീക്ഷയുണ്ട്. ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ, ഓഫിസർ ഓൺ ഡ്യൂട്ടി, റോന്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ പൊലീസ് ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങൾ അവതരിപ്പിച്ച ഷാഹി കബീർ ഇത്തവണ ഉന്മാദം എന്ന ചിത്രത്തിലൂടെ അന്വേഷണ ത്രില്ലറിനെ മനഃശാസ്ത്രപരമായ ആഴങ്ങളിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുകയാണ്. എഡിറ്ററായി ശ്രദ്ധേയനായ കിരൺ ദാസിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത ആത്മവിശ്വാസത്തോടെയും സാങ്കേതിക മികവോടെയുമാണ് ഒരുക്കിയിരിക്കുന്നത്.
പാലക്കാട്ടെ ഒരു പൊലീസ് സ്റ്റേഷനിലെ ഒരു ദുരൂഹ കേസ് ഫയലിനെ ചുറ്റിപ്പറ്റി ഒരന്ധവിശ്വാസത്തിൻ്റെ അകമ്പടിയോടെയാണ് കഥ വികസിക്കുന്നത്. ആ ഫയലിൽ തൊടുന്ന പൊലീസുകാർക്ക് ദുരന്തങ്ങൾ സംഭവിക്കുമെന്ന വിശ്വാസം സ്റ്റേഷനിലാകെ പരന്നുകിടക്കുന്നു. യാദൃശ്ചികതയാണോ, അന്ധവിശ്വാസമാണോ, അതോ മനസ്സിന്റെ സൃഷ്ടിയാണോ എന്ന ചോദ്യങ്ങളിലൂടെ ചിത്രം പ്രേക്ഷകനെ പതിയെ ഒരു മനഃശാസ്ത്ര ത്രില്ലറിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ഭാര്യയെ ആശ്രയിച്ച് ജീവിക്കുന്ന, ഉള്ളിൽ അളവറ്റ ഭയങ്ങളും സംശയങ്ങളും പേറുന്ന, എന്നാൽ മനുഷ്യസ്നേഹമുള്ള ഒരു സാധാരണ പൊലീസ് കോൺസ്റ്റബിളാണ് ഷെല്ലി. അയാളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് യുക്തിയേക്കാൾ ഭ്രമങ്ങളും സങ്കൽപ്പങ്ങളുമാണ്. ഉത്തരം കിട്ടാത്ത യാഥാർഥ്യങ്ങളുടെ വിടവുകൾ സ്വന്തം മനസ്സിൽ കഥകളായി പൂരിപ്പിക്കുന്ന മനുഷ്യനാണയാൾ. സിനിമയോടുള്ള അതിയായ അഭിനിവേശമുള്ള ഷെല്ലി തിരക്കഥകൾ എഴുതുന്നു, പക്ഷേ അയാളുടെ സ്വന്തം ജീവിതം തന്നെ പരിഹരിക്കപ്പെടാത്ത ആശങ്കകളുടെയും മാനസിക സംഘർഷങ്ങളുടെയും കഥയായി മാറുകയാണ്. അതുകൊണ്ടുതന്നെ ഉന്മാദം ഒരു പൊലീസ് കഥ മാത്രമല്ല, സ്വന്തം അബോധമനസ്സിനെ ഒരു കഥാപാത്രത്തിലൂടെ വായിച്ചെടുക്കുന്ന എഴുത്തുകാരന്റെ ആത്മാന്വേഷണം കൂടി പ്രതിഫലിപ്പിക്കുന്നതാണ്.
ഷെല്ലിയുടെ ഭാര്യ സൗമ്യ ചിത്രത്തിന്റെ വൈകാരിക കേന്ദ്രമാകുന്നുണ്ട്. സ്വപ്നങ്ങൾക്കും കുടുംബജീവിതത്തിന്റെ യാഥാർഥ്യങ്ങൾക്കുമിടയിൽ പെട്ടുപോകുന്ന ഒരു സ്ത്രീയുടെ നിശ്ശബ്ദ വേദനയാണ് സൗമ്യ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജീവിതത്തെ വളയുമ്പോഴും ഭർത്താവിനെ കൈവിടാതെ ഒപ്പം നിൽക്കുന്ന അവൾ മഹത്വവൽക്കരിക്കപ്പെട്ട കഥാപാത്രമല്ല. മറിച്ച്, ദേഷ്യപ്പെടുകയും തളരുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന യഥാർഥ മനുഷ്യസ്ത്രീയാണ്. ഷെല്ലിയോ യാഥാർഥ്യത്തെ നിഷേധിക്കുകയല്ല, അതിന് പുതിയ അർഥങ്ങൾ നൽകുകയാണ്. ആത്മവിശ്വാസക്കുറവിൽ നിന്നുള്ള രക്ഷപ്പെടൽ ക്രമേണ പാരനോയിയായി മാറുന്നതും ചിത്രം അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു.
ചിത്രത്തിലെ പല്ലിയും ഷെല്ലിയുടെ അബോധമനസ്സിലേക്കുള്ള താക്കോലായി മാറുന്നു. പല്ലിയുമായി ബന്ധപ്പെട്ട സാംസ്കാരിക വിശ്വാസങ്ങൾ, ഭയം, അന്ധവിശ്വാസം, ഭ്രമം എന്നിവയെല്ലാം കഥയുടെ അർഥതലങ്ങളെ സമ്പന്നമാക്കുന്നുണ്ട്. സിനിമയിലെ കരുത്ത് കുഞ്ചാക്കോ ബോബന്റെ പ്രകടനങ്ങളാണ്. ഓരോ സിനിമ കഴിയുന്തോറും സ്വയം നവീകരിച്ചുണ്ടിരിക്കുന്ന അദ്ദേഹം ഷെല്ലിയെ അത്രമേൽ സ്വാഭാവികമായും തീവ്രമായും അവതരിപ്പിച്ചിരിക്കുന്നു. ഭയവും ആശയക്കുഴപ്പവും ഉന്മാദാവസ്ഥയും അതിന്റെ എല്ലാ സൂക്ഷ്മതകളോടെയും അദ്ദേഹം പ്രേക്ഷകരിലേക്ക് പകർന്നുനൽകുന്നു.
ലിജോമോൾ ജോസ് അവതരിപ്പിച്ച സൗമ്യയും അതിഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഷെല്ലിയുടെ ഭ്രമലോകത്തിന് എതിർവശത്ത് യാഥാർഥ്യത്തിന്റെ നിലത്തുറച്ച് നിൽക്കുന്ന സ്ത്രീയായി അവർ ചിത്രത്തിന് ശക്തമായ വൈകാരിക അടിത്തറ നൽകുന്നുണ്ട് എന്ന് പറയാതെ വയ്യ. സുധീഷിൻ്റെ പൊലീസുകാരനും ജ്യോത്സ്യനുമൊക്കെ സൗമ്യാഭിനയത്തിൻ്റെ വ്യത്യസ്തതകൾ കാട്ടി തരുന്നുണ്ട്. കോട്ടയം നസീറും കുറച്ചു സീനുകളിലേ ഉള്ളൂവെങ്കിലും കഥാപാത്രത്തിനിണങ്ങുന്ന അഭിനയമാണ് കാഴ്ചയാക്കുന്നത്. സാബു, കിരൺ പീതാംബരൻ, ഷാജു ശ്രീധർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, കൃഷ്ണപ്രഭ, റെയ്ന രാധാകൃഷ്ണൻ, വിഷ്ണു ജി. വാര്യർ തുടങ്ങി വലിയ താരനിരയും അവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നുണ്ട്.
അർജുൻ സേതുവിന്റെ ഛായാഗ്രഹണം, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, ജിതിൻ ജോസഫിന്റെ സൗണ്ട് ഡിസൈൻ, ദൃശ്യസംവിധാനം എന്നിവ ചേർന്ന് ചിത്രത്തിന്റെ ദുരൂഹവും അസ്വസ്ഥവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കുടുംബനാടകം, അന്വേഷണ ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ, ഹൊറർ, ഫാന്റസി എന്നീ വ്യത്യസ്ത ജോണറുകൾ സ്വാഭാവികമായി ഇഴചേർത്തിരിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആകാംക്ഷയുടെയും ഭയത്തിൻ്റെയും ആദ്യപകുതിക്ക് ശേഷം വിവിധ ഡയറക്ഷനിലേക്ക് പോകുമ്പോൾ ഇതെങ്ങനെയവസാനിക്കുമെന്ന ആകാംക്ഷ കൂടി പ്രേക്ഷകനിലുണ്ടാക്കുന്നുണ്ട് ഉന്മാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

