Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_right'നേര്' ; ഇത്...

'നേര്' ; ഇത് അനശ്വരയുടെ സിനിമ

text_fields
bookmark_border
നേര് ; ഇത് അനശ്വരയുടെ സിനിമ
cancel

ത്രില്ലർ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഖ്യാതി ഇന്ത്യക്ക് പുറത്തുവരെ എത്തിച്ച അപൂർവം സംവിധായകരിൽ ഒരാളായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നേര്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര് എന്നതും മറ്റൊരു പ്രത്യേകതയാണ്.

തുമ്പ സ്വദേശിനിയായ സാറ എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സിനിമ മുമ്പോട്ട് പോകുന്നത്. അന്ധയും സ്കൾപ്ച്ചർ ആർട്ടിസ്റ്റുമായ സാറ സമപ്രായക്കാരെ അപേക്ഷിച്ചു അൽപം കൂടി ഇന്റലിജന്റായ പെൺകുട്ടിയാണ്. ഒപ്പം ധൈര്യവതിയും. അതുകൊണ്ടുതന്നെയാണ് തനിക്ക് നേരിടേണ്ടിവന്ന ബലാത്സംഗത്തിന് കാരണക്കാരനായ പ്രതിയെ കണ്ടെത്താനും അയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും അവൾ തയാറാവുന്നത്. പ്രതിയെ രക്ഷിച്ചെടുക്കുവാനായി ഒരു വശത്ത് സുപ്രീംകോടതിയിൽ വരെ പേരുകേട്ട അഡ്വക്കറ്റ് രാജശേഖരനും ( സിദ്ദിഖ് ), പ്രതിക്ക് നിയമത്തിനു മുൻപിൽ പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുവാനായി മറുവശത്ത് അഡ്വക്കറ്റ് വിജയമോഹനും ( മോഹൻലാൽ) എത്തുന്നതോടെ ഒരു പരിപൂർണ്ണ കോർട്ട് റൂം ഡ്രാമയായി ചിത്രം മാറുന്നു. സാറക്ക് എന്ത് സംഭവിച്ചു, പ്രതി ആര്, നിരപരാധിയാര് തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം സിനിമയുടെ തുടക്കത്തിൽ തന്നെ ഉത്തരം ലഭിച്ചിട്ടുള്ളത് കാരണം ഒരു ത്രില്ലർ സ്വഭാവമല്ല ചിത്രത്തിനുള്ളത്. മറിച്ച്, അഡ്വക്കറ്റ് രാജശേഖരന്റെ തന്ത്രങ്ങളെ മറികടന്നുകൊണ്ട് അഡ്വക്കറ്റ് വിജയ് മോഹനൻ സാറക്ക് എങ്ങനെ നീതി വാങ്ങിച്ചു കൊടുക്കുന്നു എന്നതാണ് സിനിമ പറയുന്നത്.

കാഴ്ച പരിമിതിയുള്ള സാറയും , അവൾക്ക് നീതി ഉറപ്പാക്കാനായി രാപ്പകൽ പരിശ്രമിക്കുന്ന വിജയമോഹനും, എതിർഭാഗം വക്കീലായ രാജശേഖരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഉദ്വേഗജനകമായ രീതിയിൽ തന്നെയാണ് നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം നടക്കുന്നത്. ആ പോരാട്ടങ്ങൾക്കൊപ്പം അന്ധയായ സാറ എന്ന പെൺകുട്ടിയായി അനശ്വരരാജൻ മികച്ച രീതിയിൽ അഭിനയിച്ചത് കൊണ്ട് തന്നെ അനശ്വരയുടെ കരിയറിലെ ബെസ്റ്റ് പെർഫോമൻസായി നേരിനെ അടയാളപ്പെടുത്താം.


സിദ്ദിഖും മോഹൻലാലും മത്സരിച്ചഭിനയിക്കുമ്പോൾ പോലും നേര് സാറയുടെ ചിത്രം തന്നെയാണ്. അതുപോലെ കോർട്ട് റൂം ഡ്രാമയായിരിക്കുമ്പോൾ തന്നെ അതിന്റെ വൈകാരികപരിസരം നഷ്ടപ്പെടുത്താതിരിക്കാനും സിനിമ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. എങ്കിലും സാറ ഒരിക്കലും മുഖം നഷ്ടപ്പെട്ട പെൺകുട്ടിയാകുന്നില്ല എന്നതാണ് സിനിമയുടെ മികവ്. ഒരു യഥാർഥ അഭിഭാഷകന്റെ സൂക്ഷ്മതകൾ സമർഥമായി പകർത്തിക്കൊണ്ടാണ് മോഹൻലാൽ നമ്മളെ അത്ഭുതപ്പെടുത്തുന്നത്.

കോടതിമുറി രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്നതാണ് സിനിമയുടെ ആദ്യ പകുതിയെങ്കിൽ ചിത്രത്തിന്റെ രണ്ടാം പകുതി അല്പം വലിച്ചു നീട്ടി പ്രേക്ഷകരെ മടുപ്പിക്കുന്നുണ്ട്. പ്രതിഭാഗം വക്കീലായി അഭിനയിക്കുന്ന സിദ്ദിഖിന്റെ കഥാപാത്രം അതിജീവിതയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുന്ന ഒരു രംഗത്തിൽ മോഹൻലാലിന്റെ കഥാപാത്രം, 'ബലാത്സംഗത്തിന് ഇരയായവർ എങ്ങനെ പെരുമാറണം?' എന്ന് മറുചോദ്യം ചോദിക്കുമ്പോൾ പ്രേക്ഷകരതിനെ തിയറ്ററുകളിൽ കൂട്ട കൈയടികളോടെയാണ് സ്വീകരിച്ചത്.


ചിത്രത്തിൽ പ്രിയാമണി, ജഗദീഷ് തുടങ്ങിയ അഭിനേതാക്കൾ മാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തിരക്കഥാരചനയിൽ ശാന്തി മായാദേവിയുടെ സാന്നിധ്യമുണ്ട് എന്നതും അവർ അതിനെ മികച്ചതായി കൈകാര്യം ചെയ്തു എന്നുള്ളതും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ഒരു സ്ത്രീക്ക് വേണ്ടി മറ്റൊരു സ്ത്രീ എഴുതുക എന്നുള്ളത് ഏറെ അഭിനന്ദനാർഹമാണ്.

സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വി എസ് വിനായകനും സംഗീതം വിഷ്ണു ശ്യാമും നിർവഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നേര് നിർമ്മിച്ചിരിക്കുന്നത്. തൃപ്തികരുമായ ഒരു കാഴ്ച്ചാനുഭവം തന്നെയാണ് നേര് നൽകുന്നത്. ഒരു വൺടൈം വാച്ചബിൾ മൂവിയായി നേരിനെ അടയാളപ്പെടുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalreviewNeru Movie
News Summary - mohanlal Movie Neru Malayalam review
Next Story