നിഴലാട്ടങ്ങൾ
text_fieldsജാതിവ്യവസ്ഥയുടെയും ചൂഷണത്തിന്റെയും വേരറുക്കപ്പെടാത്ത യാഥാർഥ്യങ്ങൾക്കിടയിലും കലയെ നെഞ്ചേറ്റിയ ഒരു പാവം കലാകാരന്റെ തീക്ഷ്ണമായ ആത്മസംഘർഷങ്ങൾ വരച്ചുകാട്ടുന്ന മനോഹരമായ ഒരു ചെറുസിനിമയാണ് ഖത്തറിലെ പ്രവാസി കലാകാരന്മാർ ഒരുക്കിയ ‘നിഴലാട്ടങ്ങൾ’
കല ഒരുവന്റെ ചോരയിലുണ്ട്, അത് ജാതിയുടെയോ കുലത്തൊഴിലിന്റെയോ ചട്ടക്കൂടുകൾക്കപ്പുറം മനുഷ്യന്റെ ആത്മാവിനെ ത്രസിപ്പിക്കുന്ന ഒരു ശക്തിയാണ്. കല ഒരിക്കലും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയല്ല, അത് നന്മയുള്ള ആത്മാവിന്റെ തുടിപ്പാണ്. എന്നാൽ, ജാതിവ്യവസ്ഥയും മുതലാളിത്ത ചൂഷണവും ചേർന്ന് സാധാരണക്കാരന്റെ കലാമോഹങ്ങളെ എങ്ങനെയൊക്കെ ചവിട്ടിയരക്കുന്നു എന്നതിന്റെ ശക്തമായ നേർക്കാഴ്ചയാണ് ഖത്തറിലെ പ്രവാസി കലാകാരന്മാർ ഒരുക്കിയ ‘നിഴലാട്ടങ്ങൾ’ എന്ന ചെറുസിനിമ.
തമ്പ്രാന്റെ പാടത്ത് പണിയെടുക്കുന്ന അച്ഛൻ കോരന്റെ ഞാറ്റുപാട്ടിന്റെ താളത്തേക്കാൾ കോലോത്തുനിന്നു ഒഴുകിവരുന്ന കഥകളി സംഗീതത്തെ ഇഷ്ടപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട മാണിക്യൻ എന്ന ചെറുപ്പക്കാരന്റെ ആത്മദാഹത്തിലൂടെയും ആത്മനൊമ്പരങ്ങളിലൂടെയുമാണ് സിനിമ വികസിക്കുന്നത്. കഥകളിയോട് ഭ്രാന്തമായ സ്നേഹം പൂണ്ട മാണിക്യന് ഒളിഞ്ഞുനിന്ന് ആട്ടം കാണാൻ ശ്രമിച്ചതിന്റെ പേരിൽ സവർണാധിപത്യത്തിന്റെ മർദനവും ഏൽക്കേണ്ടിവരുന്നുണ്ട്. അച്ഛന്റെ തല്ലും സമൂഹത്തിന്റെ മാറ്റിനിർത്തലുകളും അവനിലെ കലാഭിനിവേശത്തെ തകർക്കാൻ പോന്നതായിരുന്നില്ല. കോലോത്തെ ഇളമുറയിൽപ്പെട്ട വർമ്മ തമ്പുരാന്റെ സൗഹൃദവും സഹായവും അവനെ കഥകളി പഠിച്ചെടുക്കാൻ കരുത്തുപകരുന്നു. എന്നാൽ, തമ്പുരാന്റെ നാടുവിടൽ മാണിക്യന്റെ ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിക്കുകയാണ്.
പിന്നീട് മുരളി ആശാന്റെ കഥകളി സംഘത്തിന്റെ ഭാഗമാകുന്ന മാണിക്യന് നേരിടേണ്ടിവരുന്നത് കടുത്ത വഞ്ചനയും ചൂഷണവുമാണ്. ജാതിയുടെയും നിറത്തിന്റെയും പേരിൽ അരങ്ങ് നിഷേധിക്കപ്പെടുന്ന അവനെ, അണിയറയിലെ പണികൾ ചെയ്യിക്കാനും പറമ്പിലെ തേങ്ങയിടീക്കാനും മാത്രമുള്ള ഒരു ഉപകരണമായി മാത്രമാണ് ആശാൻ കാണുന്നത്. ചെറിയൊരു വേഷമെങ്കിലും തരാമെന്ന വ്യാജ വാഗ്ദാനം നൽകി അവന്റെ കഠിനാധ്വാനത്തെ ചൂഷണം ചെയ്യുകയാണ് ആശാൻ. അരങ്ങിൽ അച്ഛന്റെ പ്രകടനം കാണാനെത്തിയ മകൻ ശംഭു നിരാശനായി മടങ്ങുന്നതും കൂട്ടുകാർ കളിയാക്കുമെന്നോർത്ത് സങ്കടപ്പെടുന്നതും ഭാര്യ നീലി പോലും, ഭ്രാന്തമായ കഥകളി ഭ്രമത്തെ എതിർക്കുന്നതുമെല്ലാം തീർക്കുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് മാണിക്യന്റെ ജീവിതം കടന്നുപോകുന്നത്.
വർഷങ്ങൾക്കുശേഷം, നാടുവിട്ട വർമ്മ തമ്പുരാൻ തിരികെയെത്തുകയും അദ്ദേഹത്തിന്റെ ഇടപെടലിലൂടെ മാണിക്യന് ഒടുവിൽ അരങ്ങ് ലഭിക്കുകയും ചെയ്യുന്നു. കാണികളുടെ കൈയടിയും പ്രശംസയും ഏറ്റുവാങ്ങി മാണിക്യൻ തന്റെ പ്രതിഭ തെളിയിക്കുമ്പോഴും, അണിയറയിൽ അസൂയ മൂത്ത ആശാൻ കാണിച്ച വൃത്തികേട് അവന്റെ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ട്. സ്വന്തം മകന്റെ മുന്നിൽ വെച്ച് ഭാര്യയെയും തമ്പുരാനെയും ചേർത്ത് ആശാൻ നടത്തിയ അധിക്ഷേപങ്ങൾ മാണിക്യനിലെ കലാകാരനെ മാത്രമല്ല, ഒരു ഭർത്താവിനെയും മനുഷ്യനെയും തകർത്തുകളയുന്നു. ഒരുവന്റെ ആത്മാഭിമാനത്തിന്മേലുള്ള മുതലാളിത്ത-ജാതി വ്യവസ്ഥയുടെ അവസാനത്തെ ആണിയടി. ദീർഘകാലമായി അടിച്ചമർത്തപ്പെട്ടവന്റെയും ചൂഷണം ചെയ്യപ്പെട്ടവന്റെയും രോഷാഗ്നിയുടെ പൊട്ടിത്തെറിയാണ് പിന്നീട് ഉണ്ടാകുന്നത്. കാലങ്ങളായി തങ്ങളുടെ വിയർപ്പും അധ്വാനവും ചൂഷണം ചെയ്ത്, ആത്മാഭിമാനത്തെ ചവിട്ടിമെതിച്ച അധികാര വർഗത്തിനുനേരെ അടിച്ചമർത്തപ്പെട്ടവൻ ഉയർത്തുന്ന പ്രതിരോധത്തിന്റെ കനൽ അവിടെ ആളിപ്പടരുകയാണ്.
ചെറുവേശ്ശി മഹാദേവ ക്ഷേത്രത്തിലെ രണ്ട് ഉത്സവകാലത്തിലൂടെയാണ് ‘നിഴലാട്ടങ്ങൾ’ മാണിക്യന്റെ ജീവിതം പകർത്തിയിരിക്കുന്നത്. അമ്പലത്തിന്റെയും ഉത്സവപ്പറമ്പുകളുടെയും ഗൃഹാതുരത തുളുമ്പുന്ന ദൃശ്യങ്ങൾ നാടിന്റെ മണവും തനിമയും ചോരാതെ ഖത്തറിലെ മണലാരണ്യത്തിൽ പുനഃസൃഷ്ടിച്ചുകൊണ്ട് ഈ സിനിമ തീർക്കുന്ന ദൃശ്യവിസ്മയം അതിശയകരമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഏറ്റവും നീചമായ ചൂഷണമുഖമാണ് സിനിമ ആവിഷ്കരിക്കുന്നത്. അണിയറക്കാരുടെ പേര് അനൗൺസ്മെന്റ് നടത്തുമ്പോൾ പോലും മാണിക്യൻ ഒഴിവാക്കപ്പെടുകയാണ്. ഇന്നത്തെ തൊഴിൽ വിപണിയിൽ നാം കാണുന്ന ചൂഷണം കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്. ‘അവസരം തരാം’ എന്ന വാഗ്ദാനം നൽകി അണിയറയിലെ സകല പണികളും ചെയ്യിപ്പിക്കുന്ന ആശാൻ, മാണിക്യനെ ഒരു പാവയെപ്പോലെ ഉപയോഗിക്കുകയാണ്. തന്റെ ഭാണ്ഡവും പേറി പിന്നാലെ നടത്തിച്ച്, പറമ്പിലെ തേങ്ങയിടീക്കൽ മുതൽ സർവ ജോലികളും ചെയ്യിപ്പിച്ച്, അവന്റെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന ഈ രീതി ആധുനിക കോർപറേറ്റ് ലോകം ഇന്റേൺഷിപ്പിന്റെയും ‘അനുഭവസമ്പത്തിന്റെ’യും പേരിൽ യുവതീയുവാക്കളെ ചൂഷണം ചെയ്യുന്നതിനെ ഓർമിപ്പിക്കും.
മാണിക്യന്റെ ഭാര്യ നീലി പോലും ഭ്രാന്തമായ ഈ കഥകളി ഭ്രമത്തെ എതിർക്കുന്നത്, ജീവൽപ്രശ്നങ്ങൾക്കുമുന്നിൽ കലക്ക് യാതൊരു വിലയുമില്ലാത്ത ഒരു സമൂഹത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്. വിശപ്പും ദാരിദ്ര്യവും നിലനിൽക്കുന്ന ഇടങ്ങളിൽ കല ഒരു ആഡംബരമായി മാറുന്നുവെന്ന് തിരിച്ചറിയുമ്പോഴും, മാണിക്യൻ തന്റെ സ്വപ്നങ്ങൾക്കുവേണ്ടി ഒറ്റക്ക് പൊരുതുന്നുമുണ്ട്. ഒരിക്കൽ പോലും കാണിക്കുന്നില്ലെങ്കിലും, വർമ്മ തമ്പുരാന്റെ സാന്നിധ്യം ചിത്രത്തിലുടനീളം അനുഭവപ്പെടുന്നുണ്ട്. പ്രതീക്ഷയറ്റ് നിൽക്കുന്ന ഒരുവന്റെ ജീവിതത്തിൽ ഇടപെടുന്ന ഉടയതമ്പുരാന്റെ പ്രതീകമാണ് അദ്ദേഹം. ദുര്യോധനനായും കർണനായും കൃഷ്ണനായുമൊക്കെ അരങ്ങിൽ ജീവിക്കാൻ ആഗ്രഹിച്ച മാണിക്യൻ ആശാനോടുള്ള പ്രതികാരം ചെയ്യുന്നത് സൈരന്ധ്രിയുടെ വേഷമണിഞ്ഞാണ്. കഥകളിയിൽ സ്ത്രീ വേഷങ്ങൾക്കോ മിനുക്ക് വേഷങ്ങൾക്കോ ഉപയോഗിക്കാറില്ലാത്ത കൂർത്തതും നീളമുള്ളതുമായ വെള്ളിനഖം സൈരന്ധ്രി അണിയുന്നതും കലയിലെ വിവേചന വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി കാണാം. മാണിക്യന്റെ കണ്ണീരിൽ കുതിർന്ന ആട്ടം പ്രേക്ഷകരുടെ മനസ്സിൽ കാലികമായ ഒരു രാഷ്ട്രീയ ചോദ്യം കൂടി ബാക്കിയാക്കുന്നു? ‘‘ചൂഷകരുടെ അണിയറയിലെ നിഴലുകളായി മാത്രം ഇനിയും എത്രകാലം ഈ മനുഷ്യർ ആടേണ്ടിവരും?’’.
ജാതിയുടെയും നിറത്തിന്റെയും പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ കണ്ണീരും വിയർപ്പും വളരെ ശക്തമായി ഒപ്പിയെടുക്കുന്നതിൽ സംവിധായകൻ പി.പി.എം. ഫിറോസ് വിജയിച്ചിട്ടുണ്ട്. മരുഭൂമിയിൽ മലനാട് തീർത്ത ഫറാസ് മുഹമ്മദിന്റെയും തേജസ് നാരായണന്റെയും കരവിരുത് എടുത്തുപറയേണ്ടതുണ്ട്. വസന്തൻ പൊന്നാനി, ശ്രീജിത്ത് ആലക്കോട്, ടീന ജോർജ് മാർട്ടിൻ, കൃഷ്ണകുമാർ നാരായണൻ, മാർട്ടിൻ തുടങ്ങിയവർ തങ്ങളുടെ വേഷങ്ങളെ മനോഹരമാക്കി. രചന: കമലകുമാർ, കാമറ: അനസ് കൂറ്റനാട്, എഡിറ്റിങ്ങും കളറും: മുബഷിർ സാം, സംഗീതം: നിഖിൽ സാൻ, വരികൾ: ഷിജു ആർ. കാനായി, ഡബ്ബിങ്: ഓക്സിജൻ മീഡിയ, അസോസിയേറ്റ്സ്: ശ്രീജിത്ത് എസ്.ജി, അനസ് ദോഹ, കൃഷ്ണപ്രസാദ്. സത്യജിത് റായ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ബാംഗ്ലൂർ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, അസ്മ്മ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഡൽഹി ഷോർട്സ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ദാദ സാഹേബ് ഫാൽക്കെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ‘നിഴലാട്ടങ്ങൾ’ റീൽചിത്രം എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.

