അതുകൊണ്ടാണ് ‘ഇത്തിരി നേരം’ ആരെയും ഹീറോയാക്കാത്തത്...
text_fields'വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്നത് അല്പം പോലുമില്ലാതെ മനുഷ്യരെ രൂപപ്പെടുത്തി സമൂഹത്തിന് സപ്ലൈ ചെയ്യുന്ന ഇടമാണ്, സാമൂഹികവിരുദ്ധ കേന്ദ്രങ്ങളാണ് എല്ലാ വീടും. അതഴിച്ചു പണിയുക എന്നുള്ളതാണ് ആധുനിക സമൂഹം ചെയ്യേണ്ടത്' സറിൻ ഷിഹാബിനെയും റോഷൻ മാത്യുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ എന്ന സിനിമയുടെ തുടക്കത്തിൽ തന്നെ മൈത്രേയൻ പറയുന്ന ഈ വാചകത്തിൽ നിന്നാണ് ഞാനാ സിനിമയെ വായിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഈ വാചകത്തെ ആധാരമാക്കി ‘ഇത്തിരി നേരം’ വായിക്കാനുള്ള ശ്രമവും വളരെയധികം പ്രസക്തമാണ്.
വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന പഴയ രണ്ട് സുഹൃത്തുക്കൾ, പൂർണമാകാതെ പോയ തങ്ങളുടെ പഴയക്കാല പ്രണയത്തിലേക്ക് തിരിഞ്ഞു നോക്കുന്ന അവർ - ലോകസിനിമയിലും മലയാളത്തിലുമൊന്നും പുതുമയുള്ള വിഷയമല്ല പ്രശാന്ത് വിജയിയുടെ ‘ഇത്തിരി നേരം’ പറയുന്നത്. പക്ഷെ കഥയുടെ ഭാഷയും ശ്വാസവും പുതുതാണ്. അത് തന്നെയാണ് സിനിമയുടെ ഭംഗിയും. അനീഷിന്റെ ജീവിതത്തിലേക്ക് ഒരു ഫോൺ കോളിലൂടെ കടന്നു വരുന്ന അഞ്ജനയെന്ന പൂർവകാമുകി, നഗരത്തിന്റെ ഒരൊറ്റ ദിവസത്തെ രാത്രി കാഴ്ചകളിലൂടെ വികസിക്കുന്ന ചിത്രം; അനീഷ് വിവാഹിതനാണ്, ഒരു കുഞ്ഞിന്റെ അച്ഛനാണ്, ‘ഉത്തരവാദിത്വമുള്ള‘ പുരുഷനാണ്. സമൂഹം ആവശ്യപ്പെടുന്ന എല്ലാവിധ ചട്ടക്കൂടുകളിലേക്കും എത്തി കഴിഞ്ഞ മനുഷ്യനാണ്. പക്ഷേ അതിനുള്ളിൽ, അയാൾക്ക് ഒരിക്കലും പൂർത്തിയാക്കാനാകാത്ത ഒരു ‘സ്വയം മനുഷ്യൻ‘ നിലനിൽക്കുന്നുണ്ട്. പൂർവകാമുകി അഞ്ജന അത്തരത്തിൽ അയാളെ സ്വയം ഓർമിപ്പിക്കുന്ന ഒരു ട്രിഗറാണ്. അതുകൊണ്ടാണ് ഒരു വ്യക്തി എന്നതിനേക്കാൾ കൂടുതലായി അവൾ അയാൾക്കൊരു സമയമായി മാറുന്നത്.
ഇത്തിരി നേരം മാത്രം സ്വന്തമായിരുന്ന, ആരുടെയും ചട്ടങ്ങളിൽ പെടാത്ത ഒരു സമയമായി മാറുന്നത്. ഇവിടെയാണ് ‘വീട്‘ എന്ന ആശയം രാഷ്ട്രീയമാകുന്നത്. അനീഷ് കാമുകിയോടൊപ്പം സമയം ചിലവഴിക്കുവാനായി ഭാര്യയോട് കള്ളം പറയുന്നു. പക്ഷേ സിനിമ അത് നൈതിക വീഴ്ചയായി കാണിക്കുന്നില്ല. പകരം, ആ കള്ളം സ്വാതന്ത്ര്യം നേടാനുള്ള ഏക മാർഗമായി മാറിയിരിക്കുന്ന ഒരവസ്ഥയായാണ് ചിത്രം തുറന്നു കാണിക്കുന്നത്. സത്യമായി ജീവിക്കാൻ കഴിയാത്ത ഇടമാണ് വീടെങ്കിൽ, കള്ളം പറയേണ്ടിവരുന്നത് വ്യക്തിയുടെ ദുഷ്ടത കൊണ്ടല്ല; സംവിധാനത്തിന്റെ ക്രൂരത കൊണ്ടാണല്ലോ. എന്നാൽ ‘ഇത്തിരി നേരം’ ഈ പൊളിച്ചുപണിയെ ഒരു വിപ്ലവമായി കാണിക്കുന്നില്ല. മറിച്ച്, കാമുകിക്കൊപ്പം ഒരു രാത്രി മുഴുവൻ നഗരത്തിലൂടെ അലഞ്ഞ് നടന്നിട്ടും, രാവിലെ വീണ്ടും വീട്ടിലേക്ക് തന്നെ മടങ്ങുന്ന ഒരു പുരുഷന്റെ സ്വഭാവികതയായി കാണിക്കുന്നുണ്ട്. പക്ഷെ അതിനിടയിലെ ‘അസ്വഭാവികത’ അയാൾ അഞ്ജനയെ പ്രണയിക്കുന്നു, ഭാര്യയെ സ്നേഹിക്കുന്നു എന്നതിലാണ്. ഈ ‘അസ്വഭാവികത’ തന്നെയാണ് ‘ഇത്തിരി നേരം’ ഏറ്റവും സത്യസന്ധമായി സ്പർശിക്കുന്ന മനുഷ്യാവസ്ഥ.
അനീഷ് അഞ്ജനയെ പ്രണയിക്കുന്നു, അതേ സമയം ഭാര്യയയെ സ്നേഹിക്കുന്നു; ഇത് രണ്ടും ഒരേ ശരീരത്തിൽ, ഒരേ മനസ്സിൽ, ഒരേ സമയത്ത് നിലനിൽക്കുന്നു എന്ന വസ്തുതയെ സിനിമ നിഷേധിക്കുന്നില്ല. മലയാള സിനിമ പതിവായി ചെയ്യുന്ന പോലെ ഇതിലൊന്നിനെ പാപമാക്കി, മറ്റേതിനെ ധാർമികമാക്കി ഉയർത്തിപ്പിടിക്കാനുള്ള എളുപ്പവഴിയിലേക്ക് പ്രശാന്ത് വിജയ് പോകുന്നുമില്ല. പകരം, മനുഷ്യൻ എന്നത് ഒരു സുതാര്യമായ നൈതിക ഘടനയല്ല, മറിച്ച് വൈരുദ്ധ്യങ്ങളുടെ കൂട്ടിച്ചേർക്കലാണ് എന്ന ബോധ്യത്തിലേക്കാണ് ചിത്രം എത്തുന്നത്.
ഇവിടെയാണ് “വീട്” എന്ന സ്ഥാപനം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്. സമൂഹം അംഗീകരിച്ച സ്നേഹത്തിനും അംഗീകരിക്കാത്ത പ്രണയത്തിനും ഇടയിൽ ഒരു മനുഷ്യനെ കീറിമുറിക്കുന്നത് വീടാണ്. അവിടെ അയാൾക്ക് “ഇതും അതും” ഒരുമിച്ച് ജീവിക്കാൻ അവകാശമില്ല. ഒന്നിനെ മാത്രം തെരഞ്ഞെടുക്കേണ്ടി വരും. അവിടെ സമൂഹത്തിന്റെ സൗകര്യമാണ് മാനദണ്ഡമാകുന്നത്. അതുകൊണ്ട് തന്നെ അനീഷിന്റെ മടങ്ങൽ ഒരു വിജയമല്ല; അതൊരു പരാജയവുമല്ല. അത് ഒരു സംവിധാനത്തിനുള്ളിൽ ജീവിക്കുന്ന മനുഷ്യന്റെ അനിവാര്യമായ മടങ്ങലാണ്. ഇത്തിരി നേരം’ അതുകൊണ്ട് തന്നെ എക്‌സ്ട്രാമാരിറ്റൽ ബന്ധത്തിന്റെ കഥയല്ല. അത് ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്നും മോഷ്ടിക്കപ്പെടുന്ന “സമയം” തിരികെ പിടിക്കാൻ നടത്തുന്ന ചെറിയ, ശബ്ദമില്ലാത്ത ശ്രമമാണ്. അഞ്ജന ഒരു സ്ത്രീയേക്കാൾ കൂടുതലായി അയാൾക്ക് ഒരു ഇടവേള ആണ്. ഉത്തരവാദിത്വങ്ങളിൽ നിന്ന്, ചുമതലകളിൽ നിന്ന്, “ഇങ്ങനെ ആയിരിക്കണം” എന്ന നിർബന്ധങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു ഇത്തിരി നേരം.
സിനിമയിൽ വാസ്തവത്തിൽ അയാൾ അയാളുടെ ഭാര്യയെ പറ്റിക്കുന്നുണ്ട്. ഈ വസ്തുതയെ മറികടക്കാനോ മിനുക്കിക്കാണിക്കാനോ ‘ഇത്തിരി നേരം’ ശ്രമിക്കുന്നില്ല. പക്ഷേ സിനിമ ചെയ്യുന്നത് “പറ്റിക്കൽ” എന്ന നൈതിക വിധിയെ അവസാന വാക്കാക്കി മാറ്റാതിരിക്കുക എന്നതാണ്. ഇവിടെ പ്രധാനമായ ചോദ്യം അയാൾ പറ്റിച്ചോ? എന്നതല്ല, എന്തുകൊണ്ട് ഒരു മനുഷ്യൻ സത്യമായി ജീവിക്കാൻ കള്ളം പറയേണ്ടിവരുന്നു? എന്നതാണ്. പറ്റിക്കൽ ഒരു പ്രവൃത്തിയാണ്. പക്ഷേ ആ പ്രവൃത്തി ഉണ്ടാകുന്ന ഘടനയെ സിനിമ തുറന്നു കാട്ടുന്നു. അനീഷിന് രണ്ട് വഴികളേ ഉള്ളൂ, ഒന്ന്, ഭാര്യയോട് കള്ളം പറഞ്ഞു പൂർവ കാമുകിയോടൊപ്പം പുറത്തേക്ക് പോകരുത്, പഴയ തന്നെ പൂർണമായി ഉപേക്ഷിക്കുക. രണ്ട്, പുറത്തേക്ക് പോകണം എങ്കിൽ കള്ളം പറയണം. ഇവിടെ ശ്രദ്ധിക്കേണ്ടത്, മൂന്നാമൊരു വഴി അവനില്ല എന്നതാണ്. അത് തന്നെയാണ് “വീട്” എന്ന സ്ഥാപനത്തിന്റെ രാഷ്ട്രീയം. അവിടെ ഇരട്ടജീവിതം അസാധ്യമാണ്.
“ഞാൻ ഭാര്യയെ സ്നേഹിക്കുന്നു, അതേ സമയം എന്റെ ജീവിതത്തിൽ തീരാത്ത ഒരു പ്രണയസ്മൃതി ഉണ്ട്” എന്ന് തുറന്നു പറയാനുള്ള ഇടം ആ വീട്ടിനുള്ളിൽ അയാൾക്ക് ഇല്ല. അങ്ങനെ പറഞ്ഞാൽ അവൻ മനുഷ്യനല്ല, കുറ്റവാളിയാണ്. ( ഒരു മനുഷ്യന് ഒരേസമയം ഒന്നിലധികം വികാരങ്ങൾ ഉണ്ടാകുന്നത് അസ്വാഭാവികമല്ല. സ്നേഹവും പ്രണയവും ഓർമയും ആഗ്രഹവും — ഇവ നിയന്ത്രിക്കാൻ കഴിയുന്ന നൈതിക ബട്ടണുകൾ അല്ല. അനീഷ് ഭാര്യയെ സ്നേഹിക്കുകയും, അതേ സമയം തീരാത്ത ഒരു പ്രണയസ്മൃതി വഹിക്കുകയും ചെയ്യുന്നത് മനുഷ്യസ്വഭാവമാണ്, പാപമല്ല. തെറ്റ് തുടങ്ങുന്നത് വികാരങ്ങൾ മറ്റൊരാളുടെ അവകാശം ലംഘിക്കുന്ന പ്രവൃത്തിയായി മാറുമ്പോഴാണ്. അവിടെ നൈതികത പ്രവേശിക്കുന്നു. അതായത് മനുഷ്യൻ ഒരാളെ മാത്രം സ്നേഹിക്കുന്ന യന്ത്രമല്ല. അവനെ അങ്ങനെ അഭിനയിപ്പിക്കുന്നതാണ് കുടുംബ–സാമൂഹിക ഘടന.)
അതുകൊണ്ട് തന്നെ അനീഷിന്റെ കള്ളം ഒരു വ്യക്തിഗത നൈതിക പരാജയം മാത്രമല്ല; അത് സംവിധാനം ഒരാളെ തള്ളിവിടുന്ന ഒരേയൊരു വഴി കൂടിയാണ്. ഇത് ഭാര്യയോട് ചെയ്യുന്ന വഞ്ചനയുടെ വേദന കുറക്കുന്നില്ല. ഭാര്യ ഇവിടെ “അദൃശ്യ കഥാപാത്രം” അല്ല; അവൾക്ക് നേരെ നടക്കുന്ന അനീതിയെ സിനിമ അംഗീകരിക്കുന്നു. പക്ഷേ ഒരേസമയം, അവളും അതേ സംവിധാനത്തിനുള്ളിൽ ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യനാണ്. അവൾക്കും ഈ സത്യം കൈകാര്യം ചെയ്യാൻ സാമൂഹികമായി അനുവദിച്ച ഭാഷയില്ല. അതുകൊണ്ടാണ് ‘ഇത്തിരി നേരം’ ആരെയും ഹീറോയാക്കാത്തത്. അനീഷ് ഹീറോ അല്ല. അഞ്ജന മോചനമല്ല. ഭാര്യ നെഗറ്റീവ് കഥാപാത്രം അല്ല. എല്ലാവരും ഒരു ഘടനക്കുള്ളിൽ കുടുങ്ങിയ മനുഷ്യരാണ്.
സ്വാതന്ത്ര്യം എന്നത് വീടിന് പുറത്തു മാത്രമേ സാധ്യമാകൂ എന്ന ധാരണയല്ല; വീടിനുള്ളിൽ അത് അസാധ്യമാകുന്ന ഘടനകളാണ് ചോദ്യം ചെയ്യപ്പെടുന്നത്. അവസാനം ‘ഇത്തിരി നേരം’ നമ്മളോട് പറയുന്നത് ഇതാണ്: മനുഷ്യരെ മുഴുവനായി പിടിച്ചുകെട്ടുന്ന ഒരു സംവിധാനം നിലനിൽക്കുന്നിടത്തോളം, പ്രണയവും സ്നേഹവും പോലും കള്ളമായി ജീവിക്കേണ്ടിവരും. വീടുകൾ സാമൂഹികവിരുദ്ധ കേന്ദ്രങ്ങളായി തുടരുന്നിടത്തോളം, സ്വാതന്ത്ര്യം എന്നും ഇത്തിരി നേരം മാത്രമായിരിക്കും.
അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ദുഃഖവും, അതേ സമയം അതിന്റെ ഏറ്റവും വലിയ രാഷ്ട്രീയവും. അത് തന്നെയാണ് മൈത്രേയൻ പറയുന്ന “വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്നത് അല്പം പോലുമില്ലാതെ മനുഷ്യരെ രൂപപ്പെടുത്തി സമൂഹത്തിന് സപ്ലൈ ചെയ്യുന്ന ഇടമാണ്, സാമൂഹികവിരുദ്ധ കേന്ദ്രങ്ങളാണ് എല്ലാ വീടും. അതഴിച്ചു പണിയുക എന്നുള്ളതാണ് ആധുനിക സമൂഹം ചെയ്യേണ്ടത്“ എന്ന വാചകത്തിന്റെ സത്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

