Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഗേൾസ് ഓൺ വയർ...

ഗേൾസ് ഓൺ വയർ -തൂങ്ങിയാടുന്ന ജീവിതസത്യങ്ങൾ

text_fields
bookmark_border
movie review
cancel

വിഖ്യാത ചൈനീസ് സംവിധായിക വിവിയൻ ക്വുവിന്‍റെ (Vivian Qu) ഏറ്റവും പുതിയ ചലച്ചിത്രമായ 'ഗേൾസ് ഓൺ വയർ' (Girls on Wire), ആധുനിക ചൈനയിലെ സാമൂഹികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ സങ്കീർണ്ണതകൾ ഏറെയുള്ള ഒരു സൃഷ്ടിയാണ്. 'ഏഞ്ചൽസ് വെയർ വൈറ്റ്' (Angels Wear White) എന്ന തന്‍റെ മുൻ ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ ക്വു, ഈ സിനിമയിലൂടെ ചലച്ചിത്ര വ്യവസായത്തിന്‍റെ കൃത്രിമത്വങ്ങൾ നടമാടുന്ന ലോകത്തെ ഒരു പ്രതീകമായി ഉപയോഗിച്ചുകൊണ്ട് കടക്കെണിയിലും ലിംഗപരമായ അസമത്വങ്ങളിലും കുടുങ്ങിപ്പോയ ഒരു തലമുറയുടെ ജീവിതം വരച്ചുകാട്ടുന്നു. 2025-ലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം, നവ മുതലാളിത്ത ചൈനയുടെ ഉള്ളറകളിലേക്ക് തുറന്നുപിടിച്ച ഒരു കണ്ണാടിയായി മാറുന്നുണ്ട്.

മനുഷ്യന്റെ പെരുമാറ്റം, വിശ്വാസങ്ങൾ, ജീവിത സാഹചര്യം എന്നിവ പൂർണ്ണമായും അവൻ ജീവിക്കുന്ന സമൂഹത്താൽ നിർണയിക്കപ്പെടുന്നു എന്ന് വാദിക്കുന്ന സാമൂഹിക നിയതിവാദം (Social Determinism) അടിവരയിടുന്നതാണ് ചിത്രത്തിന്‍റെ കേന്ദ്ര പ്രമേയം. വിഖ്യാത താരം വെൻ ചി (Wen Qi)അവതരിപ്പിക്കുന്ന ഫാംഗ് ഡി എന്ന മുഖ്യകഥാപാത്രം, 'വയർ-ഫു' (wire-fu) എന്നറിയപ്പെടുന്ന ആയോധനകലയിൽ പ്രാവീണ്യം നേടിയ ഒരു സ്റ്റണ്ട് ആർട്ടിസ്റ്റാണ്. സ്ക്രീനിൽ അവൾ ആകാശത്തിലൂടെ പറന്നുയരുമ്പോൾ, കാമറ അതിന്‍റെ പിന്നിലെ യാഥാർത്ഥ്യങ്ങളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ശരീരത്തിൽ ബെൽറ്റ്‌ മുറുകിയുണ്ടാകുന്ന പാടുകൾ, തണുത്തുറഞ്ഞ വെള്ളത്തിലെ ചിത്രീകരണം, അതുണ്ടാക്കുന്ന വിട്ടുമാറാത്ത വിറയൽ, അവളെ ഭൂമിയിലേക്ക് വീണ്ടും വലിച്ചടുപ്പിക്കുന്ന ചരടുകൾ എന്നിവകൂടി ചിത്രീകരിക്കുമ്പോൾ നാം വെള്ളിത്തിരയിൽ കണ്ട് അത്ഭുതം കൂറുന്ന ഹീറോയിക് ആയ പറക്കലിൻന്‍റെ പിന്നിലെ സഹനവും സാഹസികതയും ഒപ്പം രഹസ്യങ്ങളും മറയേതുമില്ലാതെ തുറന്നുകാട്ടപ്പെടുകയാണ്.

ചലച്ചിത്രങ്ങളിലെ വലിയ കയ്യടി നേടുന്ന മാന്ത്രികമായ ഉയരപ്പറക്കലും ജീവിതത്തിലെ കെട്ടുപാടുകളും തമ്മിലുള്ള വൈരുദ്ധ്യം വളരെ സൂക്ഷ്മമായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഫാംഗ് ഡിയുടെ പറക്കാനുള്ള കഴിവ് അവളുടെ തൊഴിൽ വൈദഗ്ധ്യമാണ്. എന്നാൽ വ്യക്തിജീവിതത്തിൽ കുടുംബത്തിന്‍റെ തലമുറകളായുള്ള കടബാധ്യതകൾ പോലുള്ള അദൃശ്യമായ ചരടുകൾ (Invisible Wires)അവളെ താഴേക്ക് വലിച്ചടുന്നു. ചൈനീസ് സമൂഹത്തിന്‍റെ താഴേക്കിടയിലുള്ള സ്ത്രീകൾക്ക് സ്വാതന്ത്ര്യം പലപ്പോഴും ഒരു മിഥ്യയാണെന്ന് ചിത്രം വാദിക്കുന്നു. മുൻ തലമുറയുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ സാമ്പത്തിക ബാധ്യതകൾ, പുതിയ തലമുറയുടെ ഓരോ ചലനത്തെയും നിയന്ത്രിക്കുന്ന അദൃശ്യമായ ചരടുകളായി മാറുന്നു. അവരുടെ ജീവിതം, ഒരു സ്റ്റണ്ട് ആർട്ടിസ്റ്റിനെ നിയന്ത്രിക്കുന്ന ചരടുകൾ പോലെ, മറ്റാരുടെയോ ഇച്ഛകൾക്കനുസരിച്ച് ചലിക്കാൻ വിധിക്കപ്പെട്ടതാണ്. 'ഗേൾസ് ഓൺ വയറി'ലെ ഫാംഗ് ഡിയുടെ ശരീരം സിനിമക്ക് വേണ്ടി സമർപ്പിച്ചിട്ടുള്ളതാണെങ്കിൽ, അവളുടെ ജീവിതം കുടുംബത്തിന്റെ കടം വീട്ടാൻ വേണ്ടിമാത്രമുള്ളതാണ്.

ചിത്രത്തിന്‍റെ ഘടനാപരമായ പ്രത്യേകതകൾ ശ്രദ്ധിച്ചാൽ സംവിധായികയുടെ ബോധപൂർവമായ ചില തിരഞ്ഞെടുപ്പുകൾ വ്യക്തമാകും. വർത്തമാനകാലത്തെയും തൊണ്ണൂറുകളിലെ ഭൂതകാലത്തെയും ഇടകലർത്തിയാണ് കഥ പറയുന്നത്. ഈ രണ്ട് കാലങ്ങളെയും വേർതിരിക്കാൻ വ്യത്യസ്ത ആസ്പെക്ട് റേഷ്യോകൾ (aspect ratios) ഉപയോഗിച്ചത് ചിത്രത്തിന്‍റെ രൂപപരമായ ഒരു പ്രധാനവിശേഷതയാണ്. ഭൂതകാലത്തെക്കുറിച്ചുള്ള രംഗങ്ങൾക്കായി അക്കാദമി റേഷ്യോ (Academy ratio) ഉപയോഗിച്ചതിനാൽ അത് ഒരു ഇടുങ്ങിയ ഫ്രെയിമിൽ നമുക്ക് കാണാനാവുന്നു. ഇത് ആ കാലഘട്ടത്തിലെ ജീവിതത്തിന്റെ പരിമിതികളെയും പ്രതിസന്ധികളെയും സൂചിപ്പിക്കുന്നതിന് ഉതകുന്നതുമാണ്. അതേസമയം വർത്തമാനകാല രംഗങ്ങൾ വൈഡ്സ്ക്രീനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൂടുതൽ വിശാലമായ ലോകം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ആ ലോകത്തും കഥാപാത്രങ്ങൾ കെണികളിൽ അകപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. തൊണ്ണൂറുകളിലെ ചൈനയുടെ മുതലാളിത്തത്തിലേക്കുള്ള കുതിപ്പിന്റെ കാലമാണ് ഫ്ലാഷ്ബാക്കുകളിൽ വരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെക്സ്റ്റൈൽ ഫാക്ടറിയുടെ തകർച്ചയും, പുതിയ ലോകത്ത് വലിയ സ്വപ്നങ്ങൾ കണ്ട മാതാപിതാക്കളുടെ പരാജയവും ഉൾച്ചേർന്നതാണിത്. ആ തലമുറയുടെ ശുഭാപ്തിവിശ്വാസവും എന്നാൽ ദാരുണമായ പതനവുമാണ് അവരുടെ പെൺമക്കളുടെ ജീവിതത്തിലേക്ക് പടരുന്നത്. അക്കാലത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ ഒരു വിഭാഗത്തിന് അവസരങ്ങൾ തുറന്നു കൊടുത്തപ്പോൾ, ഭൂരിഭാഗം വരുന്ന സാധാരണക്കാരെ എങ്ങനെയാണ് കടക്കെണിയിലേക്ക് തള്ളിവിട്ടതെന്ന് ചിത്രം വരച്ചുകാട്ടുന്നു. ഇത് ഒരുതരം സാമ്പത്തിക ഗൃഹാതുരത്വത്തിന്റെ (economic nostalgia) വിമർശനം കൂടിയാണ്. പുരോഗതിയുടെ തിളക്കമാർന്ന ചിത്രങ്ങളിലേക്ക് ഇറ്റിവീഴുന്ന പാവം ഇരകളുടെ കണ്ണീരാണത്.

ആധുനിക ചൈനയുടെ സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലാണ് ചിത്രം ആഴത്തിൽ വേരൂന്നിയിരിക്കുന്നത്. ഇത് ദരിദ്രരുടെ ഒരു 'നോയർ' (noir of the poor) സിനിമയാണെന്ന് പറയാം. സാധാരണ നോയർ സിനിമകളിൽ കഥാപാത്രങ്ങൾ സമ്പത്തിനോ അധികാരത്തിനോ വേണ്ടിയാണ് പോരാടുന്നതെങ്കിൽ, ഇവിടെ ഫാംഗ് ഡിയും അവളുടെ കസിൻ റ്റിയാൻ റ്റിയാനും പോരാടുന്നത് തങ്ങളുടെ കടങ്ങൾ തീർത്ത് ഒരു സീറോ ബാലൻസിലേക്ക് എത്താൻ വേണ്ടിയാണ്. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം അതിജീവനമാണ്. ഇവർ കടക്കെണിയിൽ പെട്ടുപോയ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധികളാണ്. ലിംഗപരമായ ത്യാഗം (Gendered Sacrifice) ചിത്രത്തിലെ മറ്റൊരു പ്രധാന വിഷയമാണ്.

ഫാംഗ് ഡിയും ടിയാൻ ടിയാനും ഒരേ പ്രതിസന്ധിയെ രണ്ട് രീതിയിലാണ് നേരിടുന്നത്. ഫാംഗ് ഡി ഒരു സ്റ്റണ്ട് ആർട്ടിസ്റ്റിനെപ്പോലെ എല്ലാ വേദനകളും നിശ്ശബ്ദമായി സഹിക്കുന്നു. വ്യവസ്ഥിതിയുടെ ഭാഗമായി നിന്നുകൊണ്ട് അതിനെ അതിജീവിക്കാൻ അവൾ ശ്രമിക്കുന്നു. എന്നാൽ ടിയാൻ ടിയാൻ കൂടുതൽ അക്രമാസക്തവും പ്രവചനാതീതവുമായ മാർഗ്ഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അവൾ ആ വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്നു. പക്ഷേ അതിൽ സ്വയം ഇല്ലാതാകുന്നു. സ്ത്രീയുടെ കരുത്ത് പലപ്പോഴും അവളുടെ സഹനശേഷിയിലാണെന്ന പരമ്പരാഗത ആശയത്തെ സംവിധായിക ചോദ്യം ചെയ്യുന്നു. ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ, ഹീറോയിൻ എന്ന പതിവ് സിനിമാ സങ്കൽപ്പത്തെ ഈ ചിത്രം അപനിർമിക്കുന്നു. സിനിമയിലെ സ്ത്രീകളുടെ കരുത്ത് യഥാർത്ഥ ജീവിതത്തിലെ അവരുടെ വേദനയുടെയും ത്യാഗത്തിന്റെയും മുകളിലാണ് പടുത്തുയർത്തിയിരിക്കുന്നതെന്ന് ചിത്രം ഓർമിപ്പിക്കുന്നു.

ചലച്ചിത്ര വ്യവസായത്തെ ഒരു സൂക്ഷ്മലോകമായി (microcosm) ഉപയോഗിച്ചുകൊണ്ട് സംവിധായിക വിശാലമായ സാമൂഹിക വിമർശനം നടത്തുന്നു. ചൈനയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോകളിലൊന്നായ ഷിയാങ്ഷാൻ ഫിലിം സിറ്റിയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ സ്റ്റണ്ട് ആർട്ടിസ്റ്റുകളെ വെറും പാവകളെ (expendable puppets) പോലെയാണ് സംവിധായകരും നിർമാതാക്കളും കാണുന്നത് എന്ന് ചില ദൃശ്യങ്ങളിലൂടെ ചിത്രം പറയുന്നുണ്ട്. അവരുടെ സുരക്ഷയോ വേദനയോ ആർക്കും ഒരു വിഷയമല്ല. ഈ ചൂഷണം അതിവേഗം വളരുന്ന ചൈനീസ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ തൊഴിലാളിവർഗ്ഗം നേരിടുന്ന ചൂഷണത്തിന്റെ ഒരു ചെറിയ പതിപ്പാണ്. സ്ക്രീനിൽ കാണുന്ന മാന്ത്രിക ലോകം നിർമിക്കാൻ വേണ്ടി അണിയറയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതം എത്രത്തോളം ദുരിതപൂർണമാണെന്ന് ചിത്രം കാണിച്ചുതരുന്നു. ഒരു സിനിമ എന്നതിലുപരി ഇത് തൊഴിൽ, ചൂഷണം, വർഗപരമായ അസമത്വം എന്നിവയെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ പ്രസ്താവനകൂടിയായി മാറുന്നു.

വെൻ ചി (Wen Qi) യുടെ ശക്തമായ പ്രകടനത്തെയും ചിത്രത്തിന്‍റെ സാങ്കേതിക മികവിനെയും പ്രശംസിക്കുമ്പോൾ തന്നെ ചിത്രത്തിന് ഒരു വൈകാരിക അസ്ഥിരത (tonal instability) ഉണ്ടെന്ന് പറയാതെവയ്യ. ഒരു നോയർ ത്രില്ലർ എന്ന നിലയിലുള്ള ഘടകങ്ങളും ഒരു സോഷ്യൽ റിയലിസ്റ്റ് സിനിമയുടെ ഹൃദയവും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്താൻ ചിത്രം പാടുപെടുന്നു. ഇത് രണ്ടാം പകുതിയെ കൂടുതൽ 'മെലോഡ്രാമാറ്റിക്' (melodramatic) ആക്കി മാറ്റി എന്നതാണ് വാസ്തവം. എന്നാൽ തൊണ്ണൂറുകളിലെ സാമ്പത്തിക കുതിച്ചുചാട്ടം അടുത്ത തലമുറയ്ക്ക് ഒരുതരം ആധുനിക അടിമത്തം (modern enslavement) എങ്ങനെയാണ് സമ്മാനിച്ചതെന്ന് കാണിക്കുന്ന ചിത്രമായിക്കൂടി ഇതിനെ വായിക്കേണ്ടതുണ്ട്. കടം എന്ന ആശയം കേവലം സാമ്പത്തികമല്ല, മറിച്ച് മാനസികവും സാമൂഹികവുമായ ഒരു കെണിയാണെന്ന് ചിത്രം സ്ഥാപിക്കുന്നു. അത് വ്യക്തിയുടെ സ്വപ്നങ്ങളെയും കർത്തൃത്വത്തെയും ഇല്ലാതാക്കുന്നു. വിവിയൻ ക്വു ഈ ചിത്രത്തിൽ വലിയ ബഡ്ജറ്റിൽ, കൂടുതൽ ജനപ്രിയമായ ഒരു 'ഴോണർ-ബെൻഡിംഗ്' (genre-bending) ശൈലി സ്വീകരിച്ചിട്ടുണ്ടെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള തന്‍റെ സൂക്ഷ്മമായ കാഴ്ചപ്പാടുകൾ കൈവിട്ടിട്ടില്ല എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinesemovie reviewwomenEntertainment Newslife`
News Summary - Girls on wire movie review
Next Story