മിത്തുകളുടെ ലോകത്തേക്ക് ഊളിയിടാം
text_fields1989ൽ റിലീസ് ചെയ്ത അനിമേഷൻ ചിത്രം ‘ദ ലിറ്റിൽ മെർമെയ്ഡ്’ സിനിമയുടെ ലൈവ് ആക്ഷൻ അഡാപ്റ്റേഷനുമായി വാൾട്ട് ഡിസ്നി പ്രൊഡക്ഷൻ.
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയ ടൈറ്റാനിക്കിനെക്കുറിച്ച് ഇന്നും കേൾക്കുമ്പോൾ ആരും കാത് കൂർപ്പിച്ചിരിക്കും. ടൈറ്റാനിക് ദുരന്തത്തെ അത്രമേൽ മനുഷ്യന്റെ മനസ്സിൽ സ്പർശിച്ചത് ജെയിംസ് കാമറൂൺ ‘ടൈറ്റാനിക്’ സിനിമ ഒരുക്കിയതിന് ശേഷമാണ്. കടലിനെ പശ്ചാത്തലമാക്കി ഒട്ടേറെ സിനിമകൾ ഒരുങ്ങിയിട്ടുണ്ടെങ്കിലും അതിലെ പരീക്ഷണങ്ങൾക്ക് അവസാനമായിട്ടില്ല. സമുദ്ര സിനിമ വിഭാഗത്തിലേക്കൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് വാൾട്ട് ഡിസ്നി പ്രൊഡക്ഷൻ. മത്സ്യകന്യകയാണ് വിഷയം. അതിൽതന്നെ പ്രണയവും ഇഴചേർത്താണിത് ഒരുക്കിയത്. സിനിമ പഴയതാണെങ്കിലും പുതിയ രീതിയിലുള്ള മേക്കിങ്ങാണ് പ്രത്യേകത.
1989ലാണ് ‘ദ ലിറ്റിൽ മെർമെയ്ഡ്’ എന്ന പേരിൽ അനിമേഷൻ ചിത്രം ഡിസ്നി റിലീസ് ചെയ്തത്. പിന്നീട് 34 വർഷങ്ങൾക്കു ശേഷം അതിന്റെ ലൈവ് ആക്ഷൻ അഡാപ്റ്റേഷനുമായാണ് ഡിസ്നി വീണ്ടും എത്തിയത്. 2023 മേയിലാണ് ലോകത്താകെ സിനിമ റിലീസ് ചെയ്തത്. ഹാലെ ബെയ് ലി പ്രധാന വേഷത്തിലെത്തിയ സിനിമയുടെ സംവിധാനം നിർവഹിച്ചത് കരീബിയൻ കൊള്ളക്കാരെക്കുറിച്ചുള്ള സിനിമയെടുത്ത റോബ് മാർഷലാണ്. ഡേവിഡ് മാഗീ, ഹാൻസ് ക്രിസ്റ്റ്യൻ ആന്റേഴ്സൺ, ജോൺ മസകർ എന്നിവരാണ് രചന നിർവഹിച്ചത്.
ലോകത്ത് പലതും മിത്തുകളാണല്ലോ എന്ന് പറയുന്നപോലെ മത്സ്യകന്യകയും മനുഷ്യനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള മിത്തുകൾ പണ്ടു മുതലേ പറഞ്ഞുകേൾക്കുന്നുണ്ട്. കടലിന്റെ അടിയിലെ ലോകത്ത് മനുഷ്യന്റെ ഉടലും അര ഭാഗം മുതൽ മത്സ്യത്തിന്റെ ആകൃതിയുമുള്ള ജീവികൾ പലരും യഥാർഥത്തിൽപോലും കണ്ടുവെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ, സത്യമെന്തെന്നത് ഇന്നും ഒരു മിത്താണ്.
വാൾട്ട് ഡിസ്നി പ്രൊഡക്ഷൻ കമ്പനി അതുകൊണ്ടുതന്നെയാണ് ലോകമൊട്ടാകെയുള്ള ഫിക്ഷൻ പ്രേമികൾക്കുവേണ്ടി അതേ വിഷയത്തിൽ സിനിമയും ചെയ്തത്. ടെക്നോളജിയിൽ വന്ന മാറ്റങ്ങൾ സിനിമക്കുണ്ടാക്കിയ മാറ്റങ്ങളാണ് എടുത്തുപറയാനുള്ളത്. രചനാപരമായ കാര്യങ്ങളൊന്നും അത്ര പുതിയതല്ല.
ഏതൊരു പ്രണയ കഥയെയും പോലെ തനിക്ക് അപ്രാപ്യമായ ഒന്നിന് വേണ്ടിയുള്ള കാത്തിരിപ്പ്, അതിലേക്കുള്ള പ്രധാന കഥാപാത്രത്തിന്റെ യാത്ര, അതിനു തടസ്സമായി നിൽക്കുന്ന എതിർ കഥാപാത്രങ്ങൾ, ഒടുവിൽ എല്ലാത്തിനെയും അതിജീവിക്കുന്ന നായകനും നായികയും, ഈ രീതിതന്നെയാണ് ഈ സിനിമയിലുമുള്ളത്.
എന്നാൽ, ഒരു മ്യൂസിക്കൽ പ്രണയകാവ്യം കാണാം എന്ന ചിന്തയിലൂടെയാണെങ്കിൽ ആരും ഇതിൽ ലയിച്ചിരുന്ന് പോകും. മ്യൂസിക്കൽ ചിത്രമായതുകൊണ്ടുതന്നെ സംഗീതത്തിന്റെ തുടിപ്പുകൾ തുടക്കം മുതൽ ഒടുക്കം വരെ കഥയുടെ കാവ്യഭംഗി കൂട്ടുന്നുണ്ട്. ഡിസ്നിയുടെ ചിത്രങ്ങൾ എല്ലാം എല്ലാ പ്രായക്കാരെയും ഒരുപോലെ ആകർഷിക്കുക പതിവാണ്. ഈ സിനിമകൾ കഥ കൊണ്ടും സാങ്കേതിക മികവ് കൊണ്ടും മുന്നിലാണ്. അതുകൊണ്ടുതന്നെ ഡിസ്നി ചിത്രങ്ങൾ ഇറങ്ങാനായി കാത്തിരിക്കുന്നത് കോടിക്കണക്കിനുള്ള സിനിമാപ്രേമികളാണ്.