Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightനൂഡിൽസ്; ഇമ ചിമ്മാതെ...

നൂഡിൽസ്; ഇമ ചിമ്മാതെ കാണാവുന്നൊരു കുടുംബ ത്രില്ലർ

text_fields
bookmark_border
നൂഡിൽസ്; ഇമ ചിമ്മാതെ കാണാവുന്നൊരു കുടുംബ ത്രില്ലർ
cancel

അധികാരദുർവിനിയോഗം പൊലീസിൽനിന്നാണ് സാധാരണക്കാരന് കൂടുതലായി അനുഭവപ്പെടേണ്ടിവന്നിട്ടുണ്ടാവുക. മലയാളമടക്കം പല സിനിമകളിലും ഇത് പ്രമേയമായി വന്നിട്ടുമുണ്ട്. അത്തരമൊരു വിഷയത്തെ ഗൗരവത്തിലും കുടുംബപശ്ചാത്തലത്തിലും ചിത്രീകരിച്ച തമിഴ് സിനിമയാണ് ‘നൂഡ്ൽസ്’. മദൻകുമാർ ദക്ഷിണാമൂർത്തി സംവിധാനം ചെയ്ത ഈ ചിത്രം സെപ്റ്റംബർ എട്ടിനാണ് തിയറ്ററിൽ റിലീസ് ചെയ്തത്.

റോളിങ് സൗണ്ട് പ്രൊഡക്ഷന്‍റെ ബാനറിൽ പ്രഗ്ന അരുൺ പ്രകാശ് നിർമിച്ച സിനിമ വി-ഹൗസ് പ്രൊഡക്ഷനാണ് വിതരണത്തിനെത്തിച്ചത്. വിനോദ് രാജ സിനിമാട്ടോഗ്രഫിയും ശരത്കുമാർ കാളീശ്വരം എഡിറ്റിങ്ങും നിർവഹിച്ചു.

ഹരീഷ് ഉത്തമൻ, ഷീല രാജ്കുമാർ, തിരുനാവുക്കരശ്ശ്, ആഴിയ സെന്തിൽകുമാർ, വസന്ത് മാരിമുത്തു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലടക്കം വില്ലൻവേഷങ്ങളിലെത്തി ക്ലീഷേ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ഹരീഷ് ഉത്തമന് കരിയർ ബ്രേക്ക് ലഭിക്കാൻ സാധ്യതയുള്ളൊരു സിനിമകൂടിയാണ് ‘നൂഡ്ൽസ്’. നായകന്‍റെ വേഷത്തിൽ ഇനിയും ഹരീഷിന് ധൈര്യമായി പ്രത്യക്ഷപ്പെടാം.

പ്രേക്ഷകരുടെ ഉള്ളുതൊടുന്ന ചെറുകിട സിനിമ ഗണത്തിൽപെടുന്നതാണ് ഈ ചിത്രവും. പതിയെ തുടങ്ങി സസ്പെൻസിലൂടെ മുന്നേറി ത്രില്ലർ സ്വഭാവത്തിലേക്കു മാറുന്നതോടെ ആരും കണ്ണിമ ചിമ്മാതെ കണ്ടിരുന്നുപോകും. ശരവണൻ (ഹരീഷ് ഉത്തമൻ), ശക്തി (ഷീല രാജ്കുമാർ) അവരുടെ ചെറിയ മകൾ പ്രിയു (ആഴിയ) അവരുടെ അയൽപക്കത്തുള്ള സുഹൃത്തുക്കൾക്കൊപ്പം സന്തോഷകരവും സമാധാനപരവുമായ ജീവിതം നയിക്കുന്നു.

വാരാന്ത്യങ്ങളിൽ അയൽക്കാർക്കും കുട്ടികൾക്കുമൊപ്പം സമയം ആസ്വദിക്കാൻ ടെറസിൽ ഒത്തുകൂടുന്ന ശീലം ഇവർക്കുണ്ട്. ജീവിതം ഏറെ സന്തോഷകരമായി മുന്നേറുമ്പോൾ ഇടിമിന്നൽപോലെ ഒരു പൊലീസ് ഇൻസ്പെക്ടർ വരുന്നു, അവരുടെ സ്വൈരജീവിതമാകെ തകരാറിലാകുന്നു.

രാത്രി ബഹളമുണ്ടാക്കരുതെന്നും മര്യാദയോടെ ജീവിക്കണമെന്നുമൊക്കെ താക്കീത് നൽകുകയും വിരട്ടുകയും ചെയ്യുന്നു. എന്നാൽ, ശരവണൻ പൊലീസിന്‍റെ വിരട്ടലിനെ നേരിടുകയും ഇരുവരും തമ്മിൽ പ്രതികാരപരമായി പെരുമാറുകയും ചെയ്യുന്നതോടെ സിനിമയുടെ താളം ഉദ്വേഗനിമിഷത്തിലേക്ക് വഴിമാറുന്നു.

സിനിമ മുന്നോട്ടുപോകവെ ശരവണനും കുടുംബവും ഒരു കൊലപാതകക്കേസിൽ കുടുങ്ങുന്നതോടെ അധികാരമുഷ്ടിയും അതിനോടുള്ള അടങ്ങാത്ത പ്രതികാരവുമായി നായകനും സിനിമയും ഒരുപോലെ സഞ്ചരിക്കുന്നു. അധികാരമുള്ളിടത്ത് അഹങ്കാരവും ഉണ്ടാകുന്നു എന്ന് പറയാറുണ്ട്. അവിടെ മനുഷ്യനെ മറക്കുകയും ദയ, സ്നേഹം, വാത്സല്യം, കാരുണ്യം എന്നിവ അസ്തമിക്കുകയും ഈഗോ മുളപൊട്ടുകയും ചെയ്യുന്നു. ഞാനെന്ന ഭാവം, ഞാൻ മാത്രം ശരി, എന്നേക്കാൾ വലിയവനായി ആരുമില്ല എന്നു തുടങ്ങുന്ന മനോഭാവത്തെയാണ് ഈഗോ ആയി കണക്കാക്കുന്നത്. സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ സന്തോഷത്തെയും തകർത്തേ ഈഗോ അവസാനിക്കൂ. പൊലീസുകാരനായ ഈഗോയുള്ളവനോട് പടവെട്ടുമ്പോൾ നഷ്ടം ചിലപ്പോൾ രണ്ടു കൂട്ടർക്കും സംഭവിച്ചെന്നു വരാം. സംവിധായകന്‍റെ കുപ്പായത്തിനൊപ്പം ഇളങ്കോ എന്ന ഈഗോയിസ്റ്റിക് പൊലീസ് ഉദ്യോഗസ്ഥനായും മദൻകുമാർ ദക്ഷിണാമൂർത്തി അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. സാധാരണ കാണുന്ന ഈഗോയുള്ള പൊലീസുകാരനപ്പുറം സൈക്കോപത്തിക് കഥാപാത്രമായി അഭിനയിച്ച് ഫലിപ്പിക്കാൻ വലിയ കഴിവുതന്നെ വേണം. ഈയൊരർഥത്തിൽ ഇളങ്കോ മദൻകുമാറിന്‍റെ കൈയിൽ നിധിപോലെ ഭദ്രമായിരുന്നു. വക്കീലിന്‍റെ കുപ്പായമണിഞ്ഞെത്തിയ വസന്ത് മാരിമുത്തുവിന്റെ പ്രകടനവും എടുത്തുപറയണം.

അധികാരമുണ്ടെങ്കിൽ ലോകത്ത് എന്തുമാകാമെന്ന ചിന്തയിൽനിന്ന് അതിനെ നേരിടുമ്പോഴായിരിക്കും ഒരാൾ യഥാർഥ നായകനാവുന്നതെന്ന് സംവിധായകൻ സിനിമയിൽ അടിവരയിടുന്നുണ്ട്. റോബർട്ട് സർഗുണത്തിന്റെ സംഗീതവും പശ്ചാത്തല സ്‌കോറും സിനിമയുടെ ആഴത്തെയും പരപ്പിനെയും എടുത്തുകാണിക്കുന്നു. പ്രത്യേകിച്ച് ഇടവേളക്കുമുമ്പുള്ള സീക്വൻസുകളിൽ, വികാരങ്ങളുടെ ഒരു ശ്രേണിതന്നെ പ്രേക്ഷകന് സമ്മാനിക്കാൻ പശ്ചാത്തല സംഗീതത്തിനാകുന്നുണ്ട്. പരിചിതമായ കഥയെയാണ് നൂഡ്ൽസ് പര്യവേക്ഷണം ചെയ്യുന്നതെങ്കിലും തീവ്രവും ശക്തവുമായ തിരക്കഥയാണ് ഇതിലേക്ക് പ്രേക്ഷകനെ ആകർഷിക്കുന്നത്.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noodlesfilm review
News Summary - film review; noodles
Next Story