മിതമായ ഭാഷയിൽ പറഞ്ഞാൽ നല്ലൊരു തിരക്കഥ പോലുമില്ലാത്ത പരമ ബോറൻ യക്ഷിക്കഥ; ലോകയെ വിമർശിച്ച് ബി. ഇക്ബാൽ
text_fieldsതിയേറ്ററിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന ലോക ചാപ്റ്റർ 1 ചന്ദ്ര സിനിമക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ വിദഗ്ധനും കേരള യൂനിവേഴ്സ്റ്റി മുൻ വി.സിയുമായ ഡോ. ബി. ഇക്ബാൽ. മിതമായ ഭാഷയിൽ പറഞ്ഞാൽ ഭീഭത്സം, അരോചകം, അസഹ്യം എന്നൊക്കെ മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥയാണ് ലോകയെന്നുമാണ് ഡോ. ബി. ഇക്ബാൽ ഫേസ്ബുക്കിൽ കുറിച്ചത്.
വലിയ കൊലച്ചതിയായിപ്പോയെന്നും ഇപ്പോഴത്തെ മലയാള സിനിമ സൂപ്പർസ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാ ബജറ്റ് മാനിയ ദുൽഖറിനെയും ബാധിച്ചിരിക്കുന്നു. കടമറ്റത്ത് കത്തനാർ മുതൽ ഡ്രാക്കുള വരെ എത്രയോ യക്ഷിസിനിമകൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് മേൽ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുൽഖറിനെ പോലൊരു യുവ പ്രതിഭയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല എന്നും ബി. ഇക്ബാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
മലയാള സിനിമയിൽ യക്ഷിബാധ!
ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടയ്ക്ക് ചെറിയ ആരോഗ്യപ്രശ്‌നം വന്നതിനാൽ നീണ്ടുപോയി. വളരെനാൾ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയറ്ററിൽ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമിച്ച ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’. ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’, നമ്മുടെ പ്രിയ യുവനടൻ ദുൽഖർ സൽമാൻ—അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ നിർമിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാൻ മടിക്കുമെന്നത് കൊണ്ട് ഞാൻ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം.ഇത് വലിയൊരു കൊലച്ചതിയായി പോയി ദുൽഖർ. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പർസ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാ ബജറ്റ് മാനിയ ദുൽഖറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയിൽ പറഞ്ഞാൽ, "ഭീഭത്സം", ‘അരോചകം’ ‘അസഹ്യം’ എന്നൊക്കെ മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷികഥ.കടമറ്റത്ത് കത്തനാർ മുതൽ ഡ്രാക്കുള വരെ—എത്രയോ യക്ഷിസിനിമകൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് മേൽ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുൽഖറിനെ പോലൊരു യുവ പ്രതിഭയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സർറിയൽ സിനിമകളൊക്കെയാവാം. അതിൽ തെറ്റില്ല. പക്ഷേ കലാമൂല്യം വേണം. അതിന്റെ തരിമ്പ് പോലും ചിത്രത്തിലില്ല. സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതിയ ശ്വാസമെടുത്തപ്പോൾ വരുന്നു കിടിലൻ ട്വിസ്റ്റ്: “ചാത്തൻമാർ ഇനിയും വരും”. അതായത് "ലോക" പീഡന ശൈലിയിൽ തുടർ സിനിമകളും വരുമെന്ന ഭീഷണി തന്നെ!സിനിമയ്ക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോൾ നീലി യക്ഷിക്കായി ഒ നെഗറ്റിവ് രക്തം ദാനം ചെയ്യാൻ തിയേറ്ററുകൾക്ക് മുൻപിൽ ജെൻസി ക്യൂനിന്ന് തുടങ്ങുമോ എന്നാണെന്റെ ഭയം. ഇപ്പോഴിതാ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന യക്ഷിക്കഥയാവാൻ സാധ്യയുള്ള ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷി പീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാർഗം ഒന്നേയുള്ളൂ—ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

