Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_right'ബോളാഗോളം' ഒരു...

'ബോളാഗോളം' ഒരു ചെറുഗോളമല്ല- റിവ്യു

text_fields
bookmark_border
ബോളാഗോളം ഒരു ചെറുഗോളമല്ല- റിവ്യു
cancel

അടുത്തകാലത്തായി മലയാള സിനിമയിൽ കായിക പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെ എണ്ണം ശ്രദ്ധേയമായി വർധിച്ചിട്ടുണ്ട്. ക്രിക്കറ്റും അത്‌ലറ്റിക്സും വോളിബോളുമെല്ലാം പ്രമേയമായെത്തിയപ്പോൾ, ഫുട്ബാളിന് മലയാളികളുടെ മനസ്സിലുള്ള പ്രത്യേക സ്ഥാനമാണ് വീണ്ടും വീണ്ടും സിനിമകളെ ആ വിഷയത്തിലേക്ക് ആകർഷിക്കുന്നത്. അത്തരത്തിൽ മലപ്പുറത്തിന്റെ മനസ്സറിയുന്ന സെവൻസ് ഫുട്ബാൾ സംസ്കാരത്തെയും അതുമായി ഇഴചേർന്ന ഒരു ഗ്രാമത്തിന്റെ ജീവിതത്തെയും കേന്ദ്രമാക്കി ഒരുക്കിയ ചിത്രമാണ് ബോളാഗോളം.

സിനിമയുടെ പേരുപോലെ തന്നെ, ഇവിടെ പന്ത് ഒരു കളിയുപകരണം മാത്രമല്ല; ഒരു സമൂഹത്തെ ഒന്നിപ്പിക്കുന്ന ശക്തിയും ജീവിതത്തെ മാറ്റിമറിക്കുന്ന പ്രതീക്ഷയുമാണ്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്ന സംവിധായകൻ, ഐസ്‌ലാൻഡിൽ കായികപ്രവർത്തനങ്ങളിലൂടെ ലഹരിയിൽ നിന്ന് യുവതലമുറയെ തിരിച്ചുപിടിച്ച സാമൂഹിക ഇടപെടലിനെയും തന്റെ പ്രചോദനങ്ങളിലൊന്നായി അവതരിപ്പിക്കുന്നു.

കളിസ്ഥലങ്ങൾ നഷ്ടപ്പെട്ടതോടെ ലഹരി ഗ്രാമത്തിലേക്ക് വേരുറപ്പിക്കുന്ന സാഹചര്യമാണ് സിനിമയുടെ തുടക്കം. ഒരു കളിക്കളം തിരികെ നേടിയാൽ ഗ്രാമത്തിന്റെ ജീവിതവും മാറുമെന്ന വിശ്വാസവുമായി കുറച്ച് യുവാക്കൾ രംഗത്തിറങ്ങുമ്പോൾ, അത് പിന്നീട് ഒരു നാടിന്റെ സ്വപ്നമായി വളരുന്നു. കുട്ടികൾക്ക് പരിശീലന വേദിയും യുവാക്കൾക്ക് ലക്ഷ്യബോധവും മുതിർന്നവർക്ക് ആരോഗ്യശീലവും വീട്ടമ്മമാർക്ക് ആത്മവിശ്വാസവും സമ്മാനിക്കുന്ന പൊതു ഇടമായി ആ കളിക്കളം മാറുന്നുണ്ട്. ഒരു കളിസ്ഥലം സമൂഹത്തിന്റെ സാമൂഹിക ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കാമെന്നത് ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

എന്നാൽ ഫുട്ബാളിന്റെ കഥ പറയുക മാത്രമല്ല ചിത്രം ചെയ്യുന്നത്. ലഹരി മാഫിയയുടെ ഇടപെടലുകളും അതിനെ ചെറുക്കാൻ ഗ്രാമം നടത്തുന്ന കൂട്ടായ ശ്രമങ്ങളും കഥക്ക് സാമൂഹിക പ്രസക്തി നൽകുന്നു. ഫുട്ബാൾ ഒന്നാം പകുതിയാണെങ്കിൽ ജീവിതമാണ് രണ്ടാം പകുതിയെന്ന് സിനിമ പറയാതെ പറയുന്നുണ്ട്. കളിയിൽ മികച്ച പ്രകടനം നടത്തിയ ടീം എല്ലായ്പ്പോഴും ജയിക്കണമെന്നില്ല. ജീവിതത്തിലും അതുതന്നെയാണ് യാഥാർഥ്യം. ഈ ആശയമാണ് ചിത്രത്തിന്റെ വൈകാരിക തലങ്ങളെ കൂടുതൽ ശക്തമാക്കുന്നത്.

അഖിൽ പ്രഭാകർ അവതരിപ്പിച്ച മുത്തുവും കാശിനാഥിന്റെ തൊത്തുവും ചിത്രത്തിന്റെ ആത്മാവുകളാണ്. ഇരുവരുടെയും ബന്ധവും ജീവിത പോരാട്ടങ്ങളും സിനിമക്ക് വൈകാരിക തലം നൽകുന്നു. കൈലാഷ്, ഉണ്ണിനായർ, ആലിയ, ലത അനിൽ, ലാല മലപ്പുറം, ശിക്കു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ വിശ്വസനീയമാക്കുന്നുണ്ട്. മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക സ്വന്തം പേരിൽ അതിഥി വേഷത്തിലെത്തുന്നതും ശ്രദ്ധേയമാണ്. പുതുമുഖങ്ങളും സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിന് കൂടുതൽ സ്വാഭാവികത നൽകുന്നുണ്ട്.

തിരക്കഥയുടെ കരുത്തിനപ്പുറം സംവിധായകൻ്റെ കൈയൊപ്പ് സിനിമയിലെ സെൻ്റിമെൻ്റ്സ് വർക്കാക്കുന്നുണ്ട്. ഉള്ളു കൊളുത്തി വലിച്ച് നോവുണർത്തുന്ന ചില രംഗങ്ങൾ കണ്ണുനിറക്കാതെ കണ്ടിരിക്കാനാകില്ല എന്നത് സംവിധാനമികവുകൊണ്ടുതന്നെയാണ്. കൂടുതൽ ശ്രദ്ധിച്ചാൽ സംവിധായക കുപ്പായം ജുനൈസിനിണങ്ങിയതുതന്നെയെന്ന് വ്യക്തമാകും. എഡിറ്റിങ് കൊണ്ട് ഒന്നുകൂടി ഒതുക്കാമായിരുന്നെങ്കിൽ കൂടുതൽ ഫാസ്റ്റസ്റ്റ് ആയി ഫീൽ ചെയ്യിക്കാനാകുമായിരുന്നു. എന്നാൽ ആ പോരായ്മകളെ മറികടക്കാൻ ചിത്രത്തിന്റെ ആത്മാർഥതക്കും സാമൂഹിക പ്രതിബദ്ധതക്കും സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സിലേക്കുള്ള ദൃശ്യവിന്യാസം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.

ഷമീർ ജിബ്രാന്റെ ഛായാഗ്രഹണം ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും കളിക്കളത്തിന്റെ ആവേശവും മനോഹരമായി പകർത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വികാരലോകത്തെ സമ്പന്നമാക്കുന്നു. സംവിധായകൻ ജുനൈസ് കാപ്പിന്റെ വരികൾക്ക് സാദിഖ് പന്തല്ലൂർ സംഗീതം നൽകിയ "പിരിശമേ..." എന്ന ഗാനം മനസ്സിൽ തങ്ങിനിൽക്കുന്നതാണ്. മുഹമ്മദ് മഖ്ബൂൽ മൻസൂറും ആയിഷ നിഹ്മയും ചേർന്നുള്ള ആലാപനവും ഗാനത്തിന്റെ ശക്തി വർധിപ്പിക്കുന്നുണ്ട്.

ആണ്ടലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.ടി. അബ്ദുൽ സലീമാണ് നിർമാണം. സിനിമയുടെ അവസാനത്തിൽ പ്രദർശനത്തിലൂടെ ലഭിക്കുന്ന വരുമാനം കളിക്കളം നിർമാണത്തിനായി വിനിയോഗിക്കുമെന്ന പ്രഖ്യാപനം ചിത്രത്തിന്റെ സാമൂഹിക ലക്ഷ്യം കൂടുതൽ വ്യക്തമാക്കുന്നു.

മയക്കുമരുന്ന് മാത്രമല്ല, മൊബൈൽ ഫോണും വർഗീയതയും രാഷ്ട്രീയതയും ഉൾപ്പെടെയുള്ള ഏത് അടിമത്തവും മനുഷ്യജീവിതത്തെ നശിപ്പിക്കുന്ന ലഹരികളാണെന്ന തിരിച്ചറിവാണ് ബോളാഗോളം മുന്നോട്ടുവക്കുന്നത്. എന്തായാലും ഫിഫ ലോകകപ്പിൻ്റെയും ഓപറേഷൻ തൂഫാൻ്റെയും കാലത്ത് കണ്ടിരിക്കേണ്ട ഒരു ഫീൽഗുഡ് മൂവി തന്നെയാണ് ബോളാ ഗോളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewmalayalam movieMovie Newsentertainment
News Summary - "Bolagolam" movie review
Next Story