Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഅപ്പൻ: പൈതൃക...

അപ്പൻ: പൈതൃക ശാപത്തിന്റെ ആഖ്യാന തീക്ഷ്ണത

text_fields
bookmark_border
അപ്പൻ: പൈതൃക ശാപത്തിന്റെ ആഖ്യാന തീക്ഷ്ണത
cancel

അപ്പനെന്നാൽ കരുതലും സുരക്ഷയുമാണെന്നാണ് പരമ്പരാഗത സങ്കൽപ്പം. അന്നം നൽകുന്ന, സംരക്ഷണം നൽകുന്ന, പൈതൃകമായി സമ്പത്തും ആർദ്രമായ ഓർമകളും വിട്ടേച്ചുപോകുന്ന മനുഷ്യരായാണ് നാം പിതാവെന്ന സങ്കൽപ്പ​െത്ത താലോലിക്കുന്നത്. എന്നാലിതുമാത്രമാണോ അപ്പൻ. എല്ലാ മനുഷ്യരിലും തങ്ങളുടെ അപ്പന്മാർ വിട്ടേച്ചുപോകുന്നത് അഭിമാനകരമായ ഓർമകളാണോ? മജു സംവിധാനം ചെയ്ത 'അപ്പൻ' എന്ന സിനിമ അന്വേഷിക്കുന്നത് ഇതിനുള്ള ഉത്തരമാണ്. പിതാവെന്ന സങ്കൽപ്പങ്ങളെ ഒരുപരിധിയോളം വക്രീകരിക്കുകയും കീഴ്മേൽ മറിക്കുകയും ചെയ്യും 'അപ്പൻ'.

അപ്പനെന്ന വെല്ലുവിളി

എല്ലാ സിനിമകളും ഒരുതരത്തിൽ പ്രതിസന്ധികളുടെ ആഖ്യാനങ്ങളാണ്. മനുഷ്യർ നേരിടുന്ന വിവിധതരം പ്രതിസന്ധികളായിരിക്കും സിനിമകൾക്ക് കഥയാകാറുള്ളത്. സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രതിസന്ധികളെല്ലാം സിനിമകളിൽ പ്രമേയങ്ങളാവാറുണ്ട്. ഹോളിവുഡിൽ പ്രകൃതിയും, പ്രേതവും, മൃഗങ്ങളും വെല്ലുവിളി ഉയർത്തുന്ന ​സിനിമകൾ ഉണ്ടാകാറുണ്ട്. അപ്പനിലെ പ്രതിസന്ധി ഒരു അപ്പൻ തന്നെയാണ്.


മനുഷ്യൻ ഏറെ നിസ്സഹായിപ്പോകുന്ന ചില സന്ദർഭങ്ങളിൽ ഒന്നിനെയാണീ സിനിമ അടയാളപ്പടുത്തുന്നത്. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനാകാത്ത പ്രതിസന്ധിയാണ് അപ്പൻ സൃഷ്ടിക്കുന്നത്. ശത്രുവാണെന്ന് ഉറപ്പിച്ചാൽ നമ്മുക്ക് നിഗ്രഹത്തിനിറങ്ങാം. മനപ്രയാസമില്ലാതെ ശത്രുവിനെ ആക്രമിച്ച് കീഴടക്കാം. എന്നാൽ അപ്പൻ ശത്രുവായാൽ ഒരു കുടുംബം എന്തുചെയ്യും. സംരക്ഷിക്കുമോ, നിഗ്രഹിക്കുമോ. സ്നേഹിക്കുമോ വെറുക്കുമോ. അതിസങ്കീർണ്ണമായ ഈ പ്രമേയപരിസര​െത്ത അതിമനോഹരമായി വ്യാഖ്യാനിച്ചിരിക്കുന്ന സിനിമയാണ് അപ്പൻ.

സിനിമയിലെ കാലവും സമയവും

മലയോര ഗ്രാമത്തിലെ മധ്യവർഗ കുടുംബത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. അപ്പനും ഭാര്യയും മകനും മരുമകളും കൊച്ചുമകനും അടങ്ങിയ കുടുംബമാണിത്. കുടുംബം അനുഭവിക്കുന്ന വലിയ പ്രതിസന്ധി അപ്പനാണ്. എല്ലാത്തരം കൊള്ളരുതായ്മകളുടേയും വിളിനിലമായൊരു അപ്പനാണയാൾ. ഇന്നയാൾക്ക് ആരോഗ്യം ക്ഷയിച്ചിരിക്കുന്നു. സമ്പത്ത് ചിലവഴിക്കാനുള്ള ശേഷി നഷ്ട​െപ്പട്ടിരിക്കുന്നു. കട്ടിലിൽ കിടന്നും അയാൾ തന്റെ പാട്രിയാർക്കലായ അതിക്രമങ്ങൾ തുടരുന്നുണ്ട്. ചുറ്റുമുള്ളവരെ കൗശലംകൊണ്ട് വട്ടംകറക്കുകയും മുന്നിലെത്തുന്ന ചുരുക്കം ചിലരൊഴിച്ച് എല്ലാപേരിലും അധികാരം പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. തീർച്ചയായും അപ്പൻ എന്ന കഥാപാത്ര സൃഷ്ടിയിൽ അതി​ശയോക്തിയുണ്ട് എന്ന് സമ്മതിക്കേണ്ടിവരും. ഇത്രയും സമജ്ഞസമായി തിന്മകൾ സമ്മേളിക്കുന്ന മനുഷ്യർ ഉണ്ടാകനിടയില്ല. എന്നാൽ ഇട്ടിച്ചനെന്ന സിനിമയിലെ അപ്പന്റെ വിവിധ പതിപ്പുകൾ തന്നെയാണ് നമ്മുക്ക് ചുറ്റിലുമുള്ള എല്ലാ അപ്പന്മാരുമെന്നത് നിസ്തക്കമാണ്.

അതിമനോഹരമായ പാത്രസൃഷ്ടികൾ

സിനിമയിലെ ആത്മാവ് അപ്പൻ എന്ന കഥാപാത്രമാണ്. കണിശയായൊരു പാത്രസൃഷ്ടിയാണത്. ഏറെക്കുറേ പൂർണതയോടെയാണ് അപ്പന്റെ മനോവ്യാപാരങ്ങൾ അണിയറക്കാർ സിനിമക്കായി ഒരുക്കിയിരിക്കുന്നത്. ചുറ്റുമുള്ള കഥാപാത്രങ്ങളും കഥാസന്ദർഭത്തിന് യോജിച്ചതാണ്. എടുത്തുപറയേണ്ടത് അപ്പനായ ഇട്ടിച്ചനായി വേഷമിട്ട അലൻസിയററുടെ പ്രകടനമാണ്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അലൻസിയററുടെ ഇട്ടിച്ചൻ. ആ പ്രകടനത്തിനുമാത്രമായി ഒരാൾക്ക് സിനിമ കാണാവുന്നതാണ്.


ഇട്ടിച്ചന്റെ ഭാര്യയായി വേഷമിട്ട പോളിവത്സനും മകൻ ഞൂഞ്ഞുവായ സണ്ണി വെയിനും, മകളായ ഗ്രേസ് ആന്റണിയും മരുമകളായ അനന്യയും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. സിനിമയിൽ വന്നുപോകുന്നവർക്കെല്ലാം ഓർമയിൽ തങ്ങുന്ന മുഖം നൽകാൻ സംവിധായകന് ആയിട്ടുണ്ട്. രണ്ട് മൂന്ന് സീനുകളിൽ വന്നുപോകുന്ന കപ്യാരെപ്പോലും നാം മറക്കില്ല എന്നത് സിനിമ ആഴത്തിൽ പ്രേക്ഷകരുടെ മനസിൽ വേരോടുന്നതുകൊണ്ടുകൂടിയാണ്.

ഹാസ്യത്തിന്റെ മേമ്പൊടി

അപ്പനിലെ പ്രമേയം ഒട്ടും ആഹ്ലാദം നൽകുന്നതല്ല. ജീവിതത്തിന്റെ കറുത്ത അധ്യായങ്ങളിലൊന്നാണതിൽ ചിത്രീകരിച്ചിരിക്കുന്നത്. അപ്പനിൽ അന്തർധാരയായി ഹാസ്യത്തിന്റെ ഒരു ഒഴുക്കുണ്ട്. സിനിമയെ ആസ്വാദ്യകരമാക്കുന്നതിൽ അത് നല്ല പങ്കുവഹിക്കുന്നുമുണ്ട്. ഗ്രേസ് ആന്റണി എന്ന നടിയുടെ മികവ് പ്രകടമാകുന്നത് അവിടെയാണ്. ഒരു മഴവില്ലിലെന്നപോലെ ഭാവങ്ങൾ മിന്നിമറയുന്ന ഗ്രേസിന്റെ മുഖം, അലൻസിയറിന്റെ പ്രകടനം കഴിഞ്ഞാൽ എടുത്തുപറയേണ്ടതാണ്.


മറ്റൊരു കാര്യം സിനിമയുടെ പ്രമേയ വികാസമാണ്. അപ്പൻ എന്ന കഥാപാത്രം വികസിക്കുന്നത് പടിപടിയായാണ്. കവലപ്രസംഗങ്ങൾ നടത്തി പ്രമേയ പരിസരം വികസിപ്പിക്കുന്ന താരതമ്യേന വിലകുറഞ്ഞ രീതിയല്ല സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കഥാഗതിയെ മുന്നോട്ട് നയിക്കുന്നത് അതിന് യോജിച്ച സന്ദർഭങ്ങളാണ്. നിലവാരമുള്ള കഥപറച്ചിലിന്റെ ലക്ഷണമാണത്. അപ്പന്റെ ക്രൂരതകൾ ഒന്നൊന്നായി ഇഴപിരിച്ചെടുക്കുന്ന ക്രാഫ്റ്റിന് സിനിമയുടെ അണിയറക്കാർ അഭിനന്ദനം അർഹിക്കുന്നു.

പോരായ്മകൾ

ഇടവേള കഴിയുമ്പോഴേക്കും അനുഭവിക്കാനിടയുള്ള ഇഴച്ചിൽ സിനിമക്കുണ്ട്. അത് ഏറെനേരം നീണ്ടുനിൽക്കുന്നില്ലെങ്കിലും അത്തരമൊരു ലാഗ് പ്രേക്ഷകന് തോന്നാവുന്നതാണ്. സണ്ണിവെയിന്റെ ഞൂഞ്ഞ് നടത്തുന്ന ചില പായാരം പറച്ചിലുകൾ സിനിമക്ക് കല്ലുകടിയാണ്. തെമ്മാടിയായൊരു അപ്പന്റെ മകൻ എന്ന നിലയിൽ അനുഭവിക്കേണ്ടിവന്ന വിഷമതകൾ ഈ നടൻ ഏറെക്കുറേ തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. എന്നാൽ മികച്ചവർക്കിടയിൽ ശരാശരിയായിപ്പോകുന്നതിന്റെ പ്രശ്നം ഞൂഞ്ഞിനുണ്ട്.


സിനിമയിലെ ചില ഹാസ്യ ശ്രമങ്ങൾ പാളിപ്പോയിട്ടുണ്ട്. അപ്പനെ കാണാൻ വേശ്യയെക്കൂട്ടിക്കൊണ്ടുവരുന്നതും അതിനിടയിലെ പിടിവലിയും സഹോദരനും അപ്പനും തമ്മിലുള്ള കലഹത്തിനിടെ ഗ്രേസ് ആന്റണിയുടെ കഥാപാത്രം ഓടിപ്പോകുന്നതുമെല്ലാം സിനിമയിലെ ദുർബല നിമിഷങ്ങളാണ്. ചില സ്റ്റീരിയോടൈപ്പുകളും സിനിമ പിന്തുടരുന്നുണ്ട്. കുടുംബത്തി​ന്റെ സ്വത്ത് തട്ടാൻ വരുന്ന മകളുടെ വേഷമാണിതിൽ ഗ്രേസിന്റെ മോളിക്കുള്ളത്. ആവർത്തിച്ച് പഴകിയ സ്റ്റീരിയോ ടൈപ്പാണിത്.

ബ്രില്യൻസുകൾ

അപ്പനിൽ നിരവധി ബ്രില്യന്റായ സിനിമാ സന്ദർഭങ്ങളുണ്ട്. രണ്ടുതരം അപ്പന്മാരുടെ മനോവ്യാപാരങ്ങൾ സിനിമയിലുണ്ട്. ഇട്ടിച്ചനും ഞൂഞ്ഞും അപ്പന്മാരാണ്. ഞൂഞ്ഞിന്റെ ഏറ്റവും വലിയ വേവലാതി തന്റെ മകനാണ്. നിത്യജീവിതത്തിലും ഓരോ മനുഷ്യരുടേയും വലിയ ​വേവലാതി തന്നെയാണിത്. മ​െറ്റാന്ന് അമ്മയോടുള്ള ഞൂഞ്ഞിന്റെ അനുകമ്പയാണ്. അപ്പനെതിരല്ല താൻ എന്നും അമ്മയെ വേദനിപ്പിക്കാൻ സമ്മതിക്കില്ല എന്നുമാണ് ഞൂഞ്ഞിന്റെ വാദം. 90 ശതമാനം പിതാവ്-പുത്ര സംഘർഷങ്ങളിലും ഈ വാദം നമ്മുക്ക് കാണാവുന്നതാണ്.

ഇട്ടിച്ചന്റെ ഭാര്യയാണ് മറ്റൊരു സൂക്ഷ്മ സൃഷ്ടി. ഭർത്താവിന് എതിരാണ് അവരെങ്കിലും അയാളെ കൊല്ലാനവർക്ക് ആഗ്രഹമുണ്ടെങ്കിലും മകനും ഭർത്താവും തമ്മിലുള്ള സംഘർഷത്തിൽ അവർ പതറിപ്പോവുകയാണ്. എങ്ങിനെയാണ് ഈ ദുരിതത്തിൽ നിന്ന് പുറത്തുകടക്കുക എന്നറിയാത്ത നിസ്സഹായ കഥാപാത്രമാണവർ. ലോകത്തെ ഓരോ കുടുംബത്തിലും ഇത്തരം സ്ത്രീകളെ നമ്മുക്ക് കാണാനാകും. ഒരു ചക്രവ്യൂഹത്തിലെന്നപോലെ കറങ്ങുകയായിരിക്കും അവർ. തങ്ങളുടെ പ്രശ്നങ്ങൾ അവർക്ക് വ്യക്തമാണെങ്കിലും പരിഹാരത്തെക്കുറിച്ച് ഒരു ധാരണവും ഉണ്ടാവില്ല.

സൂക്ഷ്മമായ ചില രംഗങ്ങളും അപ്പനിലുണ്ട്. ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് വരുന്ന മോളി ആദ്യം കാണുന്നത് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന തന്റെ സഹോദരന്റെ മകനെയാണ്. അവന്റെ പഴയൊരു മുച്ചക്ര സൈക്കിൾ നോക്കി മോളി ചോദിക്കുന്ന ചോദ്യം ഇത് സെക്കൻഡ്ഹാൻഡ് ആണോടാ എന്നാണ്. ഈ ഒറ്റ രംഗത്തിലൂടെ സിനിമ തരുന്ന ഒരുപാട് ബിംബങ്ങളുണ്ട്. അതിൽ മോളിയുടെ കുശുമ്പും ഞൂഞ്ഞിന്റെ ദാരിദ്ര്യവുമുണ്ട്. അപ്പനിൽ ഇത്തരം നിരവധി കഥാസന്ദർഭങ്ങളുണ്ട്.

വിധി

അപ്പൻ മികച്ച സിനിമയാണ്. പ്രമേയ ഭാരമുള്ള സിനിമയാണിത്. ലളിതമായ പരിസരവും തീവ്രമായ ആഖ്യാനവും സിനിമക്ക് മുതൽക്കൂട്ടാണ്. അലൻസിയറർ എന്ന നടൻ ഇട്ടിച്ചൻ എന്ന കഥാപാത്രത്തിലുടെ ഏറെക്കാലം ഓർമിക്കപ്പെടും. അപ്പന് അഞ്ചിൽ മൂന്നര മാർക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewmalayalam movieappan
News Summary - appan new malayalam movie review
Next Story