റിലീസ് ദിവസം തന്നെ ബോക്സ് ഓഫിസ് തൂത്തുവാരി സുബീൻ ഗാർഗിന്റെ അവസാന ചിത്രം ‘റോയ് റോയ് ബിനാലെ’
text_fieldsഗുവാഹത്തി: ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗായകനും സംഗീത സംവിധായകനുമായ സുബീൻ ഗാർഗ് അഭിനയിച്ച അവസാന ചിത്രം ‘റോയ് റോയ് ബിനാലെ’ റിലീസ് ചെയ്തു. ആദ്യ ദിനം തന്നെ ചിത്രം അസമിലെ ബോക്സ് ഓഫിസ് തൂത്തുവാരി. ഒരാഴ്ചത്തേക്ക് എവിടെയും ടിക്കറ്റ് ലഭ്യമല്ല എന്നാണ് വിവരം.സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ നീന്തുന്നതിനിടെ മരിച്ച, അസമുകാരുടെ പ്രിയ ഗായകന്റെ വൻ ജനപ്രീതിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
അസാധാരണ പ്രതികരണമാണ് ‘റോയ് റോയ് ബിനാലെ’ക്ക് ലഭിച്ചതെന്ന് യു.എഫ്.ഒ മൂവീസിന്റെ ജനറൽ മാനേജർ സൗരവ് ദത്ത പറഞ്ഞു. ‘നിങ്ങൾക്ക് ഒരു ആഴ്ചത്തേക്ക് ടിക്കറ്റ് ലഭിക്കില്ല. അസമീസ് ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായാണിത്. ഇത് വെറുമൊരു സിനിമയല്ല. സുബീൻ ഗാർഗിനായുള്ള ഒരു വൈകാരിക പൊട്ടിത്തെറിയാണെ’ന്നും അദ്ദേഹം പറഞ്ഞു.
17 വർഷമായി ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നയാളാണ് ദത്ത. ഇതുവരെ ഒരു ഇംഗ്ലീഷ്, ഹിന്ദി, അസമീസ് ചിത്രത്തിനും ഇത്രയും സ്വീകരണം അസമിൽ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ സുബീൻ ഒരു അന്ധനെയാണ് അവതരിപ്പിക്കുന്നത്.
രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിലെ 91 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്‌തു. അതിൽ അസമിലെ 85 സ്‌ക്രീനുകളും ഉൾപ്പെടുന്നു. അടുത്ത ഏഴു ദിവസത്തേക്ക് 585ലധികം പ്രതിദിന ഷോകളുണ്ട്. രാജ്യവ്യാപകമായി 92 സ്‌ക്രീനുകളിലായി പ്രതിദിനം 150ലധികം ഷോകളുണ്ട്.
ആദ്യമായാണ് ലക്നോ, പുണെ, ഡെറാഡൂൺ, ജംഷഡ്പൂർ, പട്‌ന, ധൻബാദ്, ഝാൻസി, കട്ടക്ക്, ഭുവനേശ്വർ, കൊച്ചി, ജയ്പൂർ, ഗോവ, ഇൻഡോർ തുടങ്ങിയ നഗരങ്ങളിൽ ഒരു അസമീസ് ചിത്രം പ്രദർശിപ്പിക്കുന്നത്. അസമിലെ മുഴുവൻ സ്‌ക്രീനുകളും ബുക്ക് ചെയ്തിട്ടുണ്ട്. പുലർച്ചെ 4.45നാണ് ആദ്യ ഷോ. ‘ഈ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. കലക്ഷനെക്കുറിച്ച് എനിക്ക് ഒരു ഊഹവുമില്ല. പക്ഷേ, അത് മുൻകാല റെക്കോർഡുകളെല്ലാം മറികടക്കും’ - ദത്ത പറഞ്ഞു.
ചിത്രം രണ്ട് മാസം ഓടിയാൽ 50 കോടി വരെ വരുമാനം ലഭിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ കണക്കാക്കുന്നു. അസമിലെ ഭൈമോൻ ഡാ, രഘുപതി, ബിദുർഭായ് തുടങ്ങിയ മുൻ ഹിറ്റുകൾ 13 കോടിയോളമേ നേടിയിട്ടുള്ളൂ. താൻ വേഷമിട്ട സിനിമയിൽ വളരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സുബീൻ, അതിന്റെ റിലീസിങ്ങിനെക്കുറിച്ച് ഏറെ ആവേശത്തിലായിരുന്നു.
അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ ലക്ഷക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിൽ നിന്ന് കഹിലിപാറയിലെ വീട്ടിലേക്കും പിന്നീട് സംസ്കാരത്തിനായി സോണാപൂരിലേക്കും അനുഗമിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം ആരാധകരുടെ തീർത്ഥാടന കേന്ദ്രമായും മാറി.
ആൾ അസം സുബീൻ ഗാർഗ് ഫാൻ ക്ലബ്ബ് ബെൽറ്റോള കോളജ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം പ്രൊമോഷനൽ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗും നിരവധി സെലിബ്രിറ്റികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

