വിവാദങ്ങൾക്കൊടുവിൽ സീ5ൽ റിലീസ് ചെയ്ത 'സത്‌ലജ്' വീണ്ടും പ്രതിസന്ധിയിൽ; ഇന്ത്യയിൽ സ്ട്രീമിങ് നിർത്തിവെച്ചു
text_fieldsസത്‌ലജ്
ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ശേഷം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ5ൽ റിലീസ് ചെയ്ത ദിൽജിത് ദോസാഞ്ച് നായകനായ 'സത്‌ലജ്' എന്ന ചിത്രം പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. ജൂലൈ 3ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഈ നടപടി.
ചിത്രം നീക്കം ചെയ്ത വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചുകൊണ്ട് സീ5 അധികൃതർ പ്രസ്താവന പുറത്തിറക്കി. ചിത്രം റിലീസ് ചെയ്തതിന് ശേഷം പ്രേക്ഷകർ നൽകിയ പിന്തുണയും സ്നേഹവും വളരെ വലുതാണെന്നും അതിന് ഓരോ പ്രേക്ഷകനോടും നന്ദി പറയുന്നതായും പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ചിത്രത്തിന്റെ കലാപരമായ കാഴ്ചപ്പാടിനെയും ആഖ്യാനത്തെയും പൂർണ്ണമായും പിന്തുണക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ, 'സത്‌ലജ്' ഇന്ത്യയിൽ തത്കാലം ലഭ്യമല്ലെന്ന് സീ5 വ്യക്തമാക്കി. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായും ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ചുവരികയാണെന്നും, നിയമപരമായ മാർഗ്ഗങ്ങളിലൂടെ എത്രയും വേഗം ചിത്രം വീണ്ടും പ്രേക്ഷകരിലെത്തിക്കാൻ ശ്രമിക്കുമെന്നും പ്ലാറ്റ്‌ഫോം ഉറപ്പുനൽകി. നിർഭയവും വ്യക്തവുമായ കഥാഖ്യാനങ്ങൾക്ക് കൂട്ടുനിൽക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും സീ5 പ്രസ്താവനയിൽ പറയുന്നു.
2022ൽ സെൻസർ ബോർഡിന് സമർപ്പിച്ചതുമുതൽ ഈ ചിത്രം വലിയ വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. ചിത്രത്തിൽ 127 കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതായി സംവിധായകനും അണിയറപ്രവർത്തകരും നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരായ നിയമപോരാട്ടങ്ങൾക്കും സെൻസറിങ്ങിനുമായി മൂന്ന് വർഷത്തോളമാണ് ചിത്രം മാറ്റിവെക്കപ്പെട്ടത്. ആദ്യം 'ഘാല്ലുഘാര' എന്നും പിന്നീട് 'പഞ്ചാബ് 95' എന്നും പേര് നൽകിയ ചിത്രം ഒടുവിൽ 'സത്‌ലജ്' എന്ന പേരിലാണ് ഡിജിറ്റൽ റിലീസിന് തയാറായത്.
മനുഷ്യാവകാശ പ്രവർത്തകനായ ജസ്‌വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘സത്‌ലജ്’. പഞ്ചാബിലെ തീവ്രവാദകാലഘട്ടത്തിൽ നടന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. ഈ ചിത്രം തങ്ങളുടെ കുടുംബത്തിന് വലിയ ആശ്വാസം നൽകുന്നതാണെന്ന് ഖൽറയുടെ ഭാര്യ നേരത്തെ പ്രതികരിച്ചിരുന്നു.
ദിൽജിത് ദോസാഞ്ചിനെ കൂടാതെ അർജുൻ രാംപാൽ, കൻവാൾജിത് സിങ്, സുവിന്ദർ വിക്കി, ഗീതിക വിദ്യ ഓല്യൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2023ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാനിരുന്ന ചിത്രം, അധികൃതരുടെ ഇടപെടലിനെത്തുടർന്ന് അവസാന നിമിഷം പിൻവലിച്ചതും വലിയ ചർച്ചയായിരുന്നു. ചിത്രം വീണ്ടും എപ്പോൾ ലഭ്യമാകുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

