'32 വർഷമായി ഞാൻ മാധ്യമപ്രവർത്തകൻ, തെറ്റ് ചെയ്തിട്ടില്ല'; സ്വയം ന്യായീകരിച്ച് ഗൗരി കിഷനെ അധിക്ഷേപിച്ച യൂട്യൂബർ
text_fieldsനടി ഗൗരി കിഷനെ ആക്ഷേപിച്ചതിൽ മാപ്പ് പറയില്ലെന്ന് യൂട്യൂബർ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നുമാണ് യൂട്യൂബർ ആർ.എസ്.കാർത്തിക് പറയുന്നത്. ചോദ്യം ചോദിക്കുന്നതാണ് മാധ്യമപ്രവർത്തകരുടെ ജോലിയെന്നും അതാണ് ചെയ്തതെന്നും കാർത്തിക് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാർത്തിക്.
'32 വർഷമായി ഞാൻ മാധ്യമപ്രവർത്തകനാണ്. ജോളിയായിരിക്കാൻ ചോദിച്ച ചോദ്യമാണ്. തമിഴ് ശരിയായി അറിയാത്തതിനാൽ തെറ്റിദ്ധരിച്ചതാകും. നായകനോടാണ് ചോദ്യം ചോദിച്ചത്. ഞാൻ ചോദ്യം ചോദിച്ചപ്പോൾ തന്നെ എല്ലാവരും ചിരിച്ചു. അതൊക്കെകൊണ്ടാണ് അവർക്ക് പ്രശ്നമായത്' -കാർത്തിക് പറഞ്ഞു.
ഗൗരിയോട് മാപ്പ് പറയുമോ എന്ന് മാധ്യമപ്രവർത്തകർ കാർത്തിക്കിനോട് ചോദിച്ചു. ഗൗരി തന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്തിയാണ്. അപ്പോൾ പ്രായം കുറഞ്ഞവരാണോ കൂടിയവരാണോ ആദ്യം മാപ്പ് പറയേണ്ടത് എന്നായിരുന്നു യൂട്യൂബറിന്‍റെ മറുപടി ചോദ്യം. ഗൗരിയാണ് തെറ്റ് ചെയ്തതെന്ന് കാർത്തിക് പറഞ്ഞു. വിവാദം ഉണ്ടാക്കുന്നത് പി.ആറിന് വേണ്ടിയാണെന്നും അയാൾ പറഞ്ഞു.
'അദേഴ്‌സ്' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷന് ബോഡി ഷെയിമിങ് പരാമരർശം നേരിടേണ്ടി വന്നത്. നടിയെ ശാരീരികമായി അപമാനിക്കുകയും അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ് കാർത്തിക്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ ഗൗരി കിഷൻ ശക്തമായി പ്രതികരിച്ചു. നായികയുടെ ഭാരം എത്രയെന്നായിരുന്നു ചോദ്യം.
അതേസമയം, നടി പ്രതികരിച്ചിട്ടും യൂട്യൂബർക്ക് ചോദ്യത്തിലെ പ്രശ്നം മനസിലായിരുന്നില്ല. സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താനും ചോദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു വാദം. 32 വർഷമായി താൻ മാധ്യമപ്രവർത്തകമാണെന്നും തമിഴ് ജനതക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാമെന്നും അയാൾ പ്രസ് മീറ്റിൽ പറഞ്ഞു. ഗൗരി മാപ്പ് പറയണമെന്നും പ്രസ് മീറ്റിനിടെ യൂട്യൂബർ ആവശ്യപ്പെട്ടു. നിങ്ങളാണ് മാപ്പ് പറയേണ്ടത് എന്നായിരുന്നു ഗൗരിയുടെ മറുപടി.
തന്‍റെ ഭാരം അറിഞ്ഞിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഗൗരി ചോദിച്ചു. ബോഡിഷെയിമിങ്ങിനെ നോർമലൈസ് ചെയ്യാൻ പാടില്ലെന്നും ഗൗരി പറഞ്ഞു. നിങ്ങൾ ചെയ്യുന്നത് ജേർണലിസമല്ല എന്ന് മനസിലാക്കണമെന്നും നിങ്ങൾ നിങ്ങളുടെ തൊഴിലിന് അപമാനമാണെന്നും നടി പറഞ്ഞു. നായികക്ക് നേരെ ഒരുകൂട്ടം ആളുകൾ വാക്കുകൾകൊണ്ട് ആക്രമണം നടത്തിയിട്ടും പ്രതികരിക്കാതിരുന്ന സംവിധായകനും നായകനും നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാൽ പ്രശ്നം വലുതാക്കേണ്ട എന്ന് കരുതിയാണ് തങ്ങൾ മിണ്ടാതിരുന്നതെന്നാണ് സഹതാരങ്ങളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

