'വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം' തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍റെ അധിക്ഷേപ പരാമർശത്തിൽ പരക്കെ പ്രതിഷേധം
text_fieldsചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്ക് നേരെയും നടി തൃഷക്ക് നേരേയും തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വലിയ പ്രതിഷേധം. തമിഴ്നാട്ടിലെ ഭരണക്ഷിക്ക് നേതൃത്വം നൽകുന്ന ഡി.എം.കെ, ബി.ജെ.പി നേതാവിന്‍റെ പരാമർശത്തെ കടുത്ത ഭാഷയിലാണ് നേരിട്ടത്. ഡി.എം.കെ എം.പി കനിമൊഴി സംസ്ക്കാരമില്ലാത്ത പരമാർശമാണ് നൈനാൻ നാഗേന്ദ്രന്‍റേതെന്ന് വിമർശിച്ചു.
സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരുടെ വ്യക്തിജീവിതത്തെ ലക്ഷ്യം വെക്കുന്നത് അപരിഷ്‌കൃതമാണ് എന്നാണ് അവർ പറഞ്ഞത്. നാഗേന്ദ്രനെ തള്ളിപ്പറയാത്ത തമിഴ്നാട് ബി.ജെ.പിയിലെ വനിതാ നേതാക്കളെയും അവർ വിമർശിച്ചു.
'രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ത്രീയുടെ അന്തസിനെയും ബഹുമാനത്തെയും ഇകഴ്ത്തുന്ന രീതിയിൽ സംസാരിക്കുന്നത് സ്ത്രീത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണ്. ബി.ജെ.പിയിലെ വനിതാ നേതാക്കൾ ഇതിനെ അപലപിക്കാതെ മൗനം പാലിക്കുന്നത് അനീതിയാണ്' എന്നും കനിമൊഴി എക്സിൽ പോസ്റ്റ് ചെയ്തു.
മറ്റൊരു ഡി.എം.കെ എം.പിയായ തമിഴച്ചി തങ്കപാണ്ഡ്യനും നാഗേന്ദ്രനെ വിമർശിച്ചു. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധി സ്ത്രീകളെ ബഹുമാനത്തോടെ പരിഗണിക്കുക എന്നതാണ് പരിഷ്കൃത രാഷ്ട്രീയം ആവശ്യപ്പെടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന വിജയ്‌യുടെ പ്രഭാഷണമാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിതനാക്കിയത്.
‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് തൃഷയുടെ വീട്ടിൽനിന്ന് പുറത്തിറങ്ങണം. നിർഭാഗ്യമെന്നുപറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. അദ്ദേഹം നിഷ്കളങ്കനാണ്. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ മാത്രമേ എല്ലാം നടക്കൂ.
മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്തേറി വൈകുണ്ഠത്തിൽ പോകാൻകഴിയുമോ’ എന്നിങ്ങനെയായിരുന്നു നൈനാർ നാഗേന്ദ്രന്‍റെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

