രണ്ട് നായകന്മാർ, രണ്ട് ക്ലൈമാക്സുകൾ: മോഹൻലാൽ-മമ്മൂട്ടി കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ഒരു ലക്ഷത്തിന്‍റെ കേസ് നേരിടേണ്ടി വന്നതിന് കാരണം...
text_fieldsഅഭിനയം തുടങ്ങിയ കാലം മുതൽ തന്നെ മോഹൻലാലിനും മമ്മൂട്ടിക്കും വലിയ ആരാധകവൃന്ദമുണ്ട്. മോഹൻലാലിന്‍റെയോ മമ്മൂട്ടിയുടെയോ സിനിമ റിലീസ് ഉണ്ടെന്ന് അറിഞ്ഞാൽ കുടുംബപ്രേക്ഷകർ തിയറ്ററിലേക്ക് ഒഴുകി എത്തും. അങ്ങനെയുള്ള സമയത്ത് അവർ ഒന്നിച്ച് അഭിനയിച്ച സിനിമ പുറത്തിറങ്ങിയാലോ? അത്തരത്തിൽ ഒരു സിനിമയാണ് 1998ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ്. ഗുപ്തന്‍റെ മരണത്തിന്‍റെ ചുരുളഴിക്കുന്ന ഹരിയും കൃഷ്ണനും മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിഭാഷക കൂട്ടുകെട്ടാണ്.
ജൂഹി ചൗളയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവും ഈ ചിത്രത്തിലൂടെയായിരുന്നു. ചിത്രം റിലീസായപ്പോൾ തന്നെ വലിയ ചർച്ചയായത് അതിന്‍റെ രണ്ട് ക്ലൈമാക്സ് ആയിരുന്നു. മോഹൻലാലും മമ്മൂട്ടിയും വലിയ താരങ്ങളായതിനാൽ, ചിത്രത്തിൽ മീര ഹരികൃഷ്ണന്മാരിൽ ഒരാളുമായി ഒന്നിക്കുന്നതായി കാണിച്ചാൽ മറ്റൊരാളുടെ ആരാധകവൃന്ദത്തെ അത് നിരാശപ്പെടുത്തുമെന്ന് സംവിധായകൻ ഫാസിൽ കരുതി. അങ്ങനെയാണ് രണ്ട് ക്ലൈമാക്സുകൾ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒന്നിൽ മീര ഹരിയെ തെരഞ്ഞെടുക്കുന്നതായി കാണിച്ചപ്പോൾ, മറ്റൊന്നിൽ കൃഷ്ണനായിരുന്നു മീരയുടെ പങ്കാളി.
'രണ്ട് ക്ലൈമാക്സ് എന്ന ആശയം ജിജ്ഞാസയിൽ നിന്നാണ് വന്നത്. നിങ്ങൾക്ക് അതിനെ കൗതുകമെന്നും വിളിക്കാം. മോഹൻലാലിനെ തെരഞ്ഞെടുക്കുന്ന ഒരു പതിപ്പും, മമ്മൂട്ടിയെ തെരഞ്ഞെടുക്കുന്ന മറ്റൊരു പതിപ്പും ഞങ്ങൾ ചിത്രീകരിച്ചു. മീര ആരെയാണ് തെരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്താത്ത ഒരു പതിപ്പും ചിത്രീകരിച്ചു. ആകെ 32 പ്രിന്റുകൾ ഉണ്ടായിരുന്നു. 16 പ്രിന്റുകളിൽ മോഹൻലാലും ബാക്കി 16 പ്രിന്റുകളിലും മമ്മൂട്ടിയും ജൂഹിയുടെ പങ്കാളിയാകട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ പ്രശ്നം പരിഹരിച്ചു' -എന്നാണ് ഫാസിൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ, ഫാസിലിന്റെ നിരുപദ്രവകരമായ തന്ത്രം വലിയ തോതിൽ തിരിച്ചടിച്ചു. ചിലർ അതിനെ വർഗീയമായി ചിത്രീകരിച്ചു. മതപരമായ ജനസംഖ്യക്ക് അനുസരിച്ചാണ് പ്രിന്റുകൾ വിതരണം ചെയ്തതെന്ന ആരോപണം ഉയർന്നു. ഹരികൃഷ്ണൻസിന്റെ റിലീസ് കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം, സിനിമക്കും അതിന്റെ നിർമാതാക്കൾക്കുമെതിരെ രണ്ട് കേസുകൾ ഫയൽ ചെയ്യപ്പെട്ടു. ഒന്ന് ഉപഭോക്തൃ കോടതിയിലും മറ്റൊന്ന് കേരള ഹൈകോടതിയിലുമായിരുന്നു. കൃഷ്ണൻ മീരയെ വിവാഹം കഴിക്കുന്ന രണ്ട് പതിപ്പുകളിൽ ഒന്നിന് മാത്രമേ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ അംഗീകാരം ലഭിച്ചിരുന്നുള്ളു എന്നതാണ് പ്രശ്‌നം കൂടുതൽ വഷളാക്കിയത്.
പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് തൃശൂരിലെ ഉപഭോക്തൃ കോടതിയെ സമീപിച്ച കാഴ്‌ചക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സി.ബി.എഫ്.സി അംഗീകാരമില്ലാത്ത പതിപ്പാണ് താൻ കണ്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സിനിമയുടെ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈകോടതിയിലെ കേസ്. ഹിന്ദു ആധിപത്യ പ്രദേശങ്ങളിൽ വിതരണം ചെയ്ത പ്രിന്റുകളിൽ ജൂഹി അവതരിപ്പിച്ച കഥാപാത്രത്തെ മോഹൻലാൽ വിവാഹം കഴിക്കുന്നതായും മുസ്ലിം ആധിപത്യ പ്രദേശങ്ങളിൽ മമ്മൂട്ടി ജൂഹിയെ വിവാഹം കഴിക്കുന്നതായും ഹരജിക്കാരൻ ആരോപിച്ചു.
മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മിത്തിനെ പൊളിച്ചെഴുതുക എന്നതായിരുന്നു തന്റെ ശ്രമം എന്നായിരുന്നു വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ഫാസിൽ പറഞ്ഞത്. രണ്ട് ക്ലൈമാക്സുകളും അനുവദിച്ചിരുന്നെങ്കിൽ, രണ്ട് പതിപ്പുകളും നന്നായി കലക്ഷൻ നേടുമായിരുന്നു എന്ന് ഉറപ്പുണ്ടായിരുന്നെന്നും ഫാസിൽ പറഞ്ഞു. സിനിമാപ്രേമികൾക്ക് പ്രധാനം അഭിനേതാക്കളല്ല, കഥാപാത്രങ്ങളാണ് എന്ന് തനിക്ക് തെളിയിക്കാമായിരുന്നു എന്നും എന്നാൽ അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു എന്നും ഫാസിൽ പറഞ്ഞു. 2.5 കോടിക്ക് നിർമിച്ച ചിത്രം രണ്ടാഴ്ചക്കുള്ളിൽ തന്നെ മുടക്കുമുതൽ തിരിച്ചു പിടിച്ചു. ആ വർഷത്തെ ഏറ്റവും ഉയർന്ന കലക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹരികൃഷ്ണൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

