ആ സിനിമകൾ എനിക്ക് കാണണ്ട, ക്ലൈമാക്‌സിന് മുമ്പ് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്; മോഹൻലാലിന്‍റെ മൂന്ന് ഹിറ്റ് ചിത്രങ്ങൾ കണ്ടിട്ടില്ലാത്ത അമ്മ...
text_fieldsമോഹൻലാലിന്‍റെ അമ്മയെക്കുറിച്ച് സ്നേഹത്തോടെ മാത്രമേ മലയാളി ഓർമിക്കുകയുള്ളു. തന്‍റെ മകനെ മുഴുവൻ മലയാളികൾക്കുമായി വിട്ടു നൽകിയ ഒരമ്മയെ ഹൃദയത്തോട് ചേർത്തുവെച്ചല്ലേ നമുക്ക് ഓർത്തുവെക്കാനാകൂ. ആ അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിനും ഒടുവിലിപ്പോൾ അവരുടെ വേർപിരിയലിനും കാലം നമ്മെ സാക്ഷിയാക്കി. മോഹൻലാലിന്‍റെ ഏറ്റവും മികച്ച മൂന്ന് സിനിമകൾ അദ്ദേഹത്തിന്‍റെ അമ്മ കണ്ടിട്ടില്ല എന്നു പറഞ്ഞാൽ അത് വിശ്വസിക്കാനാകുമോ? പക്ഷേ സത്യമാണ്.
ഒരിക്കൽ ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് താൻ ലാലിന്‍റെ ചില സിനിമകൾ കാണില്ല എന്ന് ശാന്തകുമാരി വ്യക്തമാക്കിയത്. ആ ലിസ്റ്റിൽ 1989ൽ പുറത്തിറങ്ങിയ കിരീടവും 1993ൽ പുറത്തിറങ്ങിയ അതിന്‍റെ രണ്ടാം ഭാഗമായ ചെങ്കോലും ഉണ്ട്. താളവട്ടവും (1986) കണ്ടിട്ടില്ലെന്ന് അന്ന് ശാന്തകുമാരി പറഞ്ഞു. കിലുക്കം പോലെയുള്ള സിനിമകളാണ് തനിക്ക് ഇഷ്ടമെന്ന് അവർ വ്യക്തമാക്കി. 1988ൽ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമയുടെ ക്ലൈമാക്‌സിന് മുമ്പ് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയതായും അന്ന് ആ അമ്മ വെളിപ്പെടുത്തി. ഈ സിനിമകളൊക്കെ മോഹൻലാലിന്‍റെ കഥാപാത്രങ്ങൾക്ക് ദുരന്തം സമ്മാനിച്ചാണ് അവസാനിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോഴും തനിക്ക് സങ്കടമായി എന്ന് ശാന്തകുമാരി പറഞ്ഞു. മോഹൻലാലിനെ വില്ലനായി കണ്ടതിൽ വിഷമുണ്ടെന്ന് അന്ന് അവർ വ്യക്തമാക്കിയിരുന്നു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടി കേരളത്തിൽ എത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് അമ്മയെയായിരുന്നു. അതിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ അമ്മയെ സന്ദർശിച്ചതിനെക്കുറിച്ച് താരം സംസാരിച്ചു. അമ്മയുടെ അനുഗ്രഹം കൊണ്ട് കൂടിയാണ് തനിക്ക് ഈ നേട്ടം ഉണ്ടായത് എന്നായിരുന്നു നടൻ പറഞ്ഞത്.'അത് കാണാൻ അമ്മക്ക് ഭാഗ്യം ഉണ്ടായി അമ്മയെ കാണാൻ എനിക്കും ഭാഗ്യം ഉണ്ടായി. എന്‍റെ അമ്മക്ക് സുഖമില്ലാതെയിരിക്കുകയാണ്. അമ്മ എന്നെ അനുഗ്രഹിച്ചു. സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അമ്മ പറയുന്നത് എനിക്ക് മനസിലാകും. അമ്മയുടെ അനുഗ്രഹവും ഈ നേട്ടത്തിന് പിന്നിലുണ്ട്'- എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
ഡിസംബർ 30ന് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചാണ് മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. 90 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിന്റെ അമ്മ. സംസ്കാര ചടങ്ങുകൾ തിരുവനന്തപുരത്തെ കുടുംബവീട്ടിൽ നടത്തി. ശാന്തകുമാരിയുടെ കഴിഞ്ഞ പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ആഘോഷം നടന്നത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

