ഒരു‘ജാതി’ പിള്ളേർ
text_fieldsകൗമാരത്തിന്റെ ആകാംക്ഷകളും ആകുലതകളും പങ്കുവെക്കുന്ന, അതേ സന്ദര്‍ഭത്തില്‍ ശക്തമായ കാലിക രാഷ്ട്രീയം സംവേദനം ചെയ്യുന്ന വ്യത്യസ്തമായ ഒരു മലയാള സിനിമ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നു. പ്രശാന്ത് ഈഴവന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’. സാമ്പത്തിക സംവരണമെന്ന കെണി ഉണ്ടാക്കിയ അപകടം എത്രത്തോളം കീഴാള വിഭാഗത്തെ നേരിട്ട് ബാധിക്കുന്നുവെന്ന് പോളി ടെക്നിക്കില്‍ അഡ്മിഷന് കിട്ടാതെ അലയുന്ന 4 കുട്ടികള്‍ അവരുടെ ജീവിതം കൊണ്ട് സാക്ഷ്യം പറയുകയാണ് ഈ ചിത്രത്തില്‍. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ പ്രശാന്ത് ഈഴവന് സംസാരിക്കുന്നു.
ഒരു‘ജാതി’ വർത്തമാനം
നാല് കൂട്ടുകാരാണ് കഥാപാത്രങ്ങള്‍. അവരുടെ നാട്ടിന്‍പുറ സൗഹൃദം മനോഹരമാണ്. അവര്‍ ഒരുമിച്ച് പോളിടെക്നിക്കില്‍ ചേര്‍ന്ന് പഠിക്കാനാണ് തീരുമാനിക്കുന്നു. നാല്‍വര്‍ സംഘത്തില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടിയാണ് വിവേക് മേനോന്. അര്‍ഹതപ്പെട്ട മാര്‍ക്കില്ലെന്ന കുറ്റബോധത്തോടെ വിവേക് മറ്റുള്ളവര്‍ക്കൊപ്പം പോളിയില്‍ അപേക്ഷ നല്കുന്നു.
സമൂഹത്തില്‍ ഉന്നതശ്രേണിയിലുള്ള, ധാരാളം സമ്പത്തുള്ള കുട്ടിയാണ് വിവേക് മേനോന്. സാമ്പത്തികമായും സാമൂഹികമായും പ്രയാസങ്ങള്‍ നേരിടുന്ന മറ്റ് മൂന്ന് കൂട്ടുകാര്‍ക്ക് ഭേദപ്പെട്ട മാര്‍ക്കുമുണ്ട്. ഒടുക്കം പോളിടെക്നിക്കിലെ ഫലം വന്നപ്പോള്‍ അന്തംവിടുകയാണ് എല്ലാവരും. ഒരട്ടിമറി സംഭവിച്ചിരിക്കുന്നു. വിവേക് മേനോന് മാത്രം പ്രവേശനം. റാങ്ക് ലിസ്റ്റില്‍ മുമ്പിലുണ്ടായിരുന്നവര്‍ പിന്തള്ളപ്പെട്ടു.
എങ്ങിനെ ഇത് സാധ്യമായി എന്ന് പോളിയില്‍ ചെന്ന് അന്വേഷിക്കുമ്പോള്‍ ഓഫിസ് സ്റ്റാഫ് നല്കിയ മറുപടിയിലാണ് എകണോമിക്കലി വീക്കര്‍ സെക്ഷന്‍ എന്ന ക്വാട്ട വഴിയാണ് വിവേക് കയറിപ്പറ്റിയത് എന്ന യാഥാർഥ്യം കുട്ടികള്‍ തിരിച്ചറിയുന്നത്. കൂട്ടുകാരനോട് കടുത്ത അമര്‍ഷം തോന്നുന്നുണ്ട് ഈ മിടുക്കരായ വിദ്യാർഥികള്‍ക്ക്. കൗമാര സൗഹൃദത്തിന്റെ എല്ലാ ബലഹീനതകളിലും ഒന്നായി ഉല്ലസിക്കുന്ന നാലുപേരില്‍ ഒരാള്‍ മേല്‍ ജാതിയുടെ ഉള്ളിലൊഴുകുന്ന കരുത്തില്‍ വേറിട്ടുനിന്നു. മറ്റുള്ളവര്‍ മാനസികമായി ഉലഞ്ഞില്ലാതാവുമ്പോള് ഒരാള്‍ മാത്രം ഒരു ‘ജാതി’ ജയം വരിക്കുന്നതാണ് സിനിമ. ഒരു ഫേസ്ബുക് കുറിപ്പാണ് സിനിമക്ക് പ്രചോദനം.
ഗൗരവം വേണം
കണ്ടവരില്‍ ഭൂരിപക്ഷവും ഈ വിഷയം ഗൗരവത്തോടെ കേരളീയ സമൂഹം ചര്‍ച്ച ചെയ്യണമെന്ന് വാദിച്ചവരാണ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ ജാതിവാദിയാണ് എന്നൊക്കെ പറഞ്ഞിരുന്ന സുഹൃത്തുക്കള്‍വരെ സിനിമ കണ്ട ശേഷം തിരുത്തി.
വൈകാരികമായി പ്രതികരിച്ച സുഹൃത്തുക്കളും അമ്മമാരും ഉണ്ട്. കാമ്പസില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ മനസ്സിലായത് ഭൂരിപക്ഷം കുട്ടികള്‍ക്കും ഇ.ഡബ്ല്യു.എസ് എന്ന സവർണ സംവരണ നിയമത്തെക്കുറിച്ച് അറിയില്ല എന്നതാണ്. പലരും ഇത് നിർബന്ധമായും വിദ്യാർഥികളെ കാണിക്കണമെന്ന് അഭിപ്രായപ്പെട്ടവരാണ്. കാണുന്ന മഹാഭൂരിപക്ഷത്തിനും ഇതിന്റെ ക്രൂരത മനസ്സിലാവുന്നുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം സാധാരണ ജനങ്ങളില്‍ എത്തിക്കാനാണ് അവരും ആഗ്രഹിക്കുന്നത്.
ഇരകള്‍ ജാഗരൂകരല്ലാതാകുമ്പോള്
സവർണ സംവരണമെന്ന നീതിനിഷേധത്തിനെതിരെ ഇരകള്‍ പോലും വേണ്ടത്ര ജാഗരൂകരല്ല. സവർണ സമുദായത്തില്‍പെട്ട സുഹൃത്ത് എന്നോട് പറയാറുണ്ട്, സവർണ സംവരണം തെറ്റാണെന്ന് അവര്‍ ചില സുഹൃത്തുക്കളോട് പറഞ്ഞാല്‍ സംവരണമൊക്കെ നിര്‍ത്തേണ്ട കാലമായി എന്ന് ക്ലാസെടുക്കാന്‍ വരുന്ന ഭൂരിപക്ഷം പേരും ഈഴവരും മുസ്ലിം സമുദായത്തില്‍പെട്ട ചിലരാണ് എന്ന്. സംവരണം പോലും എന്തിനാണ് എന്ന് വേണ്ടത്ര ധാരണയില്ലാത്ത വിധം നമ്മെ മാറ്റിയെടുക്കുന്നതില്‍ ഇവിടുത്തെ സവര്‍ണ്ണ ഹിന്ദുത്വയും അവരുടെ അജണ്ടയും വിജയിച്ചെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞേ മതിയാവൂ.
ഒരു പരീക്ഷണം എന്ന നിലയിലാണ് ഈ സിനിമയുടെ ട്രീറ്റ്മെന്റ് നടത്തിയത്. ഡോക്യു ഫിക്ഷന്‍ എന്ന് വേണമെങ്കില്‍ പറയുന്നതിന് കുഴപ്പമില്ല. ഷോര്‍ട്ട് ഫിലിം എന്ന പേരില്‍ വിളിച്ചാലും ആശയം കൃത്യതയോടെ വിനിമയം ചെയ്യുക എന്നതാണ് ലക്ഷ്യം
ശ്രീനാരായണഗുരുവിന്റെ മഹാസമാധിയില്‍ ശിവഗിരി മഠം അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമിയാണ് സിനിമയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്തത്. ജനകീയ ഫണ്ടിലൂടെ നിർമാണം പൂര്‍ത്തിയാക്കിയ ചലച്ചിത്രത്തിനായി ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാമസ്ജിദില്‍ നിന്നുമാണ് പ്രഥമ ഫണ്ട് സ്വീകരിച്ചത്.
72 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രം സഹോദരന് അയ്യപ്പന് പ്രൊഡക്ഷന്‍സ് ബാനറില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാനു ബാലചന്ദ്രനാണ്. ആബിദ് അടിവാരത്തിന്റേതാണ് കഥ. നിധിന് കെ. രാജ് ഛായാഗ്രഹണവും സാഗര്‍ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഹരിമുരളിയുടെ സംഗീതവും മിഥുന് ചാലിശ്ശേരി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

