ഉയർന്ന ഡിമാന്‍റോ ചെറിയ വേഷമോ? കൽക്കിയിൽ നിന്ന് ദീപിക പിന്മാറിയതിന്‍റെ കാരണമെന്ത്
text_fieldsകൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറുന്നതായി നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൽക്കി പോലൊരു സിനിമ കൂടുതൽ പ്രതിബദ്ധത അർഹിക്കുന്നതാണെന്നാണ് നിർമാതാക്കൾ അറിയിച്ചത്. പ്രഖ്യാപനം വന്ന ശേഷം ദീപിക ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങൾ എന്താണെന്ന ചർച്ച സമൂഹമാധ്യമത്തിൽ ചർച്ച സജീവമാണ്.
വൈജയന്തി മൂവീസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ദീപിക പദുക്കോൺ രണ്ടാം ഭാഗത്തിൽ നിന്ന് പിന്മാറാനുള്ള കാരണത്തെക്കുറിച്ച് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. മുൻ ഭാഗത്തെ അപേക്ഷിച്ച് പ്രതിഫലത്തിൽ 25 ശതമാനം വർധനവ് ആവശ്യപ്പെട്ടതിനെ തുടർന്ന് നടിയും നിർമാതാക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു ദിവസം ഏഴ് മണിക്കൂറായി ഷൂട്ടിങ് സമയം പരിമിതപ്പെടുത്തുക എന്ന ദീപികയുടെ ആവശ്യവും പുറത്താകലിന് കാരണമെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ചില റിപ്പോർട്ടുകൾ പ്രകാരം, ദീപികയുടെ വേഷം രണ്ടാം ഭാഗത്തിൽ ഒരു അതിഥി വേഷം മാത്രമായി ചുരുക്കി, കഥ അവരുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പുതിയ നീക്കം അതിനു വിരുദ്ധമായിരുന്നു. ഇതാണ് പിന്മാറ്റത്തിന് കാരണമായി കരുതുന്നത്. ദീപിക ആറ്റ്‌ലി-അല്ലു അർജുൻ ചിത്രത്തിന്‍റെ തിരക്കിലായതിനാൽ ഡേറ്റ് ഇഷ്യു ഉള്ളതായി ചില റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല.
ദീപികക്ക് പകരമായി നിരവധി പേരുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആലിയക്കും കീർത്തി സുരേഷിനും കല്യാണി പ്രിയദർശനുമൊക്കെ സാധ്യത പറയുന്നുണ്ട് സമൂഹമാധ്യമങ്ങൾ. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നാഗ് അശ്വിൻ തന്റെ കൽക്കി 2898 എ.ഡിയിൽ കീർത്തിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവർ അത് നിരസിച്ചു. സിനിമയിലെ എ.ഐ ബോട്ട് ആയ 'ബുജ്ജി' എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് കീർത്തിയാണ്. അനുഷ്ക ഷെട്ടിയുടെയും നയൻതാരയുടെയും പേരുകൾ നെറ്റിസൺസിന്‍റെ ചർച്ചയിൽ ഉൾപ്പെടുന്നു.
നാഗ് അശ്വിൻ എഴുതി സംവിധാനം ചെയ്ത ഇതിഹാസ-സയൻസ് ഫിക്ഷൻ ചിത്രമാണ് ‘കൽക്കി 2898 എ.ഡി’. മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നത്. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫിസില്‍ ലോകവ്യാപകമായി വാരിക്കൂട്ടിയത് 1000 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

