Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഭരണകക്ഷിക്ക് സ്തുതി...

'ഭരണകക്ഷിക്ക് സ്തുതി പാടുകയാണ് ഏറ്റവും എളുപ്പ വഴി, ഇങ്ങനെയൊരു സിനിമയിറക്കാന്‍ കാണിച്ച ധൈര്യത്തിന് അഭിനന്ദനവും പിന്തുണയും'

text_fields
bookmark_border
team empuraan 987987
cancel

മ്പുരാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങളും പിന്തുണയുമായി എഴുത്തുകാരി സുധ മേനോൻ. ഇക്കാലത്ത് ഭരണകക്ഷികള്‍ക്ക് സ്തുതി പാടുന്നതാണ് ഒരാളുടെ മുന്നിലെ ഏറ്റവും എളുപ്പവഴി. പട്ടും വളയും സ്ഥാനമാനങ്ങളും ഉടൻ തേടിയെത്തും. അതുകൊണ്ടാണ് കലാകാരന്മാരും എഴുത്തുകാരുമൊക്കെ അതിവേഗം രാഷ്ട്രീയസംരംഭകരായി പരിണമിക്കുന്നത്. അതിനിടയിലും, കരിയറിലെ ഏറ്റവും വലിയ റിസ്ക്‌ എടുത്ത്, ഇങ്ങനെയൊരു സിനിമയിറക്കാന്‍ കാണിച്ച ധൈര്യത്തിന് മുരളി ഗോപിയും, ലാലേട്ടനും, പൃഥ്വിരാജും, ആന്റണി പെരുമ്പാവൂരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആത്മാര്‍ഥമായ പിന്തുണയും അര്‍ഹിക്കുന്നുണ്ട്. അവരെ തോൽപ്പിച്ചു എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ. പൂക്കൾ തല്ലിക്കൊഴിച്ചാലും വസന്തം വരാതിരിക്കില്ല -സുധ മേനോൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

സുധ മേനോന്‍റെ കുറിപ്പ് വായിക്കാം...

ഗോഡ്സെയെ മഹാനായ ദേശസ്നേഹി എന്ന് വിളിച്ച, സ്ഫോടനക്കേസിൽ പ്രതിയായിരുന്ന, പ്രഗ്യസിംഗ് ഇന്ത്യയിലെ പരമോന്നത നിയമനിർമ്മാണസഭയിലെ അംഗമായിരുന്നു. ഉത്തർപ്രദേശിലെ മീററ്റിലും സീതാപ്പൂരിലും, മധ്യപ്രദേശിലെ ഗ്വാളിയറിലും ഗോഡ്സെക്ക് അമ്പലങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. ഗുജറാത്തിലെ ജാംനഗറിൽ അനാച്ഛാദനം ചെയ്ത ഗോഡ്സെ പ്രതിമ മിനിറ്റുകൾക്കുള്ളിൽ പ്രാദേശികകോൺഗ്രസ്സ് പ്രവർത്തകർ അടിച്ചു തകർക്കുകയായിരുന്നു. 2018ൽ മീററ്റിലെ ഹിന്ദുമഹാസഭാപ്രവർത്തകർ ഗോഡ്സെ തൂക്കിലേറ്റപ്പെട്ട നവമ്പർ പതിനഞ്ചാം തീയതി ‘ബലിദാൻ ദിവസ്’ ആയി ആചരിക്കവേ, മീററ്റിന്റെ പേര് ഗോഡ്സെ നഗർ എന്നാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. മീററ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജനുവരി 30 ന് ഗോഡ്സെയെ പൂജിക്കുന്നുണ്ട്, മാലയിടുന്നുണ്ട്.

അലിഗഡിലെ ഹിന്ദുമഹാസഭാപ്രവർത്തകർ 2019ലെ മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിവധത്തിന്റെ പുനരാവിഷ്ക്കരണവും നടത്തി. ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡേയും സഹപ്രവർത്തകരുമാണ് കൃത്രിമത്തോക്ക് ഉപയോഗിച്ച് ഗാന്ധിജിയുടെ പ്രതിരൂപത്തിന് നേരെ വെടിയുതിർത്തത്. അതേവർഷം ഒക്ടോബർ രണ്ടിന് മധ്യപ്രദേശിലെ റേവയിലെ ഗാന്ധി മെമ്മോറിയൽ സെന്റർ തകർക്കപ്പെടുകയും, ബാപ്പുവിന്റെ ചിത്രത്തിന് മുകളിൽ ‘ചതിയൻ’ എന്ന് എഴുതിച്ചേർക്കുകയും ചെയ്തു. ഗോഡ്‌സെയെ സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി എന്ന് വിളിച്ച കമലഹാസനു നേരെ ചെരുപ്പ് എറിയപ്പെട്ടു.

സുധ മേനോൻ

ഗാന്ധിസ്മരണകളോട് നടത്തിയ ഏറ്റവും വലിയ വെല്ലുവിളി, 2023ലെ ഗാന്ധിസമാധാനപുരസ്കാരത്തിനായി ഗോരഖ്പൂരിലെ ഗീതാപ്രസ്സിനെ പ്രധാനമന്ത്രി അംഗമായ കമ്മിറ്റി തന്നെ തിരഞ്ഞെടുത്തതാണ്. ഗാന്ധി വധത്തെത്തുടർന്ന് രാജ്യമെമ്പാടും അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുമഹാസഭാ പ്രവർത്തകരിൽ ഗീതാ പ്രസ്സിന്റെ ഉടമസ്ഥർ ആയ ഹനുമാൻ പ്രസാദ് പൊദ്ദാറും, ജയ് ജയാൽ ഗോയങ്കയും ഉൾപ്പെട്ടിരുന്നു.

പൃഥ്വിരാജിനെ രാജ്യദ്രോഹി എന്ന് വിളിച്ചവർ ഇവരെ ആരെയെങ്കിലും വിമർശിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? 'ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം' എന്ന് കമന്റിട്ട അധ്യാപികക്ക് സ്ഥാനക്കയറ്റമാണ് കിട്ടിയത് എന്നോർക്കണം. രാഷ്ട്രപിതാവിനെയാണ് നിന്ദിച്ചത്. എന്നിട്ടും അവരെ ആരും രാജ്യദ്രോഹി എന്ന് വിളിക്കുന്നില്ല. ലഷ്കർ ഇ തൊയ്ബ എന്ന് വിളിക്കുന്നില്ല. തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല!

എന്നിട്ടോ? ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണഘടനയുള്ള ഈ നാട്ടില്‍ ഒരു സിനിമയെടുത്തതിന്റെ പേരില്‍ സമാനതകളില്ലാത്ത ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും, സംവിധായകനായ പ്രിഥ്വിരാജും, തിരക്കഥാകൃത്ത് മുരളിഗോപിയും നേരിട്ടത്. ഒടുവില്‍ മോഹന്‍ലാലിനെക്കൊണ്ട് ക്ഷമ പറയിക്കുന്നതിലും സിനിമയില്‍ മാറ്റം വരുത്തുന്നതിലും അവര്‍ അവസാനം വിജയിച്ചു.

രാജ്യദ്രോഹമെന്ന് വിളിക്കാവുന്ന ഒരൊറ്റ രംഗം പോലും ആ സിനിമയില്‍ ഇല്ല. ഒരിടത്തും ഇന്ത്യയേയും ഭരണഘടനയേയും അപമാനിക്കുന്നില്ല. ദേശീയനേതാക്കളെ അപമാനിക്കുന്നില്ല. ഹിന്ദുക്കളെ അപമാനിക്കുന്നില്ല. മാത്രമല്ല, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വിമര്‍ശിക്കുന്നുമുണ്ട്. കൊടുംവിഷങ്ങളായ വര്‍ഗീയവാദികളെ മാത്രമാണ് ‘എമ്പുരാന്‍’ തുറന്നു കാട്ടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും, ഡിജിപിയും ഒക്കെ വില്ലന്‍ കഥാപാത്രങ്ങളായി വരുന്ന എത്ര സിനിമകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ആരെങ്കിലും സിനിമാ പ്രവര്‍ത്തകരെക്കൊണ്ട് മാപ്പ് പറയിച്ചിട്ടുണ്ടോ? ആദരണീയനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അങ്ങേയറ്റം പരിഹസിക്കുന്ന ‘The Accidental Prime Minister’ എന്ന സിനിമയെ ബിജെപി പരസ്യമായിട്ടാണ് തിരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗികമായി പ്രമോട്ട് ചെയ്തതെന്ന് ഓര്‍ക്കണം. അപ്പോഴൊന്നും അനുപം ഖേറിന്റെയും, അക്ഷയ് ഖന്നയുടെയും കുടുംബാംഗങ്ങളെ ആരും ഇതുപോലെ തെറി വിളിച്ചിട്ടില്ല. അവരുടെ ഭാര്യയെ നിലക്ക് നിർത്തണം എന്ന് പറഞ്ഞിട്ടില്ല.

സമാനതകളില്ലാത്ത സൈബർ ആക്രമണത്തിനും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടി വന്ന എമ്പുരാൻ സിനിമയുടെ പ്രവർത്തകരുടെ ഗതികേട് മനസിലാക്കുന്നു. അവരെ അഭിനന്ദിക്കാന്‍ മാത്രമാണ് ഇപ്പൊഴും എനിക്ക് തോന്നുന്നത്.

കാരണം, ഇക്കാലത്ത് ഭരണകക്ഷികള്‍ക്ക് സ്തുതി പാടുന്നതാണ് ഒരാളുടെ മുന്നിലെ ഏറ്റവും എളുപ്പവഴി. പട്ടും വളയും സ്ഥാനമാനങ്ങളും ഉടൻ തേടിയെത്തും. അതുകൊണ്ടാണ് കലാകാരന്മാരും എഴുത്തുകാരുമൊക്കെ അതിവേഗം രാഷ്ട്രീയസംരംഭകരായി പരിണമിക്കുന്നതും, വെറുപ്പിന്റെയും അപരവൽക്കരണത്തിന്റെയും പ്രത്യയശാസ്ത്രത്തീവണ്ടിയെ നോക്കി ‘എന്തൊരു സ്പീഡ്’ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തിക്കിത്തിരക്കുന്നതും.

അതിനിടയിലും, കരിയറിലെ ഏറ്റവും വലിയ റിസ്ക്‌ എടുത്തു, ഇങ്ങനെയൊരു സിനിമയിറക്കാന്‍ കാണിച്ച ധൈര്യത്തിന് മുരളി ഗോപിയും, ലാലേട്ടനും, പ്രിഥ്വിരാജും, ആന്റണി പെരുമ്പാവൂരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആത്മാര്‍ഥമായ പിന്തുണയും അര്‍ഹിക്കുന്നുണ്ട്.

അവരെ തോൽപ്പിച്ചു എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ.. പൂക്കൾ തല്ലിക്കൊഴിച്ചാലും വസന്തം വരാതിരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalPrithviraj Sukumaransudha menonL2 Empuraan
News Summary - weiter sudha menons facebook post supporting l2 empuraan
Next Story