'രാഷ്ട്രീയ സ്വാധീനമുള്ള അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നു'; പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകുന്നതിൽ ഡബ്ല്യു.സി.സി
text_fieldsസംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പിഡന പരാതിയിൽ നടപടിയെടുക്കാൻ വൈകുന്നതിനെ വിമർശിച്ച് ഡബ്ല്യു.സി.സി. ചലച്ചിത്ര പ്രവർത്തക ഉന്നത അധികാരികളെ പരാതി അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണെന്ന് ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഡബ്ല്യു സി.സി പങ്കുവെച്ച കുറിപ്പ്
ലോകസിനിമ ഭൂപടത്തിൽ കേരളം തനതു മുദ്ര പതിപ്പിച്ച ഐ.എഫ്.എഫ്.കെ. മലയാളികളുടെ അഭിമാനമാണ്. അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്കേവർക്കുമുണ്ട്. എന്നാൽ ഐ.എഫ്.എഫ്.കെയുടെ മുപ്പതാമത്തെ അധ്യായത്തിൽ ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടയിൽ മലയാള സിനിമാ വിഭാഗം സിലക്ഷൻ കമ്മറ്റി അദ്ധ്യക്ഷനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്.
സിലക്ഷൻ കമ്മറ്റി സിറ്റിങ്ങ് നടക്കുന്ന വേളയിലാണ് അതിക്രമമുണ്ടായത്. സർക്കാർ സ്ഥാപനമായ തൊഴിലിടത്തിൽ വെച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച്, അത് നേരിട്ട ചലച്ചിത്ര പ്രവർത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്. ഇതു IFFK-യുടെ ഖ്യാതിക്ക് ദോഷകരമാണ്.
ചലച്ചിത്ര അക്കാദമി IFFK വേദികളിൽ നിന്ന് കുറ്റാരോപിതനെ അകറ്റിനിർത്തുന്നത് ഉചിതമായ നിലപാടാണ്; പക്ഷേ അക്കാദമി നിയമാനുസൃതമായ നടപടിയെടുത്ത് കാണാത്തത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ അത്യാവശ്യമായ നിമിഷമാണ് ഇത്.
അതിക്രമം നടത്തിയ തലമുതിർന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുള്ള മുൻ എം.എൽ.എയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ. അവൾ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇനി സർക്കാറിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്. ഐ.എഫ്.എഫ്. കെ. 2025 നടക്കുന്ന വേളയിൽ തന്നെ ഇക്കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു സി.സി. സർക്കാറിനോട് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

