‘പത്മാവത്’ സിനിമയിലെ ‘ജൗഹർ’ പരാമർശം: നടി സ്വര ഭാസ്കറെ കടന്നാക്രമിച്ച് ബി.ജെ.പിയും കർണി സേനയും
text_fieldsന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവത്’ (2018) സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ‘ജൗഹർ' (കൂട്ട ആത്മാഹൂതി) ആചാരത്തെ വിമർശിച്ച ബോളിവുഡ് നടി സ്വര ഭാസ്കർക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പിയും രജപുത് സംഘടനയായ കർണി സേനയും രംഗത്ത്. സ്വര ഭാസ്കർ സ്ത്രീകളെ അപമാനിച്ചതായി ബി.ജെ.പി ആരോപിച്ചു.
അന്തസ്സ് കാക്കാൻ ജീവനൊടുക്കണോ? സ്വരയുടെ ചോദ്യം അടുത്തിടെ നടന്ന ഒരു ചടങ്ങിലാണ് സിനിമയിലെ രംഗങ്ങളെക്കുറിച്ച് സ്വര ഭാസ്കർ പ്രതികരിച്ചത്. ശത്രുസൈന്യം രാജ്യം ആക്രമിക്കുമ്പോൾ മാനം കാക്കാനായി സ്ത്രീകൾ കൂട്ടത്തോടെ തീയിൽ ചാടി ജീവനൊടുക്കുന്ന ‘ജൗഹർ’ പോലുള്ള ആചാരങ്ങൾ ഉയർത്തിക്കാട്ടുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സ്വര ചൂണ്ടിക്കാട്ടി.
‘സ്വന്തം മാനം കാക്കാൻ ഞാൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ എനിക്ക് എന്നോട് തന്നെ ഒരു ഭീരുവിനെപ്പോലെ തോന്നും എന്നാണ് ഇത്തരം ആചാരങ്ങൾ അർത്ഥമാക്കുന്നത്’- എന്ന് സ്വര അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ബലാത്സംഗങ്ങളും വർധിച്ചുവരുന്ന ഇന്നത്തെ സമൂഹത്തിൽ ഇത്തരം ആചാരങ്ങളെ മഹത്വവൽക്കരിക്കുന്നതിലൂടെ നാം അതിജീവിച്ചവരോട് എന്താണ് പറയുന്നതെന്നും, അവർക്ക് ജീവിക്കാൻ അർഹതയില്ലെന്നാണോ എന്നും സ്വര ചോദ്യമുന്നയിച്ചു.
വിമർശനങ്ങൾ കടുത്തതോടെ, താൻ ‘പത്മാവതി’ എന്ന കഥാപാത്രത്തെ (ദീപിക പദുകോൺ അവതരിപ്പിച്ചത്) വ്യക്തിപരമായി ‘ഭീരു’ എന്ന് വിളിച്ചിട്ടില്ലെന്ന് ഒരു വീഡിയോയിലൂടെ സ്വര വ്യക്തമാക്കി. സിനിമ പുറത്തിറങ്ങിയ സമയത്ത് സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് താൻ തുറന്ന കത്തെഴുതിയിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു.
സ്വര ഭാസ്കറുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. സ്വര മറ്റാരുടെയോ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്നും അവർക്ക് മുകളിൽനിന്ന് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് സംസാരിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സ്വരയുടെ പേരുമായി ബന്ധപ്പെടുത്തി സംസാരിച്ച ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ, അവരുടെ ‘സ്വരം’ വികൃതമാണെന്നും സ്ത്രീകൾ മറ്റു സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു.
അതേസമയം, ഹിന്ദു സമൂഹത്തിനും രജപുത് സ്ത്രീകൾക്കുമെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ബിഹാറിലെ ബി.ജെ.പി നേതാവ് കൃഷ്ണ കുമാർ സിങ് നടി സ്വര ഭാസ്കർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
.കർണി സേനയുടെ ഭീഷണി സിനിമയുടെ ചിത്രീകരണ വേളയിലും റിലീസ് സമയത്തും വൻ പ്രതിഷേധം ഉയർത്തിയ രജപുത് സംഘടനയായ കർണി സേനയും സ്വരക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വര ഭാസ്കർ ഭാഷ സൂക്ഷിക്കണമെന്ന് കർണി സേന വനിതാ വിഭാഗം അധ്യക്ഷ കീർത്തി റാത്തോഡ് മുന്നറിയിപ്പ് നൽകി.
‘ഈ തലത്തിലിരുന്നുകൊണ്ട് അവർ കാണിക്കുന്ന വിലകുറഞ്ഞ പ്രവൃത്തികൾ ദയനീയമാണ്. സനാതന ധർമ്മത്തിലെ ഹിന്ദു വനിതാ പോരാളികളുടെ ത്യാഗത്തെയും ധീരതയെയും അപമാനിച്ചാൽ കർണി സേന ഒരിക്കലും പൊറുക്കില്ല’- എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്‍ലാമിലെ അനാചാരങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യപ്പെടാത്ത സ്വര, ഹിന്ദു ആചാരങ്ങളെ മാത്രം ലക്ഷ്യമിടുകയാണെന്നും അവർ ആരോപിച്ചു .
അലാവുദ്ദീൻ ഖിൽജിയുടെ ആക്രമണത്തിൽനിന്നും അപമാനങ്ങളിൽ നിന്നും രക്ഷപ്പെടാനായി ചിത്തോറിലെ രാജ്ഞി പത്മാവതിയുടെ നേതൃത്വത്തിൽ കൊട്ടാരത്തിലെ സ്ത്രീകൾ കൂട്ടത്തോടെ തീയിൽ ചാടി ആത്മാഹൂതി ചെയ്യുന്നതാണ് ‘പത്മാവത്’ സിനിമയുടെ ക്ലൈമാക്സ്. 1540ൽ സൂഫി കവി മാലിക് മുഹമ്മദ് ജായസി എഴുതിയ പ്രശസ്തമായ 'പത്മാവത്' എന്ന ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കിയാണ് സഞ്ജയ് ലീല ബൻസാലി ഈ സിനിമ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

