മേക്കിങ് ഔട്ട്ഡേറ്റഡ് ആയി, ആക്ഷൻ സീനുകളിൽ ഗ്രീൻ സ്ക്രീനുകൾ തെളിഞ്ഞ് കാണാം; ടീസറിന് പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങി 'വാർ 2'
text_fieldsഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . വൈ.ആർ.എഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആറും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള ട്രോളുകളാണ് സിനിമക്ക് ലഭിക്കുന്നത്.
ചിത്രത്തിന്റെ മേക്കിങ്ങിനും വി.എഫ്.എക്സിനും ആക്ഷൻ സീനുകൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് പ്രേക്ഷകരുടെ കമന്റ്. മൗണ്ടെൻ ഡ്യൂ പരസ്യം പോലെയാണ് ടീസർ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷൻ സീനുകളിൽ ഗ്രീൻ സ്ക്രീനുകൾ തെളിഞ്ഞ് കാണാമെന്നും സിനിമയിലെങ്കിലും വി.എഫ്.എക്സ് നന്നായി വരട്ടെയെന്നും കമന്‍റുകൾ വരുന്നുണ്ട്. അതേസമയം, ഹൃത്വിക് റോഷന് കയ്യടികൾ ലഭിക്കുന്നുണ്ട്.
ആദ്യഭാഗം പോലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും വാർ 2 എന്നാണ് ടീസർ നൽകുന്ന സൂചന. ഹൃത്വിക്, ജൂനിയർ എൻടിആർ എന്നിവരുടെ ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ് ആയി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജൂനിയർ എൻടിആർ എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രവും. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
ആഗസ്റ്റ് 14 ന് ചിത്രം തിയറ്ററുകളിൽ എത്തും. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായിക. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

