ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും നേർക്കുനേർ എത്തിയ ചിത്രം; വാർ 2 രണ്ടാം ദിനം നേടിയത്
text_fieldsഹൃത്വിക് റോഷൻ, ജൂനിയർ എൻ.ടി.ആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് 'വാർ 2'. ആഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് അയൻ മുഖർജിയാണ്. മികച്ച ഓപ്പണിങ്ങാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിവസം 29 കോടി രൂപയാണ് നേടിയത്. എന്നാൽ മൊത്തം കലക്ഷനിൽ ഭൂരിഭാഗവും തെലുങ്ക് പതിപ്പിൽ നിന്നാണ് ലഭിച്ചത്. തെലുങ്ക് പതിപ്പ് ഉൾപ്പെടെ ആകെ കലക്ഷൻ 51.5 കോടി രൂപയായിരുന്നു.
രണ്ടാം ദിവസം ഹിന്ദി പതിപ്പിൽ നിന്ന് 45 കോടി കലക്ഷൻ നേടിയതായാണ് റിപ്പോർട്ട്. രണ്ട് ദിവസത്തെ ഹിന്ദിയിൽ നിന്നുള്ള 70 കോടിയിലധികമായി. വിമർശനാത്മക അവലോകനങ്ങൾ ഉണ്ടായിരുന്നിട്ടും, ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കലക്ഷൻ മികച്ചതായിരുന്നു. സക്നിൽക്കിന്റെ കണക്ക് പ്രകാരം, എല്ലാ ഭാഷകളിലുമായി രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി മറികടന്നു.
അതേസമയം, സിനിമയിലെ ഹൃത്വികിന്റെയും ജൂനിയർ എൻ.ടി.ആറിന്‍റെയും പ്രതിഫലങ്ങളെ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നിരുന്നു. ജൂനിയർ എൻ.ടി.ആറിന് 60 കോടിയാണ് സിനിമക്ക് ലഭിച്ചത്. ഇത് അദ്ദേഹത്തിന് ആർ.ആർ.ആറിന് ലഭിച്ച പ്രതിഫലത്തേക്കാൾ കൂടുതലാണ്. 45 കോടിയാണ് ജൂനിയർ എൻ.ടി.ആറിന് ആർ.ആർ.ആറിൽ ലഭിച്ചത്. അതേസമയം, ഹൃത്വിക് റോഷന് 48 കോടിയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. നായികയായി എത്തുന്ന കിയാര അദ്വാനിക്ക് 15 കോടിയാണ് പ്രതിഫലം.
യാഷ് രാജ് ഫിലിംസിന്‍റെ ബാനറിലാണ് വാർ 2 പുറത്തിറങ്ങിയത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ പുതിയ ചിത്രമാണ് വാർ 2. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് വാർ 2 നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

