ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് താരം വഹീദാ റഹ്മാന്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സിനിമ രംഗത്തെ പരമോന്നത അംഗീകാരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ഈ വർഷം പ്രമുഖ ഹിന്ദി താരം വഹീദ റഹ്മാന്. പത്മശ്രീ, പത്മഭൂഷൺ നേരത്തെ തേടിയെത്തിയ 85കാരിയായ ഈ പ്രതിഭ 1977ൽതന്നെ ദേശീയ ചലച്ചിത്ര അവാർഡിന് അർഹയായിരുന്നു. ചലച്ചിത്ര രംഗത്തെ ആജീവനാന്ത മികവ് മുൻനിർത്തിയാണ് കേന്ദ്രസർക്കാറിന്‍റെ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം.
റോജുലു മാറായി, ജയസിംഹ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ 1955ലാണ് വഹീദ റഹ്മാൻ സിനിമയിൽ എത്തിയത്. തൊട്ടടുത്ത വർഷംതന്നെ സി.ഐ.ഡിയിലൂടെ ഹിന്ദിയിലേക്ക് ചേക്കേറി. അഞ്ചുപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ പ്യാസ, സി.ഐ.ഡി, ഖാമോഷി, ഗൈഡ്, കാഗസ് കെ ഫൂൽ, ത്രിശൂൽ, നീൽകമൽ, രാം ഓർ ശ്യാം തുടങ്ങി നൂറോളം ചിത്രങ്ങൾ. ‘രേഷ്മ ആൻഡ് ഷേര’യിലെ അഭിനയമാണ് ദേശീയ ചലച്ചിത്ര അവാർഡിന് അർഹയാക്കിയത്. 2021ൽ ‘സ്കേറ്റർ ഗേളി’ലാണ് ഒടുവിൽ വേഷമിട്ടത്.
സിനിമ ജീവിതത്തിനപ്പുറം കാരുണ്യ പ്രവർത്തനങ്ങളിൽ തൽപരയായ വഹീദ റഹ്മാൻ ദാരിദ്ര്യത്തിനെതിരെ പോരാടുന്ന രങ്ദേയുടെ അംബാസഡർ കൂടിയാണ്.
തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ 1938 ഫെബ്രുവരി മൂന്നിനാണ് ജനനം. ജില്ല കമീഷണറായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍റെയും മുംതാസ് ബീഗത്തിന്‍റെയും നാലു പെൺമക്കളിൽ ഇളയവൾ. വിശാഖപട്ടണം സെൻറ് ജോസഫ്സ് കോൺവെന്‍റിലും മറ്റുമായാണ് പഠിച്ചത്. കൗമാരത്തിൽ പിതാവ് മരണപ്പെട്ടതിനെത്തുടർന്ന് അഭിനയ ജീവിതത്തിലേക്ക് തിരിയുകയായിരുന്നു. നൃത്തം അഭ്യസിച്ചത് അതിന് സഹായകമായി. ആലിബാബയും 40 തിരുടർകളും എന്ന തമിഴ് സിനിമയിൽ ഡാൻസ് റോളാണ് ആദ്യം ലഭിച്ചത്.
സിനിമയിൽ കമൽജിത് എന്ന് അറിയപ്പെട്ട പരേതനായ ശശി രേഖിയാണ് ഭർത്താവ്. മക്കൾ: എഴുത്തുകാരായ സൊഹാലി രേഖി, കാശ്വി രേഖി. ഭർത്താവിന്‍റെ മരണത്തെതുടർന്ന് കുറേക്കാലം ബംഗളൂരുവിലായിരുന്ന വഹീദ റഹ്മാൻ ഇപ്പോൾ മുംബൈയിലെ ബാന്ദ്രയിലാണ് താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.