കാത്തിരിപ്പിന് വിരാമം; മോഹൻലാലിന്‍റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsമോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ പുതിയ അപ്‌ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നവംബര്‍ ആറിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാലാണ് 'വൃഷഭ'യുടെ റിലീസ് അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ‘ഭൂമി കുലുങ്ങുന്നു. ആകാശം കത്തുന്നു. വിധി അതിന്‍റെ യോദ്ധാവിനെ തിരഞ്ഞെടുത്തിരിക്കുന്നു. നവംബർ ആറിന് വൃഷഭ എത്തുന്നു!’ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ വൃഷഭയുടെ റിലീസ് അനൗന്‍സ്‌മെന്‍റ് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഒരു രാജാവിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയത്. ആക്ഷനും വൈകാരികതയും പ്രതികാരവും സംഗീതവും കൊണ്ട് മികച്ച ദൃശ്യാനുഭവം നല്‍കുന്നതാകും ചിത്രമെന്നാണ് സൂചന. വലിയ കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്‌ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ ആണ്. സിനിമയില്‍ മോഹന്‍ലാലിന്‍റെ മകനായി തെലുങ്ക് നടന്‍ റോഷന്‍ മെകയാണ് എത്തുന്നത്. സാറാ എസ് ഖാന്‍, ഷനായ കപൂര്‍ എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സഞ്‌ജയ് കപൂറിന്‍റെ മകള്‍ ഷനായ കപൂറിന്‍റെ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കൂടിയാണ് വൃഷഭ.
ശോഭ കപൂർ, ഏക്‌താ കപൂർ, സി.കെ പത്‌മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, ജൂഹി പരേഖ് മേത്ത, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. കണക്‌ട് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആന്‍റണി സാംസൺ ഛായാഗ്രഹണവും കെ.എം പ്രകാശ് എഡിറ്റിങും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ സാം സി. എസ് സംഗീതവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും ഒരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

