അങ്ങനെ ഒരു വാചകം ബൈബിളിൽ ഇല്ല; ഷാജി കൈലാസ് ചിത്രമായ കടുവയിലെ സംഭാഷണത്തെ തിരുത്തി സജി മാർക്കോസ്
text_fieldsപൃഥ്വിരാജ് ഷാജി കൈലാസ് ചിത്രമായ കടുവയിലെ സംഭാഷണത്തെ ചൊല്ലിയുളള വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉയർന്നു വരുകയാണ്. ചിത്രത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്നുള്ള സംഭാഷണം വലിയ വിവാദമായിരുന്നു. വിമർശനം കടുത്തതോടെ സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജും മാപ്പ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ ചുറ്റിപ്പറ്റി മറ്റൊരു വിവാദം തലപൊക്കുകയാണ്. കടുവയിൽ ബൈബിളിനെ തെറ്റായി ഉദ്ധരിച്ചുവെന്ന് ആരോപിച്ച് വ്ലോഗറും സഞ്ചാരിയും പ്രഭാഷകനുമായ സജി മാർക്കോസ് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിലെ സംഭാഷണത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
'പിതാക്കന്മാർ പച്ച മുന്തിരിങ്ങ തിന്നാൽ മക്കളുടെ പല്ലു പുളിക്കും' എന്നത് ബൈബിളിൽ ഇല്ലെന്നും 'പച്ച മുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ' എന്നാണ് ബൈബിൾ വാചകമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'അങ്ങിനെ ഒരു വാചകം ബൈബിളിൽ ഇല്ല - പച്ച മുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ എന്നാണ് ബൈബിളിൽ ( യിരെമ്യാവു 31:30)'.
ഇത് കൂടാതെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ ബൈബിളിൽ ഇല്ലാത്ത പ്രയോഗങ്ങളെ കുറിച്ചും സജി മാർക്കോസ് പറയുന്നുണ്ട്.
സജി മാർക്കോസിന്റെ വാക്കുകൾ ചുവടെ...
'ബൈബിളിൽ ഇല്ലാത്ത പ്രയോഗങ്ങൾ :
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും ( ഇത് ബൈബിളിന്റെ അടിസ്ഥാനത്തോട് നീതി പുലർത്തുന്നതല്ല )
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നാണ് ( അത് ഏതു വിശ്വസിക്കും ബാധകമല്ല, ആ സ്ത്രീയ്ക്ക് മാത്രം ബാധകമായ പ്രയോഗമാണത് )
ദുഷ്ടനെ ദൈവം പന പോലെ വളർത്തും - അങ്ങിനെ ഒരു വാചകം ബൈബിളിൽ ഇല്ല.
നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ - അങ്ങിനെയല്ല ആ വാചകം - നിങ്ങളിൽ പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടെ എന്നാണ് ( രണ്ടാമത് നിങ്ങൾക്ക് ഉറപ്പായും ചാൻസ് ഉണ്ട് )
പത്രോസെ നീ പാറ ആകുന്നു - അങ്ങിനെ ഒരു വാചകം ബൈബിളിൽ ഇല്ല ( നീ പത്രോസ് ആകുന്നു - ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും എന്നാണ് ബൈബിൾ വാക്യം )
ഏറ്റവും പുതിയ ഷാജി കൈലാസ് വേർഷൻ - പിതാക്കന്മാർ പച്ച മുന്തിരിങ്ങ തിന്നാൽ മക്കളുടെ പല്ലു പുളിക്കും - അതും ബൈബിളിൽ ഇല്ല ( ഇപ്പൊ ഇത്രയുമേ ഓർമ്മ വരുന്നുള്ളൂ )'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

