തിയറ്ററിൽ ആവേശം തീർത്ത വിസ്മയ മോഹൻലാലിന്‍റെ 'തുടക്കം' ഒ.ടി.ടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
text_fieldsമലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം 'തുടക്കം' ഒടിടി റിലീസിനൊരുങ്ങുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ മാർഷൽ ആർട്സ് സർവൈവൽ ത്രില്ലർ ചിത്രം കഴിഞ്ഞ ആഗസ്റ്റ് 7-നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച വിജയവും പ്രേക്ഷകപ്രശംസയും നേടിയ ശേഷമാണ് ചിത്രം ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കെത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ സെപ്റ്റംബർ 18 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ചിത്രത്തിന്റെ കഥ മീനു എന്ന യുവ മാർഷൽ ആർട്സ് പരിശീലകയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സഞ്ചരിക്കുന്നത്. രണ്ട് സ്കൂൾ വിദ്യാർഥിനികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സഹായിക്കുന്ന മീനുവിന്റെ ജീവിതത്തിലേക്ക് ക്രൂരനായ ഒരു സ്റ്റോക്കർ കടന്നുവരുന്നതും, തുടർന്നുണ്ടാകുന്ന ഭയപ്പെടുത്തുന്ന മുഹൂർത്തങ്ങളുമാണ് ചിത്രം പറയുന്നത്. ഭിന്നശേഷിക്കാരനായ പിതാവ് രവിക്കൊപ്പം കഴിയുന്ന മീനുവിന് താൻ ചെയ്ത ആ ചെറിയ സഹായം വരുത്തിവെക്കുന്ന വലിയ വിപത്തുകളും അതിജീവനാർത്ഥം അവൾ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ മുആയ് തായ് പരിശീലനത്തിന്റെ സഹായത്തോടെ ഭയത്തെയും പ്രതിസന്ധികളെയും അവൾ എങ്ങനെ നേരിടുന്നു എന്നത് പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഒന്നാണ്.
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ നായികയായെത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സായി കുമാർ, ബോബി കുരിയൻ, മനോജ് കെ. ജയൻ, ജി.ബി. ഗണേഷ് കുമാർ, മിയ ജോർജ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇതിനുപുറമെ ചിത്രത്തിൽ മോഹൻലാലിന്റെ ഒരു പ്രത്യേക അതിഥി വേഷവുമുണ്ട്. ഇത് സിനിമക്ക് കൂടുതൽ തിളക്കം നൽകുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നു. ജോമോൻ ടി ജോൺ, അഖിൽ ജോർജ്, സുദീപ് ഇലമൺ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

