Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'എടാ.... കഞ്ചാവും...

'എടാ.... കഞ്ചാവും ഡ്രഗ്സും കടത്തുന്നത് ക്രൈം ആണോ...?'; 'ലോക'യിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി വിനു അബ്രഹാം

text_fields
bookmark_border
Vinu Abraham
cancel
camera_alt

വിനു അബ്രഹാം

കല്യാണി പ്രിയദർശൻ, നസ്ലൻ കെ. ഗഫൂർ, ടോവിനോ തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം 'ലോക: ചാപ്റ്റർ വൺ ചന്ദ്ര' സിനിമയിൽ ലഹരി ഉപയോഗം വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാരോപിച്ച് സാഹിത്യകാരനും തിരക്കഥാകൃത്തുമായ വിനു അബ്രഹാം രംഗത്തെത്തി. സിനിമയിൽ ലഹരി ഉപയോഗം വളരെ നോർമലായി ചിത്രീകരിക്കുന്നുണ്ടെന്നും ലഹരി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആരോപിച്ച് സാമൂഹിക മാധ്യമമായ ഫേസ്ബുക് വഴിയാണ് വിനു അബ്രഹാമിന്റെ വിമർശനം.

'എടാ.... കഞ്ചാവും ഡ്രഗ്സും ഒക്കെ കടത്തുന്നത് ഒരു ക്രൈം ആണോ? ങാ, ഇനി നമ്മൾ രക്ഷപ്പെട്ടു. ഇനി നമുക്ക് നല്ല സ്റ്റഫ് കിട്ടും.' ചിത്രത്തിലുള്ള ഈ ഡയലോഗ് നടൻ സലീം കുമാറിന്റെ മകൻ ചന്ദു സലീം കുമാർ പറയുന്നത് ഹൈലൈറ്റ് ചെയ്താണ് സാമൂഹിക മാധ്യമം വഴി വിനു അബ്രഹാം വിമർശിക്കുന്നത്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ബാനറിൽ ഡൊമിനിക് അരുണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് ഉയർന്നുവന്ന വിവദാഹങ്ങൾക്കിടയിലും ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോൾ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ലോകക്ക് കഴിഞ്ഞിട്ടുണ്ട്.

വിനു അബ്രഹാമിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രിയപ്പെട്ട കൂട്ടുകാരെ, ഈ ഉത്രാടപ്പാച്ചിൽ നാളിൽ വളരെ സങ്കടകരവും അപലപനീയവും ആയ ഈ കാര്യം പറയാതിരിക്കാൻ ആവില്ല. മലയാള സിനിമ ഇന്ന് ലഹരിയുടെ പിന്നാലെ ഒരു ഭ്രാന്തമായ പാച്ചിലിൽ കൂടിയാണ്. കഞ്ചാവിനെയും മറ്റ് ലഹരി വസ്തുക്കളെയും വളരെ മഹത്വൽക്കരിക്കുന്ന, സാമാന്യവൽക്കരിക്കുന്ന ഇടുക്കി ഗോൾഡ് എന്ന സിനിമയിൽ തുടങ്ങിയ പ്രവണത ഇന്ന് അങ്ങേയറ്റം വിനാശകരമായിരിക്കുന്നു.

ഇപ്പോൾ ബോക്സ്‌ ഓഫീസ് തകർത്തു വാരുന്ന 'ലോക' എന്ന സിനിമയിലെ ഒരു പിടി ഡയലോഗുകൾ, 'ജാനകി'യെ ക്കുറിച്ചൊക്കെയുള്ള സാങ്കൽപ്പിക വികാര വ്രണപ്പെടൽ ചിന്തകൾ പോലും പുലർത്തുന്ന സെൻസർ ബോർഡ് എങ്ങനെ അനുവദിച്ചു എന്ന കാര്യം തികഞ്ഞ ഞെട്ടൽ ആണ് ഉളവാക്കുന്നത്. എം ഡി എം എ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ ഏജന്റ് ആയ ഒരു യുവാവിനെക്കുറിച്ച് ചന്തു സലീം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം നാസ്ലനോട് ഇങ്ങനെ പറയുന്നു, "എടാ കഞ്ചാവും ഡ്രഗ്സും ഒക്കെ കടത്തുന്നത് ഒരു ക്രൈം വല്ലതും ആണോ." അത് അംഗീകരിച്ച് കൊടുക്കും വിധം സീൻ മുന്നോട്ട് പോകുന്നു. ആ യുവാവ് ജയിൽ മോചിതനായി എന്നറിയുമ്പോൾ ചന്തു സലിം ഇങ്ങനെയും പറയുന്നു, 'ങാ, ഇനി നമ്മൾ രക്ഷപ്പെട്ടു. ഇനി നമുക്ക് നല്ല സ്റ്റഫ് കിട്ടും.' ഇതും ശരി വച്ചു തന്നെ സിനിമ മുന്നോട്ട് പോകുന്നു.

ഈ സിനിമയിൽ നിരവധി രംഗങ്ങൾ ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് വളരെ സ്വാഭാവികം, നല്ലത് എന്ന പ്രതീതി ഉളവാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തെ മുച്ചൂടും നശിപ്പിക്കുന്ന ലഹരിയെ natural ആയി കാണിക്കുന്ന ഈ സിനിമയിൽ നായികയും നായകനും ഒക്കെ എന്ത് തിന്മകൾക്കും ദുഷ്ട ശക്തികൾക്കും എതിരെയാണ് പോരാടുന്നത് എന്ന സംശയം ഉണരുന്നു.

മുൻകാലങ്ങളിൽ, എൺപതുകൾ വരെയൊക്കെ, മലയാള സിനിമയിൽ മദ്യപാന, ലഹരി രംഗങ്ങൾ ഉള്ളപ്പോഴും അത് മോശമാണ് എന്ന രീതിയിൽ ആയിരുന്നു ആഖ്യാനവും ചിത്രീകരണവും. പക്ഷേ, 2010ന് ശേഷം ന്യൂ ജൻ എന്ന് വിളിക്കപ്പെടുന്ന സിനിമകൾ വരവായതോടെ, പലപ്പോഴും പല സിനിമകളും ലഹരിക്കച്ചവടക്കാർക്ക്‌ പരസ്യം നൽകാനാണോ എടുക്കുന്നത് എന്ന് പോലും സംശയിക്കേണ്ട അവസ്ഥയാണ്. മലയാള സിനിമയിലെ ഒരു വിഭാഗം പുതു കാല പ്രവർത്തകർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണ് എന്നത് ഇന്നിപ്പോൾ സുവിദിതം ആണല്ലോ.

ഒരു സിനിമാ പ്രേമി എന്ന നിലയിലും ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിലും എത്രയും വേഗം ഇതിന് ഒരു അറുതി വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അടിയന്തരമായി ലോക സിനിമയിലെ മേൽപ്പറഞ്ഞ ചില സംഭാഷണങ്ങളും സീനുകളും ലഹരി വിരുദ്ധ നിയമപ്രകാരം നീക്കം ചെയ്യണം എന്ന് ബന്ധപ്പെട്ട അധികാരികളോട്ടും സിനിമയുടെ നിർമ്മാതാക്കളോട്ടും അഭ്യർത്ഥിക്കുന്നു.

തീർച്ചയായും മെഗാ ഹിറ്റായ ലോക സിനിമ സാങ്കേതികമായും ചിത്രീകരണ മികവിനാലും മലയാള സിനിമക്ക് അഭിമാനകരം തന്നെയാണ്. പക്ഷേ, ആ തിളക്കത്തിൽ നിന്ന് ലഹരിയുടെ കരിനിഴൽ നീക്കം ചെയ്യപ്പെടേണ്ടത് അവശ്യമാണ്. ഈ ഓണക്കാലത്ത്, കേരളീയ സമൂഹത്തെയും സിനിമയേയും ഭീകരമായി ഗ്രസിച്ചിരിക്കുന്ന മദ്യ, ലഹരി വിപത്തുകൾക്ക് എതിരെയുള്ള പോരാട്ടം കൂടി ശക്തമാകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MovieEntertainment NewsKalyani Priyadarshanvinu abrahamLokah Chapter1 Chandra
News Summary - smuggling of ganja and drugs a crime...?'; Vinu Abraham says 'Lokah' promotes drug use
Next Story