Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'വിരോധമുള്ളവരുടെ...

'വിരോധമുള്ളവരുടെ ചിത്രങ്ങൾ അവാർഡിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരമുണ്ടോ'- രഞ്ജിത്തിനെതിരെ വിനയൻ

text_fields
bookmark_border
T.G Vinayan  slams chalachithra academy chairman ranjith  About state film awards
cancel

ന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ശ്രമിച്ചെന്ന് സംവിധായകൻ വിന‍യൻ. തന്റെ പക്കൽ അതിന്റെ തെളിവുകളുണ്ടെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന ഫിലിം അവാർഡു ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടുമാണ് ഇതെഴുതുന്നതും കുറിപ്പിൽ പറയുന്നു. അതേസമയം വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിന് സം​ഗീത സംവിധായകൻ, ​ഗായിക, ഡബ്ബിങ് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

വിനയന്റെ വാക്കുകൾ

'എന്നെ ഞെട്ടിക്കുകയും അതിലേറെ ഉത്കണ്ഠാകുലനാക്കുകയും ചെയ്ത വളരെ ഗൗരവതരമായ ഒരു കാര്യം എല്ലാവരോടും കൂടി പങ്കുവയ്ക്കുവാനുമാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തു പോലും അതൊക്കെ നേരിട്ട് നീതിക്കു വേണ്ടി പോരാടി തിരിച്ചു വന്ന ഞാൻ ഇപ്പോളറിഞ്ഞ ഈ കാര്യങ്ങളോടു പ്രതികരിച്ചില്ലങ്കിൽ എന്റെ മനസ്സാക്ഷിയുടെ മുന്നിൽ പോലും പരിഹാസ്യനായിപ്പോകും എന്നു തോന്നി..ആദ്യമേ തന്നെ പറയട്ടെ ഇത്തവണത്തെ സംസ്ഥാന ഫിലിം അവാർഡ് ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത്.

ഞാൻ രചനയും സംവിധാനവും നിർവഹിച്ച പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ അവാർഡിനു മത്സരിച്ചെങ്കിലും അത് ഏറ്റവും നല്ല സിനിമയാണന്ന അവകാശവാദമൊന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷേ സിനിമാ അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാന് ഇടപെടാനും ജുറി അംഗങ്ങളെ നിയന്ത്രിക്കാനും അതു വഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാഡിൽനിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? അങ്ങനെ ചെയ്താൽ അത് അധികാര ദുർവിനിയോഗം അല്ലേ? ആ രീതിയിൽ അക്കാദമി ചെയർമാൻ നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പു മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും, ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടും പക്ഷപാതം കാണിച്ച ആ ചെയർമാനെ പ്രസ്തുത അവർഡ് പ്രഖ്യാപിക്കുന്നതു വരെയെങ്കിലും മാറ്റി നിർത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്ച്ചയാണ്? അതോ സാംസ്കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയർമാൻ രഞ്ജിത് ഈ കളി കളിച്ചത്?

ചലച്ചിത്ര അക്കാദമി പോലുള്ള മറ്റൊരു സ്ഥാപനത്തിൽ നേരത്തെ ചെയർമാനായിരുന്ന വ്യക്തിയാണ് പരാതി പറഞ്ഞ ആ ജൂറി മെമ്പർ എന്ന് ശ്രീ രഞ്ജിത്തിന് അറിയാമല്ലോ അല്ലേ? അദ്ദേഹത്തെപ്പോലെ വളരെ പക്വതയും സിനിമാ മേഖലയിൽ ആധികാരികതയുമുള്ള ജൂറി അംഗമായ ചലച്ചിത്രകാരനോട് പത്തൊൻപതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്‌ഷനിൽ നിന്ന് ഒഴിവാക്കാമായിരുന്നെന്നും" അവാർഡ് നിർണയം നടക്കുന്ന വേളയിൽ നിങ്ങൾ പറഞ്ഞെങ്കിൽ ഒരു നിമിഷം ആ അക്കാദമി പടിക്കെട്ടിനുള്ളിൽ നിൽക്കാതെ നിങ്ങൾ രാജിവച്ചിറങ്ങണം.. കുറ്റകരമായ പ്രവർത്തിയാണ് നിങ്ങൾ ചെയ്തത്.. രഞ്ജിത്തിന് ആ ചിത്രം ചവറു പടം ആയിരിക്കാം പക്ഷേ സെലക്ട് ചെയ്യല്ലെന്നു പറയാൻ നിങ്ങൾ ജൂറി അംഗമല്ല.. ഒരു ജൂറി അംഗത്തെ സ്വാധീനിക്കാൻ ശ്രമിച്ച ചെയർമാൻ ആ ഒറ്റ കാരണത്താൽ തന്നെ അധികാര ദുർവിനിയോഗം നടത്തിയിരിക്കുന്നു.

പത്തൊൻപതാം നൂറ്റാണ്ട് നിരവധി അവാർഡുകൾക്കു പരിഗണിക്കാവുന്ന ചിത്രമാണ്, പ്രത്യേകിച്ച് ആർട് ഡയറക്‌ഷൻ വളരെ നല്ലതാണെന്ന് ആ ജൂറി മെമ്പർ പറഞ്ഞപ്പോൾ നിങ്ങൾ ശക്തമായി എതിർത്തു.. കലാസംവിധാനത്തെ പറ്റി എന്നെ പഠിപ്പിക്കണ്ട എന്നാണ് അദ്ദേഹം നിങ്ങൾക്കപ്പോൾ മറുപടി തന്നത്.. അല്ലേ രഞ്ജിത്..? അവിടെ ഉത്തരം മുട്ടിയ നിങ്ങൾ മറ്റൊരു ജൂറി മെമ്പറായ നടി ഗൗതമിയേ വിട്ട് ഒരഭ്യാസം നടത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ സെറ്റിട്ടതു ശരിയല്ല. കാർഡ് ബോർഡ് തെളിഞ്ഞു കാണുന്നുണ്ട് എന്നൊക്കെയാണ് ശ്രീമതി ഗൗതമി പറഞ്ഞതത്രേ.. നടി ഗൗതമി പത്തൊൻപതാം നുറ്റാണ്ട് തന്നെയാണോ കണ്ടതെന്ന് അവരോടു തന്നെ ചോദിക്കണം. മാത്രമല്ല രഞ്ജിത്തിന്റെ മെഗാഫോണായി നിന്നുകൊണ്ട് ജൂറി അംഗങ്ങളായ ശ്രീ മധുസൂദനനും ശ്രീ ഹരിയുമൊക്കെ രഞ്ജിത്തിന്റെ ആഗ്രഹം നടപ്പാക്കാൻ വേണ്ടി വാദിക്കുന്നതു കണ്ടപ്പോളാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി തനിക്ക് വ്യക്തമായതെന്ന് തികച്ചും വികാരാധീനനായിട്ടാണ് ആ മുതിർന്ന ജൂറി അംഗം പറഞ്ഞത്... രഞ്ജിത്തിന്റെ പ്രവർത്തി കണ്ടിട്ട് ന്യായത്തിനു വേണ്ടി സംസാരിച്ച ആ മനുഷ്യന് ബ്രൂട്ടസിന്റെ കത്തി തന്റെ നെഞ്ചത്ത് കുത്തിയിറക്കിയ പോലെ അനുഭവപ്പെട്ടെന്നും.. ഒന്നു രണ്ടു ദിവസം ഉറങ്ങാൻ കഴിഞ്ഞില്ലന്നും പറയുമ്പോൾ നിങ്ങളെ പറ്റി എനിക്ക് അവജ്ഞ തോന്നുന്നു രഞ്ജിത്തേ.. ഈ സ്റ്റേറ്റ് അവാർഡ് അത്ര വലിയ സംഭവമാണോ? അത് കിട്ടുന്നവർ അത്ര വലിയ മഹാൻമാരാണോ? അതോ പത്തൊൻപതാം നൂറ്റാണ്ടിനു ഒന്നു രണ്ട് അവാർഡു കൂടി കിട്ടി പോയാൽ രഞ്ജിത്തിനു നാണക്കേടാവുമോ? ഇതൊന്നും അല്ലെങ്കില്‍ ഈ പടത്തെ തഴയുവാൻ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നിൽ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ?ഏതായാലും ഈ പിന്നാമ്പുറക്കളി ഒക്കെ മനസ്സിലാക്കുന്ന ഏതൊരാൾക്കും ഈ അവാർഡിനോടൊക്കെ പുഛമേ തോന്നു..

ഞാൻ വ്യക്തമായി പറയുന്ന ഈ കാര്യങ്ങൾ തെറ്റാണെങ്കില്‍ നിങ്ങൾ പറയൂ. ഞാൻ കൃത്യമായ തെളിവുകൾ നിങ്ങൾക്കു തരാം.. അതു കയ്യിൽ വച്ചുകൊണ്ടാണ് ഞാനിതെഴുതുന്നത്.. വേണ്ടി വന്നാൽ അതു എല്ലാ മീഡിയയ്ക്കും ഞാന്‍ കൊടുക്കും.. മിസ്റ്റർ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തിൽ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാർഡിനെ ഇത്ര തരംതാണ അവസ്തയിൽ എത്തിച്ചിട്ടില്ല.തീർന്നില്ല.. ഇനിയുമുണ്ടു കാര്യങ്ങൾ... അങ്ങനെ പ്രധാനപ്പെട്ട അവാർഡുകൾ പലതും വെട്ടി മാറ്റിയ ശേഷം ഒടുവിൽ സംഗീതത്തിനും ഡബ്ബിങിനുമായി മൂന്ന് അവാർഡ് പത്തൊൻപതാം നൂറ്റാണ്ടിനു കൊടുക്കാൻ തീരുമാനിക്കുന്നു..

പക്ഷേ രഞ്ജിത്ത് ആ വിവരം അറിഞ്ഞില്ല.. അറിഞ്ഞപ്പോൾ നിങ്ങൾ കലിപൂണ്ടു.. ജോലി കഴിഞ്ഞു വെളിയിൽ പോയ ജൂറി ചെയർമാൻ ഗൗതം ഘോഷുൾപ്പടെ എല്ലാവരെയും വേഗം തിരിച്ചു വിളിക്കുന്നു.. എന്തോ അരുതാത്തതു നടന്ന പോലെ ആ അവാർഡുകൾ പുനർ ചിന്തനം ചെയ്യണമെന്നു പറയുന്നു.. ആരോ പറഞ്ഞു വിട്ടതു പോലെ ഒരേ വാക്കുകൾ എല്ലാരും പറയുന്നു.. “ഇതിലും നല്ലതുണ്ടോ എന്ന് ഒന്നു കൂടി നോക്കിയാലോ?” ഇതു കേട്ട് ജൂറി അംഗം ഗായികയായ ജിൻസി ഗ്രിഗറി വിഷമത്തോടെ പറഞ്ഞു “അതു മാറ്റണോ സർ എല്ലാരും കൂടി ആലോചിച്ചെടുത്തതല്ലേ...” ജിൻസിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ശ്രീ ഗൗതം ഘോഷിന് മനം മാറ്റം വന്നു.. ഇനി അതിനൂടി മാറ്റം വരുത്തണ്ട എന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്കു പോയത്രേ.. അങ്ങനെ രഞ്ജിത്തിന്റെ വിനയനിഗ്രഹം കഥകളി ക്ലൈമാക്സിലെത്താതെ പോയി.. എന്താ ഇതൊക്കെ സത്യമല്ലേ ചെയർമാനേ? ഞാൻ വ്യക്തിപരമായി നിങ്ങളോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല..ഇനി എന്നോട് നിങ്ങൾക്ക് അടങ്ങാത്ത പകയുണ്ടങ്കിൽ പോലും ആ ചിത്രത്തിൽ പണിയെടുത്ത ആർട്ട് ഡയറക്ടറും മേക്കപ്പ്മാനുമൊക്കെ എന്തു പിഴച്ചു..

അക്കാദമിയിലോ ജൂറിയിലോ ഒന്നും അംഗമല്ലാത്ത ഒരാൾക്ക് ഇത്ര കൃത്യമായി തിരക്കഥ പോലെ കാര്യങ്ങൾഎങ്ങനെ പറയാൻ കഴിയുന്നു എന്ന് രഞ്ജിത്തിന് അതിശയം തോന്നാം.. അതാ രഞ്ജിത്തേ കാവ്യ നീതി എന്നൊക്കെ പറയുന്നത്. നേരിനെ മറയ്ക്കുന്ന ഇരുമ്പു മറകൾ മാറ്റാൻ ആരെങ്കിലും ഉയിർത്തെഴുന്നേൽക്കും... നിങ്ങൾ ക്കിതു സത്യമല്ലെന്നു പറയാൻ കഴിയുമോ? അങ്ങനെയെങ്കിൽ പറയൂ.. അതെന്റെ ക്രെഡിബിലിറ്റിയുടെ കൂടി പ്രശ്നമാണല്ലോ.. കൃത്യമായ തെളിവ് കേരള ജനത മുഴുവൻ അറിയുന്ന രീതിയിൽ ഞാൻ കൊടുക്കാം.. മറ്റു ചിലരു കൂടി അപ്പോൾ ഉത്തരം പറയേണ്ടി വരും. കാര്യം കാണാൻ വേണ്ടി കമ്യൂണിസ്റ്റായ വ്യക്തിയല്ല നേരത്തെ പറഞ്ഞ ജൂറി അംഗം.. അദ്ദേഹം പറഞ്ഞ ഒരു വാക്ക് അതേ ഭാഷയിൽ പറയാം..."ഇവനൊക്കെ ഇങ്ങനെ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് ആത്മനിന്ദ തോന്നുന്നു"

സത്യം പറയട്ടെ ഇടതു പക്ഷത്തോട് ചേർന്നു നിന്ന എനിക്കും അങ്ങനെ തോന്നുന്നു. എന്തിനാണു സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്കു പോണത്. സ്റ്റേറ്റു കാറിൽ നടക്കുന്ന നീതിബോധത്തോടെ പെരുമാറേണ്ട അക്കാദമി ചെയർമാനല്ലേ നിങ്ങൾ. മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിങ്ങളേതു രീതിയിലെങ്കിലും ഇടപെട്ടിട്ടുണ്ടങ്കിൽ ഇപ്പോഴത്തെ ചെയർമാൻ സ്ഥാനം രാജിവച്ചു നിങ്ങൾ പുറത്തു പോകണം. “ഇയാളു തന്നെയാണിരിക്കുന്നതെങ്കിൽ ഇനിവരുന്ന മൂന്നു വർഷവും ചലച്ചിത്രകാരൻമാർക്കു നീതി കിട്ടാതെ പോകും..” എന്നാണ് നിങ്ങൾ നിയമിച്ച പരിണിത പ്രജ്ഞനായ ആ ജൂറിമെമ്പർ പറയുന്നത്..

ബഹുമാന്യനായ സാസ്കാരിക മന്ത്രി സജി ചെറിയാനും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ട്.. ഒരു ജൂറി അംഗം തന്നെ ചെയർമാൻ രഞ്ജീത്തിന്റെ അവിഹിതമായ ഇടപെടലിനെപ്പറ്റി മന്ത്രിയുടെ പി എസ്സിനേ വിളിച്ചു പറഞ്ഞു.. എന്നിട്ട് താങ്കൾ എന്തു ചെയ്തു? ഇത്തരം അവതാരങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണോ തീരുമാനം? എങ്കിൽ ... ബലേ ഭേഷ്.... എന്നേ പറയാനുള്ളു...'- വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranjithVinayan Tgkerala state film awards
News Summary - Vinayan slams Kerala State Chalachitra Academy chairman ranjith for state film awards
Next Story