'കലാഭവന്‍ മണിയുടെ നായികയാകാനില്ലെന്ന് പറഞ്ഞ നടി ദിവ്യ ഉണ്ണി അല്ല'; വെളിപ്പെടുത്തലുമായി വിനയന്‍
text_fieldsനടൻ കലാഭവൻ മണിയുടെ കൂടെ അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞതിനെ തുടർന്നുള്ള വിമർശനം ഇന്നും നടി ദിവ്യ ഉണ്ണിയെ പിന്തുടരുന്നുണ്ട്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ മണിയോടൊപ്പം അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞു എന്നതും വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയാകാൻ വിസമ്മതിച്ചതുമാണ് നടി നേരിടുന്ന ആരോപണങ്ങൾ. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്ത വിനയൻ.
കല്യാണ സൗഗന്ധികത്തെക്കുറിച്ച് വിനയൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ ആരാധകന്‍റെ സംശയത്തിന് മറുപടി പറയുകയായിരുന്നു വിനയൻ. 'കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്നു ഒരു നടി പറഞ്ഞന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?' എന്ന റോയ് ആന്‍റണി എന്ന വ്യക്തിയുടെ ചോദ്യത്തിനാണ് വിനയൻ മറുപടി പറഞ്ഞത്. അഭിനയിക്കാൻ ബുദ്ധിമുട്ട് പറഞ്ഞ നടി ദിവ്യ ഉണ്ണി അല്ലെന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞതെന്നും വിനയൻ വെളിപ്പെടുത്തി.
വിനയന്‍റെ മറുപടി
അത് ഈ സിനിമ അല്ല..
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്...
ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്ററന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. ദീലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു..
പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു..
കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു.
വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടൊണ്ട്. ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

