രണ്ട് പതിറ്റാണ്ടുകള്‍, വൈവിധ്യമാർന്ന വേഷങ്ങൾ...; ഓപ്പറേഷൻ ത്രാളിൽ മികവുറ്റ വേഷവുമായി വിനയ് റായ് എത്തുന്നു
text_fieldsഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’-ൽ വ്യത്യസ്ത വേഷപ്പകർച്ചയിൽ മികവുറ്റ വേഷവുമായി വിനയ് റായ് എത്തുന്നു. അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ താരത്തിന് സ്പെഷൽ ബെർത്‍ഡേ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍.
ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം. തുപ്പറിവാളൻ, ഡോക്ടർ, എതർക്കും തുനിന്തവൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രതിനായക വേഷങ്ങളിലേക്കുള്ള വഴിമാറിനടത്തം. രണ്ട് പതിറ്റാണ്ടോളമായി നായകനായും വില്ലനായും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് വിനയ് റായ്. അദ്ദേഹത്തിന്‍റെ അഭിനയമികവും വൈവിധ്യവും തന്നെയാണ് പുതിയ ചിത്രമായ 'ഓപ്പറേഷൻ ത്രാൾ' എന്ന സിനിമയിലെ നിർണായകമായ കഥാപാത്രത്തിലും പ്രേക്ഷകർക്ക് കാണാനാവുക. വിനയ് റായിക്ക് വരുംവർഷങ്ങളിൽ കൂടുതൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പിറന്നാൾ ആശംസകൾ വിനയ്! എന്നാണ് ഓപ്പറേഷൻ ത്രാൾ ടീം പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ശർമ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, നന്ദലാൽ കൃഷ്ണമൂർത്തി, റിതിക സിങ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ പാൻ-ഇന്ത്യൻ താരനിരയുടെ ഭാഗമായി ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാർ, യഷ്പാൽ ഗേര, മിർ സർവർ, ചന്ദൻ ബിഷ്ത്, ഹൻസിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂർ, വിജയ് ത്രിവേദി, മൻഹർ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തിലുണ്ട്.
കിഷ്കിന്ധാ കാണ്ഡം, രോമാഞ്ചം, കസബ, അബ്രഹാമിന്‍റെ സന്തതികൾ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ഓപ്പറേഷൻ ത്രാൾ നിർമിക്കുന്നത്. സുനിമോൾ ജോബി സഹനിർമാതാവാണ്. ദേശീയ ഇന്‍റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഓപ്പറേഷൻ ത്രാൾ. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വലിയ ആക്ഷൻ രംഗങ്ങൾക്കും ശക്തമായ ദേശസ്നേഹ പ്രമേയത്തിനുമൊപ്പം ഇന്‍റലിജൻസ് ഓപ്പറേഷനുകളുടെ ലോകവും ചിത്രം അവതരിപ്പിക്കുന്നു. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
ബിഗ് ബജറ്റിൽ, മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ചിത്രമായി ഒരുങ്ങുന്ന 'ഓപ്പറേഷൻ ത്രാൾ' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു. കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്‍റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്‍റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

