മികച്ച തുടക്കവുമായി ആദ്യദിനം; രണ്ടാം ദിനം വിക്രംവേദക്ക് ഗുണമായോ, കളക്ഷൻ റിപ്പോർട്ട്
text_fieldsഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ബോളിവുഡ് ചിത്രമാണ് വിക്രംവേദ. സെയ്ഫ് അലിഖാൻ, ഹൃത്വിക് റോഷൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം സെപ്റ്റംബർ 30നാണ് തിയറ്ററുകളിൽ എത്തിയത്. ബോളിവുഡ് ചിത്രങ്ങൾ തിയറ്ററുകളിൽ പരാജയം നേരിടുന്ന സാഹചര്യത്തിലാണ് വിക്രംവേദയുമായി ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും എത്തിയത്. ഏറെ പ്രതീക്ഷ നൽകി കൊണ്ട് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിട്ടില്ലെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്.
മികച്ച കളക്ഷനോടെയായിരുന്നു വിക്രംവേദയുടെ തുടക്കം. ആദ്യദിനം തന്നെ 10 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു. ചിത്രത്തിന്റെ മികച്ച ഓപ്പണിങ്ങാണെന്നാണ് ട്രെയിഡ് അനസ്റ്റിലുകൾ പറയുന്നത്. 175 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 25ശതമാനം വർധനവാണ്. 12.50-12.75 കോടിയാണ് നേടിയിരിക്കുന്നത്. ഇത് മികച്ച നേട്ടമാണെന്നാണ് ട്രെയിഡ് അനലിസ്റ്റുകളുടെ അനുമാനം.
തെന്നിന്ത്യയിലെ വൻ താരനിര അണിനിരന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനോടൊപ്പമാണ് വിക്രംവേദ തിയറ്ററുകളിൽ എത്തിയത്. 23 കോടി രൂപയാണ് പിഎസ് 1 നേടിയത്.
തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ വിക്രംവേദയുടെ ഹിന്ദി പതിപ്പാണിത് . ഹൃത്വിക് റോഷൻ, സെയ്ഫ് അലിഖാൻ എന്നിവർ വിക്രം, വേദയായി എത്തിയ ചിത്രം പ്രഖ്യാപനം മുതലെ സിനിമാ കോളങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൊത്തം 5640 സ്ക്രീനുകളിലായിട്ടാണ് ഹിന്ദി 'വിക്രം വേദ' പ്രദർശനത്തിനെത്തിയത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.