ദളപതി ചിത്രം 'ജനനായകന്' യു.കെയിൽ വൻ സ്വീകരണം; അൺകട്ട് പതിപ്പ് റിലീസിന് മുന്നേ നേടിയത് കോടികൾ !
text_fieldsതമിഴകത്തിന്റെ പ്രിയതാരം ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് അഭിനയിച്ച അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' ആഗോളതലത്തിൽ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യയിൽ വലിയ സെൻസർഷിപ്പ് വിവാദങ്ങൾക്കും ഏഴു മാസത്തെ നീണ്ട കാത്തിരിപ്പിനും ഒടുവിൽ 'എ' സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. എന്നാൽ വിദേശ വിപണികളിൽ ചിത്രത്തിന്റെ ഒരു രംഗം പോലും വെട്ടിമാറ്റാത്ത 'അൺകട്ട്' പതിപ്പാണ് റിലീസ് ചെയ്യുന്നത്. വരാനിരിക്കുന്ന ജൂലൈ 24നാണ് യു.കെ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തിയറ്ററുകളിൽ ഈ മാസ്സ് ആക്ഷൻ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദേശരാജ്യങ്ങളിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യു.കെയിലെ വിതരണക്കാരായ അഹിംസ എന്റർടൈൻമെന്റ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം ബുക്കിങ് ആരംഭിച്ച് വെറും 60 മിനിറ്റുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. നിലവിലെ കണക്കുകൾ അനുസരിച്ച് യു.കെയിലെ അഡ്വാൻസ് ബുക്കിങിലൂടെ മാത്രം ചിത്രം 1 കോടിയിലധികം രൂപ സ്വന്തമാക്കിക്കഴിഞ്ഞു. തമിഴ് സിനിമയിലെ ഒരു നടന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ യാത്രയയപ്പായി ഈ റിലീസിനെ മാറ്റാനുള്ള ആവേശത്തിലാണ് വിജയ് ആരാധകർ.
സിനിമയുടെ റിലീസ് വൈകുന്നതിനിടയിലാണ് വിജയ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും നിലവിൽ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തത്. അതുകൊണ്ടുതന്നെ 'തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്' എന്ന പേരിലാണ് വിദേശത്തെ പോസ്റ്ററുകളിൽ ഇപ്പോൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മുൻപ് സിനിമയുടെ റിലീസ് തടസ്സപ്പെട്ടപ്പോൾ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ വിജയ്, തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് എതിരെ ശക്തമായ രാഷ്ട്രീയ മറുപടിയും നൽകിയിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത് കെ.വി.എൻ പ്രൊഡക്ഷൻസ് നിർമിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. വെട്ടിമാറ്റലുകൾ ഒന്നുമില്ലാത്ത വിജയ്‌യുടെ തനത് മാസ്സ് പ്രകടനവും ആക്ഷൻ രംഗങ്ങളും തിയറ്ററുകളിൽ കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

