Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമപോരാട്ടങ്ങൾ കഴിഞ്ഞു, സെൻസർ ബോർഡും ഒതുങ്ങി; ഒടുവിൽ ‘ജനനായകൻ’ തിയറ്ററിലേക്ക്

text_fields
bookmark_border
നിയമപോരാട്ടങ്ങൾ കഴിഞ്ഞു, സെൻസർ ബോർഡും ഒതുങ്ങി; ഒടുവിൽ ‘ജനനായകൻ’ തിയറ്ററിലേക്ക്
cancel
camera_alt

ജനനായകൻ

ദീർഘനാളത്തെ അനിശ്ചിതത്വങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വിരാമമിട്ട്, ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയുടെ അവസാന ചിത്രം 'ജനനായകൻ' തിയറ്ററുകളിലേക്ക്. നേരത്തെ ജൂലൈ 24ന് നിശ്ചയിച്ചിരുന്ന റിലീസ്, ഒരു ദിവസം മുൻകൂട്ടി ജൂലൈ 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ വർഷം ആദ്യം പൊങ്കൽ റിലീസായി തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു 'ജനനായകൻ'. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചിത്രത്തിന്റെ റിലീസിന് വലിയ തടസ്സമായി മാറി. ചിത്രം പൊങ്കൽ ദിനത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് റിലീസ് പലതവണ മാറ്റിവെച്ചത് വലിയ നിരാശയായിരുന്നു നൽകിയത്. വിഷയം പിന്നീട് മദ്രാസ് ഹൈകോടതി വരെ എത്തുകയും, നിയമനടപടികളുടെ നീണ്ട പരമ്പരകൾക്ക് ശേഷം ഒടുവിൽ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിക്കുകയുമായിരുന്നു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ചിത്രം റിലീസ് ചെയ്യാൻ വൈകിയത് മറ്റൊരു കൗതുകകരമായ സാഹചര്യത്തിനാണ് വഴിയൊരുക്കിയത്. ഒരു സിറ്റിംഗ് മുഖ്യമന്ത്രി എന്ന നിലയിൽ വിജയ് തമിഴ്‌നാട് ഭരണം കൈയാളുന്ന വേളയിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായകമായ ഈ ഘട്ടത്തിൽ ചിത്രം റിലീസ് ചെയ്യുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

റിലീസിന് മാസങ്ങൾക്ക് മുൻപ് ഏപ്രിലിൽ ചിത്രം ഓൺലൈനിൽ ചോർന്നത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക തിരിച്ചടിയായിരുന്നു. ഏകദേശം 500 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ പൂർണ്ണരൂപമാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്. വാട്സാപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ഏകദേശം 1.2 കോടി ആളുകൾ ചിത്രം കണ്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് കേസെടുക്കുകയും ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നാരായൺ, പ്രിയാമണി തുടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ ആസ്ട്രേലിയയിലും യൂറോപ്പിലും ഇതിനകം തന്നെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിജയ് യുടെ അവസാന ചിത്രം എന്ന നിലയിൽ തിയറ്ററുകളിൽ വലിയ ആഘോഷം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay's 'Jana Nayagan' Finally Gets Release Date
Next Story