സെൻസർ ബോർഡ് ഉടക്കി, സുപ്രീം കോടതി കൈവിട്ടു; ദളപതി ആരാധകർക്ക് വീണ്ടും നിരാശ
text_fieldsസംവിധായകൻ എച്ച്. വിനോദും ദളപതി വിജയ്‍യും ഒന്നിക്കുന്ന 'ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീൽ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജനുവരി 20ന് വിശദമായ വാദം കേട്ടെങ്കിലും കോടതി അന്തിമ വിധി പ്രസ്താവിച്ചില്ല. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
ജനുവരി 9ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് അത് റിവൈസിങ് കമ്മിറ്റിക്ക് വിടാനായിരുന്നു ബോർഡിന്റെ തീരുമാനം. സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് ബോർഡ് കോടതിയെ അറിയിച്ചു. അഞ്ചംഗ പരിശോധനാ സമിതി ഏകകണ്ഠമായി U/A സർട്ടിഫിക്കറ്റ് ശിപാർശ ചെയ്തതാണെന്നും, ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ വീണ്ടും പരിശോധനക്ക് അയക്കുന്നത് ശരിയല്ലെന്നും നിർമാതാക്കൾ വാദിച്ചു. പരാതിക്കാരൻ ചൂണ്ടിക്കാണിച്ച രംഗങ്ങൾ ഇതിനോടകം നീക്കം ചെയ്തതായും അവർ കോടതിയിൽ വ്യക്തമാക്കി.
നേരത്തെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ജനുവരി 20ന് തന്നെ ഹൈകോടതി ഈ വിഷയത്തിൽ തീരുമാനമെടുക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. വിജയ് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന നിലയിൽ 'ജനനായകൻ' വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ട്രെയിലറും പ്രൊമോഷനുകളും വലിയ തരംഗം സൃഷ്ടിച്ചിരുന്നെങ്കിലും നിയമപോരാട്ടം റിലീസിനെ ബാധിച്ചിരിക്കുകയാണ്.
രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് ‘ജനനായകൻ’. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും വാദിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകാതിരുന്നത്. 500 കോടിയോളം രൂപ ചിലവിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

