കോടതി കനിഞ്ഞില്ലെങ്കിൽ 'ജനനായകൻ' പറഞ്ഞ സമയത്ത് എത്തില്ല; കേസിൽ വിധി റിലീസ് തീയതിയിൽ
text_fieldsനടനും രാഷ്ട്രീയക്കാരനുമായ വിജയ്യുടെ അവസാന ചിത്രം ജനനായകന്റെ സർട്ടിഫിക്കേഷൻ കാലതാമസം സംബന്ധിച്ച കേസ് മദ്രാസ് ഹൈകോടതി വിധി പറയാൻ മാറ്റി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെയും (സി.ബി.എഫ്.സി) നിർമാതാക്കളായ കെ.വി.എൻ സ്റ്റുഡിയോയുടെയും വാദങ്ങൾ കേട്ട ശേഷമാണ് മാറ്റിവെച്ചത്. റിലീസ് തീയതിയായി പ്രഖ്യാപിച്ച ജനുവരി ഒമ്പതിനാണ് കോടതി വിധി പറയുക.
ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോർഡിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശൻ ഹാജരായി. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിർമാതാക്കളെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു. റിവൈസിങ് കമ്മിറ്റി പരിശോധിക്കുന്ന കാര്യം തിങ്കളാഴ്ച തന്നെ അറിയിച്ചുവെന്നായിരുന്നു സി.ബി.എഫ്.സിയുടെ മറുപടി. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചതിന് പിന്നിൽ ഒരു ഗൂഢലക്ഷ്യവുമില്ലെന്ന് സി.ബി.എഫ്.സി വാദിച്ചു.
പരിശോധന സമിതിയിൽ അഞ്ച് അംഗങ്ങളാണുണ്ടായിരുന്നതെന്നും എല്ലാവരും സ്വതന്ത്രമായി അവരുടെ ശുപാർശകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ.വി.എൻ സ്റ്റുഡിയോസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ഡിസംബർ 22ന് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ശുപാർശ ചെയ്ത എക്സാമിനിങ് കമ്മിറ്റിയിലെ ഒരാൾ തന്നെയാണ് പരാതിക്കാരൻ എന്ന് സി.ബി.എഫ്.സി അറിയിച്ചു.
സിനിമക്കെതിരെ പരാതി നല്‍കാന്‍ ബോര്‍ഡ് അംഗത്തിന് കഴിയില്ലെന്ന് നിർമാതാക്കള്‍ വാദിച്ചു. ബോര്‍ഡ് അംഗം എങ്ങനെ പരാതിക്കാരനായി എന്നും നിർമാതാക്കള്‍ ചോദിച്ചു. ചിത്രത്തിന്‍റെ റിലീസ് വൈകിയാൽ സംഭവിക്കാവുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും പ്രൊഡക്ഷൻ ഹൗസ് സൂചിപ്പിച്ചു. പദ്ധതിയിൽ 500 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ജനുവരി ഒമ്പത് റിലീസ് തീയതിയായി പരസ്യമായി പ്രഖ്യാപിച്ചെന്നും അവർ അറിയിച്ചു.
പരിശോധന സമിതി ചിത്രത്തിന് സർട്ടിഫിക്കേഷനായി അനുമതി നൽകിക്കഴിഞ്ഞാൽ ബോർഡിന് അത് പിന്നീട് റിവൈസിങ് കമ്മിറ്റിക്ക് അയക്കാൻ കഴിയില്ലെന്നും നിർമാതാവ് വാദിച്ചു. ഇതിന് മറുപടിയായി, ചിത്രം ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി ലഭിച്ചതായി സി.ബി.എഫ്.സി അറിയിച്ചു. പ്രതിരോധ സേനയുടെ ചില ചിഹ്നങ്ങൾ ചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഈ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് റിവൈസിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചതെന്നും അവർ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

