ടീപ്പോയിൽ വിജയ് ദേവരകൊണ്ട കാൽവെച്ചു; ലൈഗറിനെതിരെ ബഹിഷ്കരണാഹ്വാനം
text_fieldsകഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് സിനിമകൾക്ക് അത്രനല്ല സമയമല്ല. പുറത്ത് ഇറങ്ങുന്ന ചിത്രങ്ങൾക്കെതിരെ ബേയ്കോട്ട് ആഹ്വാനം ശക്തമാവുകയാണ്. ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാബന്ധൻ, ഹൃത്വിക് റോഷന്റെ വിക്രംവേദ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ നടൻ വിജയ് ദേവരകൊണ്ടയുടെ ലൈഗറിനെതിരേയും ബോയ് കോട്ട് ഹാഷ്ടാഗ് ഉയരുകയാണ്.
ബോളിവുഡ് താരം അനന്യ പാണ്ഡെ നായികയായി എത്തുന്ന ചിത്രം ആഗസ്റ്റ് 25 നാണ് തിയറ്ററിൽ എത്തുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടക്കുമ്പോഴാണ് ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം നടക്കുന്നത്.
പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ബഹിഷ്കരിക്കാൻ പലതരത്തിലുളള കാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിൽ ഏറെ രസകരം വാർത്താസമ്മേളനത്തിനിടയിൽ നടൻ വിജയ് ദേവരകൊണ്ട ടീപ്പോയുടെ മുകളിൽ കാൽ കയറ്റി വച്ചതാണ്. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് നടൻ ടീപ്പോയുടെ പുറത്ത് കാല് വച്ചത്.
പൂരി ജഗന്നാഥിനോടൊപ്പം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ലൈഗർ നിർമിക്കുന്നത്. ഇതും ചിത്രം ബോയ്കോട്ടിന് കാരണമായി പറയുന്നു.
ബഹിഷ്കരണാഹ്വാനം തകൃതിയായി നടക്കുമ്പോൾ വിമർശകർക്ക് മറുപടിയായി നടൻ രംഗത്ത് എത്തിയിട്ടുണ്ട്. തനിക്കൊരു ഭയവുമില്ലെന്നാണ് പ്രതികരണം.
ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗർ ഒരുക്കിയിരിക്കുന്നത്. തമിഴ്, കന്നഡ, മലയാളം എന്നി ഭാഷയിൽ ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങളും അണിയറപ്രവര്‍ത്തകരും കേരളത്തില്‍ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

