തമിഴ്നാട്ടിൽ ഇനി റിലീസ് ദിനങ്ങളിൽ സിനിമക്ക് അഞ്ച് പ്രദർശനങ്ങൾ; വമ്പൻ തീരുമാനവുമായി സർക്കാർ
text_fieldsചെന്നെ: തമിഴ്നാട്ടിലെ തിയറ്ററുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ഏഴു ദിവസങ്ങളിൽ അഞ്ച് പ്രദർശനങ്ങൾ നടത്താൻ അനുമതി നൽകി മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് ഉത്തരവിട്ടു. സിനിമാ മേഖലയിലെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുമാനം.
നിലവിൽ തമിഴ്നാട് സിനിമാസ് (റഗുലേഷൻ) റൂൾസ് 1957ലെ ചട്ടം പ്രകാരം ഒരു ദിവസം നാല് പ്രദർശനങ്ങളാണ് അനുവദിച്ചിരുന്നത്. ഉത്സവങ്ങളിലും പൊതു അവധി ദിവസങ്ങളിലും മാത്രം അധികമായി ഒരു പ്രദർശനം നടത്താൻ അതത് ജില്ലാ കളക്ടർമാരുടെയോ പോലീസ് കമ്മീഷണറുടെയോ പ്രത്യേക അനുമതി ആവശ്യമായിരുന്നു.
എന്നാൽ പുതിയ ഉത്തരവ് പ്രകാരം തമിഴ് സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ഏഴ് ദിവസങ്ങളിൽ തിയറ്ററുകൾക്ക് അഞ്ച് പ്രദർശനങ്ങൾ നടത്താം. ഇതിനായി പ്രത്യേകം അനുമതി വാങ്ങേണ്ടതില്ല. കൂടാതെ, ശനി, ഞായർ ദിവസങ്ങളിലും, പൊതു അവധി ദിനങ്ങളിലും, പ്രാദേശിക ഉത്സവ ദിവസങ്ങളിലും മുൻകൂട്ടി അനുമതിയില്ലാതെ തന്നെ അഞ്ച് പ്രദർശനങ്ങൾ നടത്താൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
ഇതിനിടെ തമിഴ് സിനിമയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രിയും തന്റെ മുൻ സഹതാരവുമായ സി. ജോസഫ് വിജയ്‌യോട് പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചതായി നടൻ വിജയ് സേതുപതി പറഞ്ഞിരുന്നു. തമിഴ്നാട് സർക്കാർ മുൻകൈ എടുത്ത് സ്വന്തമായി ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങണമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരാവശ്യം. ഒ.ടി.ടി വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും സർക്കാർ സംവിധാനത്തിലൂടെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരു പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ ആവശ്യം ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നതാണ്. വർഷങ്ങളായി തിയറ്റർ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല എന്നത് നിർമാതാക്കൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിർമാണച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ, ടിക്കറ്റ് നിരക്ക് പഴയതുപോലെ തുടരുന്നത് താങ്ങാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ അവകാശങ്ങൾ വിറ്റഴിച്ചാണ് പല നിർമാതാക്കളും നിലവിൽ പിടിച്ചുനിൽക്കുന്നത്. അതിനാൽ, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

