
വനംവകുപ്പ് ഓഫീസറായി വിദ്യ ബാലൻ; ഒടിടി റിലീസിനൊരുങ്ങി 'ഷെർണി'
text_fieldsദേശീയ ശ്രദ്ധ നേടിയ ന്യൂട്ടൺ എന്ന ചിത്രത്തിന് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന 'ഷെർണി'യുടെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തുവിട്ടു. വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ മാസത്തിലാണ് റിലീസ് ചെയ്യുന്നത്. റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് വിദ്യാ ബാലൻ ചിത്രത്തിൽ എത്തുന്നത്. ടി സീരീസും അബുണ്ടാൻറിയ എൻറർടൈൻമെൻറ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ശരദ് സക്സേന, നീരജ് കാബി, വിജയ് റാസ്, ഇള അരുൺ എന്നിവരും അഭിനയിക്കുന്നുണ്ട്.
തീർത്തും സവിശേഷമായ കഥയാണ് ഷെർണിയിലേത്, അമിത്തിെൻറ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്, അബുണ്ടാൻറായ എൻറർടൈൻമെൻറ് സ്ഥാപകൻ വിക്രം മൽഹോത്ര പത്രക്കുറിപ്പിൽ പറഞ്ഞു.
