'മകൻ വിഹാൻ ജനിച്ച ശേഷം എന്‍റെ ഫോൺ നഷ്ടപ്പെട്ടു പോകുന്നതോർത്ത് എനിക്ക് പേടിയുണ്ട്' -വിക്കി കൗശൽ
text_fieldsകത്രീന കൈഫും വിക്കി കൗശലും
ബോളിവുഡിന്‍റെ പ്രിയ താര ജോടികളായ വിക്കി കൗശലിനും കത്രീന കൈഫിനും ഈ അടുത്താണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് വിഹാൻ കൗശൽ എന്നാണ് ഇരുവരും പേര് നൽകിയത്. തന്‍റെ കുഞ്ഞു പിറന്ന ശേഷം വീട്ടിൽ നിന്നും മാറി നിൽക്കാൻ ഒട്ടും തോന്നാറില്ലെന്നും എപ്പോഴും അവന്‍റെ കൂടെ ഇരിക്കാനാണ് തനിക്കിഷ്ടമെന്നും വിക്കി പറഞ്ഞിരുന്നു. ഒരു അച്ഛനാകുക എന്നതിന്റെ അർത്ഥം എന്താണെന്ന് താൻ ഇപ്പോഴും മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അതൊരു അനുഗ്രഹവും മാന്ത്രിക അനുഭവവുമാണെന്നും ജസ്റ്റ് ടൂ ഫിലിമിയുമായുള്ള അഭിമുഖത്തിനിടെ വിക്കി പറഞ്ഞു.
'എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത്, അത് ഏറ്റവും മാന്ത്രികമായ ഒരു വികാരമാണ് എന്നാണ്. എനിക്കത് വാക്കുകളിൽ വിവരിക്കാൻ കഴിയുന്നില്ല. ഒരു അച്ഛനാകുക എന്നത് ജീവിതത്തിലെതന്നെ മനോഹരമായ ഒരു അനുഭവമാണ്, അത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. ഒരുപാട് വികാരങ്ങൾ കൂടികലർന്ന ഒരു വൈകാരിക മുഹൂർത്തം. അത്ര മനോഹരമായ ഒരു അനുഭവമാണത്' വിക്കി പറഞ്ഞു.
'സമയം പെട്ടെന്ന് വിലമതിക്കാനാവാത്തതായി മാറിയതുപോലെ തോന്നുന്നു. നിങ്ങളുടെ ജീവിതത്തിലെ പല പ്രിയോരിറ്റീസും മാറുന്നു. ആദ്യമായാണ് എന്റെ ഫോൺ നഷ്ടപ്പെടുന്നതോർത്ത് ഞാൻ ഭയപ്പെടുന്നത്. മുമ്പ് ഞാൻ അതിനെക്കുറിച്ച് ഒരിക്കലും വിഷമിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ എന്റെ കുഞ്ഞിന്റെ ധാരാളം ചിത്രങ്ങളും വിഡിയോകളും എന്റെ പക്കലുണ്ട്. അത് നഷ്ടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ കുട്ടിയോടൊപ്പമുള്ള ആ സമയം നിങ്ങൾ അത്രമാത്രം ആഗ്രഹിക്കുന്നതാവാം. അത് വളരെ വിലപ്പെട്ടതാണ്. അത് ശരിക്കും എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്' -അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ പ്രകാശകിരണം' എന്നാണ് വിഹാനെ ദമ്പതികൾ വിശേഷിപ്പിച്ചത്. ഇരുവരും ചേർത്ത് പിടിച്ച വിഹാന്‍റെ കുഞ്ഞു കൈയുടെ ചിത്രം ദമ്പതികൾ പങ്കുവെച്ചിട്ടുണ്ട്. 'പ്രാർഥനകൾ സഫലമായി. ജീവിതം സുന്ദരമാണ്. ഞങ്ങളുടെ ലോകം ഒരു നിമിഷം കൊണ്ട് മാറി. വാക്കുകൾക്കതീതമായ നന്ദി'- ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായെത്തിയത്.
2019-ൽ പുറത്തിറങ്ങിയ ഉറി: ദി സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ വിക്കി കൗശലിന്‍റെ കഥാപാത്രത്തിന്‍റെ പേര് വിഹാൻ എന്നായിരുന്നു. ഇതും ആരാധകർക്കിടയിൽ ചർച്ചയായി. കത്രീനയും വിക്കിയും 2021ലാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു അത്. രാജസ്ഥാനിലെ ഉദയ്പൂർ ആയിരുന്നു വിവാഹ വേദി. വിവാഹ ശേഷവും ഇരുവരും അഭിനയത്തിൽ സജീവമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് കത്രീന ഗർഭിണിയാണെന്ന സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

