ബോളിവുഡ് നിർമാതാവും സെൻസർ ബോർഡ് മുൻ ചെയർമാനുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നിർമാതാവും സി.ബി.എഫ്.സി (കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡ്) മുൻ ചെയർമാനുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു. 76 വയസ്സായിരുന്നു. വ്യാഴാഴ്ച മുംബൈയിലെ സ്വവസതിയിൽ രാവിലെ 9.30നായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് കുടുംബം അറിയിച്ചു. വൈകിട്ട് മൂന്നുമണിക്ക് മുംബൈയിലെ സാന്താക്രൂസിലാണ് സംസ്കാര ചടങ്ങുകൾ.
ഹിന്ദി ചലചിത്രലോകത്ത് നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിലൂടെ ശ്രദ്ധേയനായ പഹ്‌ലജ് നിഹലാനി നിരവധി വിജയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. സംവിധായകൻ ഡേവിഡ് ധവാനും നടൻ ഗോവിന്ദയുമായുള്ള പഹ്‍ലജ് നിഹലാനിയുടെ കൂട്ടുകെട്ട് ബോളിവുഡിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൽസാം, ഷോല ഔർ ശബ്നം, ആംഖേൻ, അന്ദാസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു.
1980ൽ പുറത്തിറങ്ങിയ ഹാത്കാഡി എന്ന ചിത്രത്തിലൂടെയാണ് പഹ്‌ലജ് നിഹലാനി നിർമാണ രംഗത്തേക്ക് കടന്നുവന്നത്. 1990കളിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായ ‘ആംഖേൻ’ പഹ്‌ലജ് നിഹലാനിയെ ബോളിവുഡിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാക്കി മാറ്റി.
സിനിമാ നിർമാണത്തിനപ്പുറം സെൻസർ ബോർഡ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. 2015 ജനുവരിയിലാണ് അദ്ദേഹത്തെ സി.ബി.എഫ്.സി ചെയർമാനായി നിയമിച്ചത്. ഒട്ടേറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സി.ബി.എഫ്.സി ഭരണകാലം. സിനിമാ സർട്ടിഫിക്കേഷനും സെൻസർഷിപ്പുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളുടെ കേന്ദ്രബിന്ദുവായി അദ്ദേഹം മാറി. ജെയിംസ്ബോണ്ട് ചിത്രമായ സ്പെക്ടർ, ബോളിവുഡ് ചിത്രമായ ഉഡ്താ പഞ്ചാബ്, ജബ് ഹാരി മെറ്റ് സേജൽ തുടങ്ങിയ ചിത്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സെൻസർഷിപ്പും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. 2017ൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

