36 വർഷം മുമ്പ് ജനുവരിയിലും 'വെള്ളം' റിലീസ് ചെയ്തു; എം.ടിയുടെ രചനയിൽ, ഹരിഹരന്‍റെ സംവിധാനത്തിൽ- നിർമിച്ചത് നടൻ ദേവൻ
text_fieldsകോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്റർ തുറക്കുേമ്പാൾ ആദ്യ മലയാള സിനിമയായി ജയസൂര്യ ചിത്രം 'വെള്ളം'ജനുവരി 22ന് റിലീസ് ചെയ്യാനിരിക്കേ, 36 വർഷം മുമ്പ് ജനുവരിയിൽ തീയറ്ററുകളിലെത്തിയ 'വെള്ളം' എന്ന സിനിമ ഓർത്തെടുക്കുകയാണ് ചലച്ചിത്രപ്രേമികൾ.
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത 'വെള്ളം' അന്നത്തെ ബിഗ് ബജറ്റ് സിനിമയായിരുന്നു. നിർമിച്ചത് നടൻ ദേവനും. 1982ൽ നിർമിച്ച ഈ സിനിമ ചില സാമ്പത്തിക പ്രതിസന്ധികൾ മൂലം 1985 ജനുവരി 11നാണ് റിലീസ് ചെയ്തത്. നസീർ, മധു, സത്താർ, സുകുമാരൻ, ബാലൻ കെ. നായർ, അടൂർ ഭാസി, ബഹദൂർ, ജി.കെ. പിള്ള, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ.ആർ. വിജയ, ശ്രീവിദ്യ, മേനക, സുകുമാരി തുടങ്ങിയ താരങ്ങൾ അണിനിരന്ന സിനിമ പക്ഷേ, തീയറ്ററിൽ പരാജയമായിരുന്നു.
എൻ.എൻ. പിഷാരടിയുടെ പ്രസിദ്ധമായ നോവൽ ആധാരമാക്കിയാണ് എം.ടി ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചത്. അന്നത്തെ കാലത്ത് സാങ്കേതികമായി ഏറെ മികവ് പുലർത്തിയിരുന്ന സിനിമയായിരുന്നു ഇത്. ചിത്രത്തിന്‍റെ ക്ലൈമാക്സിലെ പ്രളയരംഗങ്ങൾ ചെന്നൈയിൽ സെറ്റ് ഒരുക്കിയാണ് ചിത്രീകരിച്ചത്. കടുത്ത ജലക്ഷാമം ഉള്ള ചെന്നൈയിൽ ഇത്രയധികം വെള്ളം ഉപയോഗിച്ച് ചിത്രീകരണം നടത്തിയത് അന്ന് വലിയ വാർത്തയായിരുന്നു.
മധു, പ്രേംനസീർ എന്നിവരുടെ മത്സരാഭിനയം ആയിരുന്നു സിനിമയുടെ ഹൈലൈറ്റ്. എം.ടിയുടെ മികച്ച സംഭാഷണങ്ങൾ ഇവരിലൂടെ കേട്ടതിന്‍റെ ഫീൽ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് അന്നത്തെ തലമുറയിലെ പലരും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു തലമുറയുടെ കഥയായതിനാൽ ചെറുപ്പമായും വൃദ്ധരായും ഇതിലെ ഓരോ അഭിനേതാക്കളും എത്തുന്നുണ്ട്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ മാസ്സ് ആയിരുന്നു മധുവിന്‍റെ വേഷം. പ്രായമുള്ള വേഷത്തിനായി പ്രേംനസീർ ശബ്ദമാറ്റം വരുത്തിയതും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുല്ലനേഴിയുടെ ഗാനങ്ങൾ, ദേവരാജൻ മാസ്റ്ററുടെ സംഗീതം, മെല്ലി ഇറാനിയുടെ ക്യാമറ, എം.എസ്. മണിയുടെ എഡിറ്റിങ്, എസ്. കൊന്നനാട്ടിന്‍റെ ആർട്ട് എന്നിവയും ഒന്നിനൊന്ന് മികച്ചതായി. സലിൽ ചൗധരിയുടെ പശ്ചാത്തല സംഗീതമായിരുന്നു മറ്റൊരു പ്രത്യേകത. ഇതിലെ ഒരു സീനിൽ വരുന്ന ട്യൂൺ പിന്നീട് അദ്ദേഹം 'ഈ ഗാനം മറക്കുമോ' എന്ന സിനിമയിലെ 'ഈ കൈകളിൽ' എന്ന ഗാനമാക്കി മാറ്റിയിട്ടുണ്ട്. വെള്ളം പൊങ്ങി വരുന്നതു പോലുള്ള ടൈറ്റിൽ ഉണ്ടാക്കിയ പി.എൻ. മേനോനും അന്ന് ഏറെ അഭിനന്ദനങ്ങൾ നേടി.
അമ്മയും മകളുമായി അഭിനയിച്ച കെ.ആർ. വിജയയുടെയും മേനകയുടെയും വേഷങ്ങൾ ആദ്യം ചെയ്തത് ഷീലയും സുമലതയും ആയിരുന്നു. ചിത്രീകരണത്തിനിടെ ഇരുവരെയും മാറ്റിയതും അന്ന് വാർത്തയായിരുന്നു. സിനിമയുടെ എച്ച്ഡി പ്രിന്റ് യൂട്യൂബിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

