
ബാല്യകാല സുഹൃത്തിനെ മിന്നുകെട്ടി വരുൺ ധവാൻ; വിവാഹ ചിത്രങ്ങൾ കാണാം
text_fieldsബോളിവുഡിലെ യുവ സൂപ്പർതാരം വരുൺ ധവാൻ വിവാഹിതനായി. ബാല്യകാല സുഹൃത്തും കാമുകിയുമായ നതാഷ ദലാലിനെയാണ് താരം മിന്നുചാർത്തിയത്. മുംബൈയിലെ അലിബാഗിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു സന്നിഹിതരായത്. പ്രശസ്ത സംവിധായകൻ ഡേവിഡ് ധവാെൻറ മകനാണ് വരുൺ ധവാൻ. അദ്ദേഹം സംവിധാനം ചെയ്ത കൂലി നമ്പർ വണ്ണിലാണ് വരുൺ ഏറ്റവും അവസാനം അഭിനയിച്ചതും.
മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നതാഷ ദലാൽ ലേബലിെൻറ ഉടമകൂടിയാണ് വരുണിെൻറ വധു. രാജേഷ് ദലാൽ, ഗൗരി ദലാൽ എന്നിവരാണ് മാതാപിതാക്കൾ. 2020 മെയ് മാസത്തിൽ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിനെ തുടർന്ന് നീട്ടുകയായിരുന്നു.
കരൺ ജോഹർ സംവിധാനം ചെയ്ത മൈ നെയിം ഇൗസ് ഖാൻ എന്ന ചിത്രത്തിൽ സഹ സംവിധായകനായിട്ടായിരുന്നു വരുണിെൻറ ബോളിവുഡ് അരങ്ങേറ്റം. പിന്നാലെ കരണ്‍ ജോഹര്‍ തന്നെ സംവിധാനം ചെയ്ത 'സ്റ്റുഡൻറ് ഓഫ് ദ ഇയര്‍' എന്ന സിനിമയിലൂടെ നടനായി തുടക്കം കുറിക്കുകയായിരുന്നു. ഹംപ്ടി ശർമ കി ദുൽഹനിയാ, ബദ്രിനാഥ് കി ദുൽഹനിയാ, ബദലാപുർ, ദിൽവാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ, ഒക്ടോബർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
