'വാരണാസി' ജപ്പാനിലും പ്രദർശനത്തിനെത്തും
text_fieldsഎസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘വാരണാസി’ ജപ്പാനിലും റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. മഹേഷ് ബാബു നായകനാകുന്ന ചിത്രം പുരാണങ്ങളെയും സയൻസ് ഫിക്ഷനെയും ആസ്പദമാക്കിയുള്ള ഒരു ഗ്ലോബൽ സാഹസിക ചിത്രമായാണ് ഒരുക്കുന്നത്. ചിത്രം 2027ലാണ് ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ആഗോള റിലീസിനൊപ്പം ജപ്പാനിലും ഒരേ സമയം പ്രദർനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
1,300 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. സിനിമയുടെ ഭൂരിഭാഗവും വാരണാസിയുടെ പശ്ചാത്തലത്തിലാണെങ്കിലും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 50 കോടി രൂപ ചെലവിൽ വാരണാസി നഗരത്തിന്റെ കൂറ്റൻ സെറ്റ് നിർമിച്ചാണ് ചിത്രീകരണം നടത്തുന്നത്.
ഐമാക്സ് ജപ്പാന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ചിത്രത്തിന്റെ ദൃശ്യങ്ങളും റിലീസ് വർഷത്തോടൊപ്പം പങ്കിട്ടതോടെയാണ് ജാപ്പനീസ് റിലീസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് തുടക്കമായത്. നേരത്തെ രാജമൗലിയുടെ ആർ.ആർ.ആർ ചിത്രവും ജാപ്പനീസ് ബോക്സ് ഓഫിസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ ചിത്രങ്ങൾ വളരെ വൈകിയാണ് ജപ്പാനിൽ റിലീസ് ചെയ്യാൻ ആരംഭിച്ചിരുന്നെങ്കിലും തുടക്കം മികച്ചതായിരുന്നു.
രാജമൗലി ഇതിനകം തന്നെ ജപ്പാനിൽ ഒരു ബ്രാൻഡായി മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെലുങ്ക് താരങ്ങൾക്ക് ജപ്പാനിൽ വലിയൊരു ആരാധകവൃന്ദങ്ങൾ തന്നെ ഉണ്ട്. നേരത്തെ, ജൂനിയർ എൻ.ടിആറും രാം ചരണും ജപ്പാനിൽ ആർ.ആർ.ആറിന്‍റെ വിജയം ആഘോഷിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘ദേവര’യുടെ പ്രചാരണത്തിനും ആരാധകരുമായി സംവദിക്കാനുമായി ജൂനിയർ എൻ.ടി.ആർ ജപ്പാൻ സന്ദർശിച്ചിരുന്നു. പ്രഭാസ് നായകനാകുന്ന ‘ദി രാജാ സാബ്’ എന്ന സിനിമയും ജാപ്പനീസ് ഭാഷയിൽ പുറത്തിറക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

