ഇന്റീരിയർ ഡിസൈൻ മുതൽ ജിം വരെ; സിനിമ താരങ്ങളുടെ കോടികൾ വിലയുള്ള വാനിറ്റി വാനുകൾ
text_fieldsഷാരൂഖ് ഖാൻ, താരത്തിന്‍റെ വാനിറ്റി വാനിന്‍റെ ഉൾവശം
ബോളിവുഡ് താരം ദീപിക പദ്കോണിന്‍റെ എട്ടു മണിക്കൂർ ജോലി സമയം എന്ന ആവശ്യം വിവാദമായപ്പോൾ ഏറെ ചർച്ചയായ കാര്യമാണ് സിനിമ താരങ്ങളുടെ സെറ്റിലെ ആവശ്യകതകളും സൗകര്യങ്ങളും. പല പ്രമുഖ താരങ്ങൾക്കും സ്വന്തമായി കാരവൻ ഉണ്ടെന്നുള്ളത് പൊതുവെ എല്ലാവർക്കും അറിയുന്ന കാര്യമായിരിക്കും. കോടികൾ വിലമതിക്കുന്ന ഏറ്റവും ആഢംബരപൂർവമായ വാനിറ്റി വാനുകളിൽ ഷൂട്ടിങിന് എത്തുന്ന പല താരങ്ങളും ഇന്ന് ഇന്‍റസ്ട്രിയിൽ ഉണ്ട്.
ചില സെലിബ്രിറ്റികൾ അവരുടെ വാനുകളും ഇഷ്ടാനുസരണം ഇന്റീരിയർ ഡിസൈനർമാരെകൊണ്ട് രൂപകൽപ്പന ചെയ്യാറുണ്ട്. അടുത്തിടെ പുറത്തുവന്ന അത്തരമൊരു വാനാണ് ദീപിക പദുക്കോണിന്‍റേത്. പ്രശസ്ത ഇന്റീരിയർ ഡിസൈനർ വിനിത ചൈതന്യയാണ് മുംബൈയിലെ ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിലെ ദീപികയുടെ 100 കോടിയുടെ ക്വാഡ്രപ്ലെക്സ് അപ്പാർട്ട്മെന്റ് രൂപകൽപ്പന ചെയ്തത്. ദീപികക്ക് വേണ്ടി ഒന്നിലധികം വീടുകൾ മാത്രമല്ല രണ്ട് വാനിറ്റി വാനുകളും താൻ ഡിസൈൻ ചെയ്തിട്ടുണ്ടെന്ന് വിനിത വെളിപ്പെടുത്തിയിരുന്നു.
'ഞാൻ അവരുടെ വീടുകൾ പലതവണ ഡിസൈൻ ചെയ്തിട്ടുണ്ട്. ബ്യൂമോണ്ടെയിലെ ആദ്യത്തെ അപ്പാർട്ട്മെന്റ് മുതൽ അവരുടെ ഓഫിസ് വരെ എല്ലാം ഞാൻ തന്നെയാണ് പൂർത്തിയാക്കിയത്. പിന്നീട് അവരുടെ രണ്ട് വാനുകളും. അവർ അത് ശരിക്കും ആഗ്രഹിച്ചപോലെ ലഭിച്ചു. ഒരു പ്രത്യേക രീതിയിലാണ് ദീപിക അതിന്‍റെ ഘടന ആഗ്രഹിച്ചത്. എനിക്ക് അത് വളരെ രസകരമായിതോന്നി. ടെക്നീഷ്യൻമാരോടൊപ്പം വാനിന്റെ പണി ചെയ്യാൻ എനിക്ക് പോകേണ്ടി വന്നിരുന്നില്ല. പക്ഷേ അഭിനേതാക്കൾ അവരുടെ വാനുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നറിയാൻ എനിക്ക് ഒരു കൗതുകമുണ്ടായിരുന്നു' -വിനിത പറഞ്ഞു.
'ഒരു വലിയ വാനും ഒരു ചെറിയ വാനുമാണ് അവർക്കുള്ളത്. ചെറുത് അടുത്ത യാത്രകൾക്കുള്ളതാണ്. വലുത് വലിയ സ്റ്റുഡിയോ സെറ്റുകളിൽ ഉപയോഗിക്കുന്നു' വിനിത കൂട്ടിച്ചേർത്തു. ദീപിക പദുക്കോണിനൊപ്പം ചിത്രീകരണം നടത്തുമ്പോൾ ഷാരൂഖ് ഖാന്റെ വാനിറ്റി വാനിൽ കയറിയ അനുഭവവും ഡിസൈനർ പങ്കുവെച്ചു.
ഷാരൂഖിന്റെ വാനും അദ്ദേഹത്തിന്‍റെ ഇഷ്ടാനുസരണം ആവശ്യകതകൾ എല്ലാംതന്നെ ഉൾക്കൊള്ളിച്ച് രൂപകൽപ്പന ചെയ്തതായിരുന്നു. വിശ്രമത്തിനും വ്യായാമത്തിനുമുൽപ്പെടെയുള്ള സൗകര്യങ്ങൾ അതിലുണ്ട്. 'അദ്ദേഹത്തിന്റെ വാൻ അതിശയകരമായിരുന്നു. അതിനുള്ളിൽ ഒരു ചെറിയ ജിം വരെ ഉണ്ടായിരുന്നു' -അവർ പറഞ്ഞു.
കഴിഞ്ഞ വർഷം മകൾ ജനിച്ച ശേഷം ദീപിക പദുക്കോൺ എട്ട് മണിക്കൂർ ജോലി സമയം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് താരത്തിന് വലിയ വിമർശനം നേരിടുന്നതിന് കാരണമായി. ജോലി സമയവും സെറ്റിലെ സാഹചര്യങ്ങളും സംബന്ധിച്ച നിബന്ധനകളുടെ പേരിൽ ദീപിക രണ്ട് സിനിമകളിൽ നിന്നാണ് പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

