'നമ്മുടെ അറിവ് പരിമിതമാണ്, നമുക്കറിയാത്തത് അനന്തവും; ഞെട്ടിക്കാന്‍ പ്രൊഫ.അമ്പിളിയും കൂട്ടരും! 'വല' ഫസ്റ്റ് ഗ്ലിംസ്
text_fieldsഅഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ പ്രൊഫ.അമ്പിളിയായി എത്തുന്ന 'വല' ഫസ്റ്റ് ഗ്ലിംസ് പുറത്ത്. 'ഗഗനചാരി'ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വിഡിയോ നൽകുന്ന സൂചനകൾ.
'നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും. അറിവിന്‍റെ കാര്യത്തിൽ ഇന്ന് നാം നിൽക്കുന്നത് ഒരു ചെറുദ്വീപിലാണ്. അതിനുചുറ്റും അനന്തമായ ഒരു സമുദ്രമുണ്ട്. ഇനി വരുന്ന ഓരോ തലമുറയുടേയും കടമ ഈ ദ്വീപിലേക്ക് കൂടുതൽ കരയെ ചേർക്കുകയും അതുവഴി നമ്മുടെ അറിവിനെ അതിന്‍റെ പൂർണതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതുമാണ്' എന്ന പ്രൊഫ. അമ്പിളിയുടെ ഡയലോഗുമായാണ് വിഡിയോ ആരംഭിക്കുന്നത്.
ജഗതിയുടെ 73-ാം പിറന്നാള്‍ ദിനത്തിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വിഡിയോയിൽ അദ്ദേഹത്തെ കാണിച്ചിരിക്കുന്നത്.
പ്രൊഫസർ അമ്പിളി അഥവാ അങ്കിള്‍ ലൂണാർ ആയി ജഗതി ശ്രീകുമാർ എത്തുമ്പോള്‍ താരയായി അനാർക്കലിയെത്തുന്നു. കലിസ്റ്റോ, വിശാൽ കുര്യൻ, പുറമ്പോക്ക് പ്ലൂട്ടോ, റെനോ തുടങ്ങിയ വ്യത്യസ്തമായ പേരുകളാണ് കഥാപാത്രങ്ങള്‍ക്കുള്ളത്. ബേസിൽ ജോസഫും, വിനീത് ശ്രീനിവാസനും ഗ്ലിംസ് വിഡിയോയിലുണ്ട്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം 'ഗഗനചാരി'യിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേശ്‍ കുമാര്‍, ജോണ്‍ കൈപ്പള്ളില എന്നിവരും വലയില്‍ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ലോകത്തെ തന്‍റെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞന്‍റെ റോളിലാണ് വിഡിയോയിൽ ജഗതി ശ്രീകുമാറിനെ കാണിച്ചിരിക്കുന്നത്. 'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്‍റെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്‍ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളും 'വല'യിലെ ആകർഷണീയതയാണ്. അടുത്തിടെ സിനിമയുടെ അനൗൺസ്മെന്‍റ് വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്.
മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയന്‍സ് ഫിക്ഷന്‍ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനില്‍ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ വളരെ വിരളമായേ സോംബികള്‍ സ്‌ക്രീനില്‍ എത്തിയിട്ടുള്ളു.
മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ വല വരാന്‍ ഒരുങ്ങുന്നത്. 'ഗഗനചാരി'യുടെ തുടര്‍ച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് ചർച്ചകള്‍ക്ക് അവസരമൊരുക്കുന്നതാണ് ഗ്ലിംസ് വിഡിയോ. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ടർട്ടിൽ വൈൻ പ്രൊഡക്ഷൻസ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സഹനിർമാണം ലെറ്റേഴ്‌സ് എന്‍റർടെയ്ൻമെന്‍റ്സാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

