ഹരീഷ് കണാരൻ നായകനായ ‘ഉല്ലാസപ്പൂത്തിരികൾ’ പ്രദർശനത്തിന്
text_fieldsകോഴിക്കോടൻ ഭാഷയും ശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകന്‍റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന ‘ഉല്ലാസപ്പൂത്തിരികൾ’ മേയിൽ പ്രദർശനത്തിനെത്തുന്നു. ഹരീഷ് കണാരന്‍റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായ ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
നവാഗതനായ ബിജോയ് ജോസഫാണ് സംവിധാനം നിർവഹിച്ചത്. ജെമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്.
തികച്ചും ഗ്രാമീണാന്തരീക്ഷത്തിലൂടെ സർക്കാർ ജീവനക്കാരന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ജോജു ജോർജ്, സൗബിൻ ഷാഹിർ, അജു വർഗീസ്, സലിംകുമാർ, ജോണി ആന്‍റണി, ഇടവേള ബാബു, നിർമ്മൽ പാലാഴി, സരയൂ, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഹരിനാരായണന്‍റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു. മനോജ്പിള്ളയാണ് ഛായാഗ്രാഹകൻ.
കഥ - ബിജോയ് ജോസഫ്, തിരക്കഥ, സംഭാഷണം - പോൾ വർഗീസ്, എഡിറ്റിങ് - നൗഫൽ അബ്ദുല്ല, കലാസംവിധാനം - ത്യാഗു തവനൂർ, കോസ്റ്റ്യൂം ഡിസൈൻ - ലിജി പ്രേമൻ, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - അഭിലാഷ് അർജുൻ, പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, പി.ആർ.ഒ - വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

